DCBOOKS
Malayalam News Literature Website

20-ാമത് ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണവും 44-ാമത് വാര്‍ഷികാഘോഷവും ഒക്ടോബര്‍ 30ന്

ഡി.സി ബുക്‌സിന്റെ 44-ാ-മത് വാര്‍ഷികാഘോഷവും 20-ാമത് ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണവും ഇന്ന് നടക്കുന്നു. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വൈകിട്ട് 5.30ന് ആരംഭിക്കുന്ന പരിപാടികള്‍ മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രനടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമനാണ് ചടങ്ങില്‍ അധ്യക്ഷത വഹിക്കുക. തുടര്‍ന്ന് 20-ാമത് ഡി.സി കിഴക്കെമുറി സ്മാരക പ്രഭാഷണം ഡോ. ജെ. ദേവിക നിര്‍വ്വഹിക്കും. ‘ദുരന്താനന്തരകാലവും ചിന്തയുടെ അടിസ്ഥാന പ്രമാണങ്ങളും 2018ഓഗസ്റ്റിലെ കേരളത്തില്‍നിന്ന് ചിന്തിക്കുമ്പോള്‍’ എന്ന വിഷയത്തിലാണ് ഡോ. ജെ.ദേവിക പ്രഭാഷണം നടത്തുന്നത്.

കൂടാതെ എം.മുകുന്ദന്‍ രചിച്ച മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന്റെ അമ്പതാം പതിപ്പിന്റെ പ്രകാശനവും ഡി.സി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ ഏറ്റവും പുതിയ കൃതികളുടെ പുസ്‌തക പ്രകാശനങ്ങളും വേദിയില്‍ വെച്ച് നടക്കുന്നതാണ്. അരുന്ധതി റോയ് രചിച്ച ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ് എന്ന കൃതിയുടെ മലയാളം വിവര്‍ത്തനമായ അത്യാനനന്ദത്തിന്റെ ദൈവവൃത്തി, ആനന്ദിന്റെ ഇരിപ്പ് നില്‍പ്പ് എഴുന്നേല്‍പ്പ്, ടി.എം കൃഷ്ണയുടെ പുറമ്പോക്ക് പാടല്‍, പ്രശസ്ത ചലച്ചിത്രനടന്‍ പ്രകാശ് രാജിന്റെ നമ്മെ വിഴുങ്ങുന്ന മൗനം, സാറാ ജോസഫിന്റെ എന്റെ കഥയും ജീവിതവും, സേതുവിന്റെ കിളിക്കൂട്, ടി.പി രാജീവന്റെ ക്രിയാശേഷം, ബെന്യാമിന്റെ പോസ്റ്റുമാന്‍, സിസ്റ്റര്‍ ജെസ്മിയുടെ വീണ്ടും ആമേന്‍, ദീപാനിശാന്തിന്റെ ഒറ്റമരപ്പെയ്ത്ത്, സംഗീത ശ്രീനിവാസന്റെ ശലഭം പൂക്കള്‍ എയ്‌റോപ്ലെയിന്‍, സുഭാഷ് ചന്ദ്രന്‍ എഡിറ്റ് ചെയ്ത മിനിക്കഥകള്‍ കവിതകള്‍ എന്നീ കൃതികളാണ് പ്രകാശിപ്പിക്കുക.

പിന്നീട് ഡി.സി നോവല്‍ പുരസ്‌കാര വിജയികളുടെ പേരുകള്‍ കഥാകൃത്ത് ബെന്യാമിന്‍ വേദിയില്‍ വെച്ച് പ്രഖാപിക്കും. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫ് പുരസ്‌കാരങ്ങള്‍ വിതരണം നടത്തും. കൂടാതെ ഒരുവട്ടം കൂടി ഷോര്‍ട്ട്ഫിലിം മത്സരവിജയികള്‍ക്കുള്ള പുരസ്‌കാര ദാനവും വേദിയില്‍ വെച്ച് നടക്കുന്നതാണ്. എഴുത്തുകാരായ സേതു, സിസ്റ്റര്‍ ജെസ്മി, ദീപാനിശാന്ത്, സംഗീത ശ്രീനിവാസന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കും.

പരിപാടികളുടെ തത്സമയ സംപ്രേക്ഷണം ഡി.സി ബുക്സിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ വൈകിട്ട് 5.30 മുതല്‍ വീക്ഷിക്കാവുന്നതാണ്.

Comments are closed.