fbpx
DCBOOKS
Malayalam News Literature Website

‘ മറുമൊഴി പുതുവഴി’ എഴുത്തനുഭവം പ്രദീപ് പനങ്ങാട് വായനക്കാരുമായി പങ്കുവയ്ക്കുന്നു

കേരളപ്പിറവിക്കുശേഷം കഴിഞ്ഞ ആറു ദശാബ്ദങ്ങള്‍ക്കിടയില്‍ കേരളത്തിലങ്ങോളമിങ്ങോളം രൂപം കൊണ്ട ബദല്‍പ്രസ്ഥാനങ്ങളെ സമഗ്രമായി വിലയിരുത്തുന്ന പുസ്തകമാണ് പ്രദീപ് പനങ്ങാടിന്റെ  മറുമൊഴി പുതുവഴി; കേരളത്തിലെ ബദല്‍പ്രസ്ഥാനങ്ങള്‍.. കേരളത്തിന്റെ വിവിധ മേഖലകളില്‍ പുരോഗമനാത്മകവും സമകാലികവുമായ ആശയങ്ങളെ അവതരിപ്പിച്ച ലിറ്റിന്‍ മാഗസിന്‍, ഫിലിം സൊസൈറ്റി, ചിത്രകലാ പ്രസ്ഥാനം, പരിസ്ഥിതി പ്രസ്ഥാനം, വിദ്യാഭ്യാസ പ്രസ്ഥാനം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന പുസ്തകം രചിക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും, തന്റെ എഴുത്തനുഭവങ്ങളും വായനക്കാരുമായി പങ്കുവയ്ക്കുകയാണ്  പ്രദീപ് പനങ്ങാട് .

 പ്രദീപ് പനങ്ങാടിന്റെ കുറിപ്പിലേക്ക്…

‘ജീവിതപാതയിലെ വെളിച്ചം’

എഴുപതുകളുടെ അവസാനത്തോടെയാണ് കേരളീയ സാമൂഹിക ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ച് അറിഞ്ഞുവരുന്നത്. കൗമാരത്തിന്റെ കൗതുകങ്ങള്‍ യുവത്വത്തിന്റെ ഗൗരവഛായയിലേക്ക് സംക്രമിക്കുന്ന കാലമായിരുന്നു അത്. ജീവിതത്തിന്റെ വിശാല ആകാശത്ത് ചിന്തയുടെ നിരവധി നക്ഷത്രങ്ങള്‍ പൂത്തുതുടങ്ങുന്ന സന്ദര്‍ഭമായിരുന്നു അപ്പോള്‍. പരമ്പരാഗത സാഹിത്യ അഭിരുചികളെയും സാംസ്‌കാരിക പരിപ്രേക്ഷങ്ങളെയും സ്വീകരിക്കുമ്പോള്‍തന്നെ പുതിയ അന്വേഷണങ്ങള്‍ക്കായുള്ള ത്വര സിരകളില്‍ തുടങ്ങിയിരുന്നു എന്ന് ഇന്ന് തിരിച്ചറിയുന്നുണ്ടണ്ട്. കലാലയ ജീവിതം ആരംഭിക്കുമ്പോള്‍തന്നെ കല, സംസ്‌കാരം, രാഷ്ട്രീയം എന്നിവയില്‍ പുതിയ സഞ്ചാരത്തിന്റെ സാധ്യതകള്‍ തുറന്നിട്ടിരുന്നു. കലാലയജീവിതത്തിന്റെ ഭാഗമായി ലഭിച്ച സാഹിത്യ സഹവാസങ്ങള്‍, ക്യാമ്പുകള്‍. യാത്രകള്‍, സമരങ്ങള്‍, തുടങ്ങിയവയിലൂടെയാണ് നവകാലത്തിന്റെ മധ്യാഹ്നവെയില്‍ അനുഭവിച്ചത്.

