DCBOOKS
Malayalam News Literature Website

പാചകം ചെയ്യുന്നിടത്തും സൂക്ഷിക്കുന്നിടത്തും എലികളും പാറ്റകളും : യാത്രക്കാർക്ക് മുന്നറിയിപ്പുമായി സിഎജി റിപ്പോർട്ട്

railway

ഇന്ത്യന്‍ റെയില്‍വേ വിതരണം ചെയ്യുന്ന ഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്ന് സിഎജി റിപ്പോര്‍ട്ട്. ട്രെയിനുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളിലാണ്. പല റെയില്‍വേ സ്റ്റേഷനുകളിലും ഒരുക്കിയിരിക്കുന്ന കുടിവെള്ളസൌകര്യം അപകടകരമായ മാലിന്യങ്ങള്‍ അടങ്ങിയതാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. ശരാശരിയിലും താഴ്ന്ന ഗുണനിലവാരത്തിലുള്ളതാണ് ട്രെയിനില്‍ വിതരണം ചെയ്യുന്ന ഭക്ഷണങ്ങള്‍. പാചക തൊഴിലാളികള്‍ കൈയ്യുറകളോ മറ്റ് സുരക്ഷിതമായ പാചകസാമഗ്രികളോ ഉപയോഗിക്കാന്‍ തയ്യാറാകുന്നില്ല.

ദുരന്തോ എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നിടത്തും ഭക്ഷണം സൂക്ഷിക്കുന്നിടത്തും എലികളെയും പാറ്റകളെയും കണ്ടെത്തയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷണം സൂക്ഷിച്ച് വെക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളിലാണ്. 22 ട്രെയിനുകളില്‍ ചായക്കും കാപ്പിക്കും ഉപയോഗിക്കുന്നത് മലിനജലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാറ്ററിങ് സര്‍വീസുകള്‍ നല്ലരീതിയിലല്ല നടക്കുന്നത്. കാറ്ററിങ് രംഗത്തെ കുത്തകവല്‍ക്കരണം ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാകുന്നതിന് തടസ്സം നില്‍ക്കുന്നതിലെ പ്രധാനകാരണമാണെന്നും സിഎജി കണ്ടെത്തിയിരിക്കുന്നു.

സ്റ്റേഷനുകളില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ഷോപ്പുകളില്‍ പോലും കാലാവധി കഴിഞ്ഞ കുടിവെള്ളവും പാക്കറ്റ് ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. ഭക്ഷണാവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നത് അശാസ്ത്രീയമായ രീതിയിലാണ്. 80 ശതമാനത്തോളം യാത്രക്കാര്‍ ഭക്ഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി. യാത്രക്കാരുടെ പരാതി ഗൌരവത്തില്‍ എടുക്കാത്തതും നടപടി സ്വീകരിക്കാത്തതുമാണ് ഇത് തുടര്‍ന്ന് പോകാന്‍ കാരണമെന്നും സിഎജി ചൂണ്ടിക്കാണിക്കുന്നു.

Comments are closed.