DCBOOKS
Malayalam News Literature Website

‘ദൈവദശകത്തിന്’ മോഹിനിയാട്ട ഭാഷ്യം ചമയ്ക്കുന്നു

ശ്രീനാരായണ ഗുരു രചിച്ച  ദൈവദശകം പ്രാര്‍ത്ഥനയുടെ ആഴവും മഹസും നൃത്തശില്പത്തിലൂടെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആയിരത്തി അഞ്ഞൂറ് നര്‍ത്തകിമാര്‍. ദൈവദശകത്തിന് മോഹിനിയാട്ട ഭാഷ്യം ഒരുക്കിയത് കേരള കലാമണ്ഡലം നൃത്തവിഭാഗം മുന്‍ മേധാവി കലാമണ്ഡലം ഹൈമവതിയാണ്. കലാമണ്ഡലം ധനുഷ ഡാനിയലിന്റെ നേതൃത്വത്തില്‍ നൃത്തപ്രതിഭകള്‍ വേദിയില്‍ ചുവട് വയ്ക്കും.

നൃത്തത്തിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി ദൈവദശകത്തിന്റെ അര്‍ത്ഥ വ്യാപ്തി ലോകത്തിന്റെ മുന്നില്‍ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. നന്മ വിളംബരം ചെയ്യുന്ന ദൈവദശകത്തെ വിശ്വ പ്രാര്‍ത്ഥനയായി സ്വീകരിക്കാന്‍ ഈ നൃത്തശില്പത്തിലൂടെ ലോകത്തോട് ഉദ്‌ഘോഷിക്കും. മോഹിനിയാട്ടത്തിന്റെ അഭിനയസാദ്ധ്യതകളും ആവിഷകാര സൗന്ദര്യവും നൃത്തഭാഷ്യത്തിന് ഇഴ പാകുമെന്നും ഹൈമാവതി പറയുന്നു.

ധനുഷ ഡാനിയേല്‍ ആണ് നര്‍ത്തകിമാരെ പരിശീലിപ്പിക്കുന്നത്. ഗുരുദേവന്റെയും ഗുരുക്കന്‍മാരുടെയും അനുഗ്രഹമാണ് ലഭിച്ചിരിക്കുന്നതെന്നും ഹൈമവതി ടീച്ചര്‍ ചിട്ടപ്പെടുത്തിയ ചുവടുകള്‍ 1500 നര്‍ത്തകിമാരിലേക്ക് പകരുകയെന്ന ദൗത്യം വലിയ ഉത്തരവാദിത്വം മാത്രമല്ല, ഏറെ അഭിമാനകരമാണെന്നും ധനുഷ പറഞ്ഞു. കലാമണ്ഡലം ലീലാമ്മയുടെ ശിഷ്യയാണ് ധനുഷ.മാദ്ധ്യമപ്രവര്‍ത്തകനായ ഗിരീഷ് ഉണ്ണിക്കൃഷ്ണന്റെ ആശയമാണ് നൃത്തഭാഷ്യത്തിന് വഴിവച്ചത്.

ഡിസംബറില്‍ ഇത് വേദിയിലെത്തിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്. മുദ്രകള്‍ വിശദമാക്കുന്ന വീഡിയോ അടക്കം അണിയറ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ചിട്ടയോടെയുളള പരിശീലനം അവസാനഘട്ടത്തിലാണ്.

Comments are closed.