ലിറ്റില്‍ മാഗസിനുകള്‍ വായിച്ചു തുടങ്ങുന്നത് എഴുപതുകളുടെ അവസാനം മുതലാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പും കലാകൗമുദിയും ആഘോഷമായി പുറത്തിറങ്ങിക്കൊണ്ടണ്ടിരുന്ന കാലത്താണ് രൂപംകൊണ്ടണ്ട് അനാകര്‍ഷകമായ ചെറുമാസികകള്‍ താത്പര്യം ഉണര്‍ത്തുന്നത്. പ്രേരണയും രചനയും സംക്രമണവുമൊക്കെ വായനയിലെ അപ്രതീക്ഷിത അനുഭവങ്ങളായി മാറി. വഴിതെറ്റി എത്തിയ ആ മാസികകളാണ് കലയുടെയും സംസ്‌കാരത്തിന്റെയും അപരിചിത തനതുകളിലേക്ക് നയിച്ചത്. റിബലാകാനും, ബദലാകാനും പ്രേരിപ്പിച്ചത് ഈ വഴിതെറ്റിയ വായനകളാണ്. കലാലയത്തിലെ മുഖ്യധാരാ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍നിന്ന് മാറി നടക്കുകയും, സന്ദിഗ്ധതകളും ആകുലതകളും നിറഞ്ഞ ലോകത്തേക്ക് പടിയിറങ്ങുകയും ചെയ്തു. ജീവിതത്തിലും കലയിലും കലാപംചെയ്യാനുള്ള ആഹ്വാനം നോട്ട്ബുക്കില്‍ കുറിച്ചിട്ട് ആത്മസാക്ഷാത്കാരം നേടിയിരുന്നു. കവിത എഴുതാനും ചിത്രകല അറിയാനും പ്രേരിപ്പിച്ചത് ബദല്‍ മാസികകളായിരുന്നു. സച്ചിദാനന്ദന്റെയും സിവിക് ചന്ദ്രന്റെയുമൊക്കെ കവിതകള്‍ വായിച്ച്, അക്ഷര വിന്യാസങ്ങള്‍ നടത്തിയത് ഓര്‍ക്കുന്നു. ലോകോത്തരചലച്ചിത്രങ്ങള്‍ ആദ്യം വായിച്ചാണ് ആസ്വദിച്ചത്. പിന്നീടാണ് ചലച്ചിത്രങ്ങള്‍ കണ്ടണ്ടത്. കെ.എസ്. പണിക്കരുടെയും,കാനായി കുഞ്ഞിരാമനെയും പാരീസ് വിശ്വനാഥനെയും എ.സി.കെ. രാധയെയും കണ്ടണ്ടത് ഇത്തരം ചെറുമാസികകളുടെ താളുകളിലൂടെയായിരുന്നു; അല്ലാതെ ഗ്യാലറികളിലൂടെ അല്ലായിരുന്നു.

