fbpx
DCBOOKS
Malayalam News Literature Website

ചങ്ങമ്പുഴ കൃഷ്ണപിള്ള; നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം

മലയാളത്തിന്റെ ഗന്ധര്‍വ്വഗായകനായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കാവ്യജീവിതത്തിന്റെ വികാരതരളമായ മുഹൂര്‍ത്തങ്ങളെ വിശകലനം ചെയ്തുകൊണ്ട് പ്രൊഫ. എം കെ സാനു തയ്യാറാക്കിയ പുസ്തകമാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള; നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം. ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന മലയാളത്തിലെ ഏക്കാലത്തെയും റൊമാന്റിക് കവിയെക്കുറിച്ച് അനവധി ജീവചരിത്രങ്ങളിലൂടെ മലയാളവായനക്കാര്‍ കടന്നുപോയിട്ടുണ്ടെങ്കിലും സാനുമാഷ് ഹൃദയ സ്പര്‍ശിയായ ഭാഷയില്‍ എഴുതിയ ‘ചങ്ങമ്പുഴ കൃഷ്ണപിള്ള : നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം’ മറ്റു ചരിത്രങ്ങളെയെല്ലാം ഏറെ പിന്നിലാക്കി നവ ചരിത്രമെഴുതുകയായിരുന്നു. കേവലം അന്ധമായ ആരാധന വച്ച് എഴുതപ്പെട്ട ജീവചരിത്രങ്ങള്‍ വായിച്ച് ശീലിച്ച മലയാളിക്ക് ജീവചരിത്രശാഖയെക്കുറിച്ച് പുതിയ ബോധോദയമുണ്ടാക്കിയത് സാനുമാഷാണ്.

1988ലാണ് ഈ പുസ്തകം പുറത്തിറങ്ങിയത്. ഭാഷയിലെ കാവ്യാത്മകമായ ലാളിത്യവും ഹൃദയത്തില്‍ തൊടുന്ന അവതരണവും ഈ ജീവചരിത്രത്തിന് അനേകായിരം ആരാധാകരെ ഇന്നും സൃഷ്ടിക്കുന്നു. മൊത്തം പത്തൊന്‍പത് അധ്യായങ്ങളാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സനേഹഭാജനം എന്ന പുസ്തകത്തിലുള്ളത്. വയലാര്‍ ട്രസ്റ്റ് അതിന്റെ ചരിത്രത്തില്‍ ഒരു ജീവചരിത്ര ഗ്രന്ഥത്തിന് നല്‍കിയ പുരസ്‌കാരം ചങ്ങമ്പുഴയുടെ ജീവചരിത്രത്തിനായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം പുസ്തകം മറിച്ചുനോക്കുമ്പോള്‍ സാനുമാഷ് ഈ കൃതി എഴുതാനുള്ള സാഹചര്യമാണ് ആദ്യം കണ്ണില്‍തട്ടുക.

പുസതകത്തിന് സാനുമാഷ് എഴുതിയ പ്രസ്താവനയിലേക്ക്…

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവചരിത്രം രചിക്കാനുള്ള പരിശ്രമം ഞാന്‍ തുടങ്ങിയിട്ടു കാലമേറെയായി. പലരെയും കണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. പലരുമായും അഭിമുഖസംഭാഷണം നടത്തി. കത്തുകളും രേഖകളുമായി കുറച്ചേറെ കാര്യങ്ങള്‍ സംഭരിക്കയും ചെയ്തു… കാലം ദ്രുതഗതിയില്‍ കടന്നുപോയതിനിടയ്ക്ക്, ഞാന്‍ ശേഖരിച്ചുവച്ച പലതും കൈയില്‍നിന്നു നഷ്ടപ്പെട്ടു. ആളുകള്‍—-ചങ്ങമ്പുഴയുടെ ബന്ധുക്കളും സ്‌നേഹിതരും—-നല്കിയ വിവരങ്ങളില്‍ പൊരുത്തമില്ലാത്ത പലതുമുണ്ടായിരുന്നു. പരസ്പരം നിഷേധിക്കുന്ന വസ്തുതകളുമുണ്ടായിരുന്നു. അവയ്‌ക്കെല്ലാം ഒരു ‘പാറ്റേണ്‍’ നല്കി ഞാന്‍ ക്രമീകരിച്ചിരുന്നു. അവയും കാലപ്രവാഹത്തില്‍ അപ്രത്യക്ഷമായി. എങ്കിലും, കൈയിലുള്ളതെല്ലാം ചേര്‍ത്ത് എന്റെ എളിയ മനസ്സിന് ആവുന്നരീതിയില്‍ ഒരു ജീവചരിത്രത്തിന് ഞാന്‍ രൂപം നല്കി—-അതാണ് ഈ പുസ്തകം. ശ്രീമതി ശ്രീദേവി ചങ്ങമ്പുഴ, സര്‍വ്വശ്രീ പോട്ടയില്‍ എന്‍.ജി. നായര്‍, ചങ്ങമ്പുഴ പ്രഭാകരന്‍, ശ്രീകുമാര്‍ മുതലായവരോട് ഞാന്‍ അത്യധികം കടപ്പെട്ടിരിക്കുന്നു. അവര്‍ നല്കിയ സഹകരണം വിലപ്പെട്ടതാണ്.

