DCBOOKS
Malayalam News Literature Website

കലാലയമുത്തശ്ശിക്ക് 200 വയസ്

cmsകേരളത്തിലെ ആദ്യത്തെ കോളേജ് 200 ന്റെ നിറവിൽ. കോട്ടയം പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സി.എം.എസ്. എന്ന കലാലയമുത്തശ്ശിക്ക് 200 വയസ് തികഞ്ഞു.1817-ൽ ലണ്ടനിലെ ചർച്ച് മിഷൻ സൊസൈറ്റി സ്ഥാപിച്ച ഈ കോളേജ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ കോളേജാണ്. കൽക്കത്താ പ്രസിഡൻസി കോളേജിനു മുമ്പ് 25 വിദ്യാർഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ കലാലയത്തിന്റെ ആദ്യത്തെ പ്രിൻസിപ്പൽ ബെഞ്ചമിൻ ബെയ്ലിയാണ്. അക്ഷര നഗരിയിൽ ബേക്കർ ജങ്ഷനു സമീപം ചാലുകുന്നിൽ സ്ഥിതി ചെയുന്ന ഈ കലാലയം ആരുടെയും മനസ്സിന് കുളര്‍മ്മയേകുന്ന ഒരനുഭവം തന്നെയാണ്.

കാറ്റാടിമരങ്ങളിലൂടെയും ഗുല്‍മോഹര്‍ മരങ്ങളിലൂടെയും ഒഴുകിയെത്തുന്ന നനുത്ത കാറ്റ് , വിശാലമായ ഹരിതഭംഗി തുളുമ്പി നിൽക്കുന്ന ക്യാമ്പസ് , ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഈ കലാലയമാണെന്ന് വിളിച്ചുപറയാന്‍ മടിയില്ലാത്ത വിദ്യാര്‍ത്ഥികള്‍, ഇതൊക്കെത്തന്നെയാണ് സി.എം.എസ് കോളേജ്. അതിന്റെ കാലപ്പഴക്കം തന്നെയാണ് സി എം എസ്സിനെ വ്യത്യസ്തമാക്കുന്നത്‌. ബ്രിട്ടീഷ് മിഷണറിമാരുടെ കരവിരുതിന്റെ അപൂര്‍വ്വ സൃഷ്ടികളില്‍ ഒന്നായ സി.എം.എസ്. കോളേജ് ഇന്നും മഹിമയോടെ തിളങ്ങിനില്‍ക്കുന്നു.

ഹരിതഭംഗിയാലും ഒട്ടനവധി അപൂര്‍വ്വ വൃക്ഷങ്ങളാലും ഔഷധസസ്യങ്ങളാലും സമൃദ്ധമാണ് സി.എം.എസ് േകാളേജിന്റെ ഓരോ ഭാഗവും. ക്യാമ്പസിലെ ഗോവളര്‍ത്തല്‍ സി.എം.എസിന്റെ മൃഗങ്ങളോടുള്ള സ്‌നേഹത്തെയും വാത്സല്യത്തെയും ചൂണ്ടിക്കാണിക്കുന്നു.

മനുഷ്യമനസ്സിനെ ആത്മീയതയിലേക്കും അച്ചടക്കത്തിലേക്കും നയിക്കുന്നതിന് വേണ്ടി വര്‍ഷങ്ങളോളം പഴക്കമുള്ള മാതൃകാപരമായ ദേവാലയം ഈ കോളേജിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നു. വിജ്ഞാനപ്രദമായ പുസ്തകങ്ങളുടെ വന്‍ശേഖരം തന്നെ കോളേജ് ലൈബ്രറിയിലുണ്ട്. അതുപോലെ തന്നെ പ്രണയത്തിന്റെ വഴികള്‍ തുറന്നുനല്‍കുന്ന Lovers path ഈ കോളേജിന്റെ മാത്രം പ്രത്യേകതയാണ്. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത സവിശേഷതകളാല്‍ സി.എം.എസ്.കോളേജ് മറ്റു ക്യാമ്പസുകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നു എന്നാണ് അസിസ്റ്റന്റ് പ്രൊഫസറായ ഡോ.സുമി മേരി തോമസ് പറയുന്നത്.

വിദ്യാഭ്യാസത്തിന് ജാതിയുടെ അതിര്‍വരമ്പുകള്‍ തീര്‍ത്ത കാലഘട്ടത്തില്‍, അറിവിന്റെ മഹാസാഗരം ഒരു ദേശത്തിന് മുന്നില്‍ തുറന്നിട്ട മഹത്തായ പാരമ്പര്യമുറങ്ങുന്ന ഈ കലാലയത്തിന്റെ പെരുമ ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതപ്പെട്ടിട്ടുണ്ട്. പ്രൊഫസര്‍ രഞ്ചു രാമചന്ദ്രന്‍ പറയുന്നു…… 19 ാം നൂറ്റാണ്ടില്‍ സവര്‍ണ്ണാധിപത്യത്തിനെതിരെ പോരാടാന്‍ സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെ വിദ്യാഭ്യാസത്തിലൂടെ കൈപിടിച്ചുയര്‍ത്തിയ സി.എം.എസ്. കോളേജ് , ഇന്ന് ദ്വിശതാബ്ദിയുടെ നിറവില്‍ കോട്ടയം നഗരത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്നു.

Comments are closed.