DCBOOKS
Malayalam News Literature Website

ചൈനയില്‍നിന്ന് വിട്ടുപോകാന്‍ തിബറ്റുകാര്‍ ആഗ്രഹിക്കുന്നില്ല; ദലൈലാമ

ചൈനയില്‍നിന്ന് സ്വതന്ത്രമാകാന്‍ തിബറ്റുകാര്‍ ആഗ്രഹിക്കുന്നില്ലെന്ന് തിബറ്റന്‍ ആത്മീയനേതാവ് ദലൈലാമ. തിബറ്റില്‍ കൂടുതല്‍ വികസനമാണ് വേണ്ടതെന്നും ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി. ചില തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ചൈനയും തിബറ്റും തമ്മില്‍ നല്ല ബന്ധമാണുള്ളത്. ഭൂതകാലത്തെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ലെന്നും നമുക്കിനി ഭാവിയെക്കുറിച്ച് സംസാരിക്കാമെന്നും ദലൈലാമ പറഞ്ഞു.

തിബറ്റിന് വ്യത്യസ്തമായ പൈതൃകവും സംസ്‌കാരവുമാണുള്ളത്. ചൈന അത് മാനിക്കണം. ചൈനക്കാര്‍ അവരുടെ രാജ്യത്തെ സ്‌നേഹിക്കുന്നതുപോലെ തിബറ്റന്‍ ജനത തിബറ്റിനെയും സ്‌നേഹിക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷമായി ചൈനയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ചൈനീസ് ജനതയ്ക്ക് അറിയില്ല. ദിനംപ്രതി ചൈന മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.തിബറ്റന്‍ പീഠഭൂമിയുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും ദലൈലാമ സംസാരിച്ചു.

തിബറ്റന്‍ പീഠഭൂമിയുടെ സംരക്ഷണവും വികസനവും തിബറ്റുകാരുടെമാത്രം വികസനമല്ല. മറിച്ച് അത് കോടിക്കണക്കിനു ജനങ്ങളുടെ വികസനമാണെന്നും ദലൈലാമ അഭിപ്രായപ്പെട്ടു.

Comments are closed.