വസ്തുതാപരമായി ചില പാളിച്ചകള്‍ ഇതില്‍ വന്നുപോയിട്ടുണ്ടാകാമെന്ന് ഞാന്‍ ഭയപ്പെടുന്നു. എങ്കിലും, പലരോടും ചോദിച്ചും അന്വേഷിച്ചും സമ്പാദിച്ച വസ്തുതകളെ അടിസ്ഥാനമാക്കി മാത്രം പുസ്തകം രചിക്കാനാണ് ഞാന്‍ പരിശ്രമിച്ചിട്ടുള്ളത്. ആ പരിശ്രമത്തിലുള്ള ആത്മാര്‍ത്ഥതയോര്‍ത്തെങ്കിലും, എനിക്കു പറ്റിയിരിക്കാവുന്ന തെറ്റുകള്‍ ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു. സഞ്ജീവിക്ക് ചങ്ങമ്പുഴ അയച്ച കുറച്ചു കത്തുകള്‍ ശ്രീ സുകുമാരന്‍ പൊറ്റെക്കാട്ട് സ്‌നേഹപൂര്‍വ്വം എനിക്കു തന്നിരുന്നു. ചങ്ങമ്പുഴയോട് അങ്ങേയറ്റം ആത്മാര്‍ത്ഥതയും സ്‌നേഹവും പുലര്‍ത്തിയ ആ വിശിഷ്ടവ്യക്തിയുടെ കത്തുകളും കൈമോശം വന്നുപോയി. കുറ്റബോധത്തോടെ ആ വിവരം ഇവിടെ രേഖപ്പെടുത്തുകയല്ലാതെ മറ്റെന്തു നിവൃത്തി?
ഈ പുസ്തകം രചിക്കാന്‍ സഹായിച്ചവര്‍ പലരാണ്. അവരുടെ നേര്‍ക്ക് എനിക്ക് നിസ്സീമമായ കൃതജ്ഞതയുണ്ട്. ആരുടെയും പേരെടുത്തു പറഞ്ഞ് ആ കൃതജ്ഞതാബോധത്തെ മലിനീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

പലര്‍ക്കും രുചിക്കാത്ത പല കാര്യങ്ങളും ഇതിലെഴുതിപ്പോയിട്ടുണ്ട്. ക്ഷമിക്കൂ—-പരമ്പരാഗതസദാചാരബോധത്തിനപ്പുറം നിന്നുകൊണ്ടേ ഇതെഴുതാവൂ എന്ന ധാരണയാണ് എന്നില്‍ ആധിപത്യം ചെലുത്തിയത്. ബാഹ്യചേഷ്ടകളില്‍ മാത്രം ഒതുക്കിക്കാണുന്ന സദാചാരബോധം അത്ര ആരോഗ്യകരമാണെന്ന പക്ഷവും എനിക്കില്ലല്ലോ.

ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴും, പരിശുദ്ധമായ സ്‌നേഹത്തോടെ ഈ യത്‌നത്തില്‍ എന്നെ സഹായിച്ചവരെക്കുറിച്ചുള്ള ഓര്‍മ്മ തെളിഞ്ഞുവരുന്നു. അത് സൗരഭ്യമായി എന്റെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു.

Comments are closed.