‘ലിറ്റില്‍ മാഗസിന്‍ ഒരു സാംസ്‌കാരികബദല്‍’ എന്ന ലേഖനം എഴുതിയത് ഇത്തരം അനുഭവങ്ങളുടെ ഊര്‍ജ്ജത്തില്‍ നിന്നാണ്. കലാലയകാലംമുതല്‍ ശേഖരിച്ചുവച്ച ചെറുമാസികകള്‍പിന്നീട് കണ്ടെണ്ടടുത്ത മാസികകളും ചേര്‍ത്തുവച്ചാണ് ആ ലേഖനം പൂര്‍ത്തിയാക്കിയത്. പിന്നീട് ജീവിതപ്പാതയിലേക്കുള്ള പിന്‍മടക്കംകൂടിയായിരുന്നു അത്. വ്യക്തിപരമായ അനുഭവം എന്നതിനപ്പുറം ഒന്നോ രണ്ടേണ്ടാ തലമുറയുടെ ജീവചരിത്രത്തിലെ സുവര്‍ണ ആശയങ്ങള്‍ കണ്ടെണ്ടത്താനുള്ള ശ്രമങ്ങള്‍കൂടിയായിരുന്നു ആ ലേഖനം. നാടകം വളരെ ഗൗരവമുള്ള ഒരു കലയാണെന്നും വായനശാല അരങ്ങിനപ്പുറത്ത് അതിന് ഒരു ജീവിതമുണ്ടെണ്ടന്നും തിരിച്ചറിയുന്നതും കലാലയകാലത്താണ്. സത്യത്തില്‍ കാവാലത്തിന്റെ ദൈവത്താറും അവനവന്‍ കടമ്പയും ആദ്യം വായിച്ചാസ്വദിക്കുകയാണ് ചെയ്തത്. അതിനിടയിലാണ് മാവേലിക്കര രവിവര്‍മ്മ സ്‌കൂളിന്റെ അങ്കണത്തില്‍ അരങ്ങേറിയ കറുത്ത ദൈവത്തെത്തേടി കാണുന്നത്. എണ്‍പതുകളുടെ ആദ്യമാണത്. നാടകകൃത്ത് ജി. ശങ്കരപ്പിള്ളയും സംവിധായകന്‍ എസ്. രാമാനുജവും അവിടെ ഉണ്ടണ്ടായിരുന്നു.കേരളത്തിലെ ആധുനിക നാടകവേദിയുടെ വലിയ സാക്ഷാത്കാരങ്ങളിലൊന്നായിരുന്നു ആ അവതരണം. നാടകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ധാരണകളും മാറ്റിമറിച്ചത് ആ നാടകാവതരണത്തിന്റെ അനുഭവമായിരുന്നു. പിന്നീടാണ് കാവാലത്തിന്റെയും നരേന്ദ്രപ്രസാദിന്റെയുമൊക്കെനാടകാവതരണങ്ങള്‍ കണ്ടണ്ടത്. ഇതിനിടെ അരങ്ങ് 1968 എന്ന ഗ്രന്ഥം ലഭിച്ചു. കേരളത്തില്‍ ആദ്യമായി സംഘടിപ്പിക്കപ്പെട്ട നാടകക്കളരിയുടെ(1967) ബാക്കിപത്രമായിരുന്നു അത്. നാടകക്കളരിയുടെ പിന്നിലെ ആശയവും കാഴ്ചപ്പാടുകളും മനസ്സിലാക്കിയത് ആ ഗ്രന്ഥത്തിലൂടെയാണ്. അതിലൂടെ നാടകക്കളരിയുടെ ചരിത്രവും സാധ്യതകളും തിരിച്ചറിഞ്ഞു. ആദ്യനാടകക്കളരിയില്‍ പങ്കെടുക്കുന്ന ബി. രാജീവന്‍, ജോണ്‍ സാമുവല്‍ തുടങ്ങിയവരുമായി സംവാദിച്ചു.

എണ്‍പതുകളില്‍ നടന്ന നിരവധി നാടക ക്യാമ്പുകളില്‍ പങ്കെടുക്കുവാനും അവസരം ഉണ്ടണ്ടായി. ഈ അനുഭവങ്ങളില്‍നിന്നാണ് നാടകക്കളരിയെക്കുറിച്ചുള്ള (ബദല്‍ നാടകം: അന്വേഷണവും കണ്ടെണ്ടത്തലും) എന്ന ലേഖനത്തിലേക്ക് എത്തുന്നത്. നാടക്കളരിയുടെ അമ്പതാം വര്‍ഷം ആഘോഷിക്കുമ്പോള്‍ ഈ ലേഖനത്തിന് വലിയ പ്രസക്തിയുണ്ടണ്ടന്നത് തിരിച്ചറിയുന്നു. ഒരു നാട്ടിന്‍പുറത്തുകാരന് ലോക സിനിമയുടെ ജാലകങ്ങള്‍ അപ്രാപ്യമായിരുന്നു. ലിറ്റില്‍ മാഗസിനുള്ളില്‍നിന്നാണ് ലോകസിനിമയെക്കുറിച്ച് അറിയുന്നത്. സത്യത്തില്‍ സിനിമയും ആദ്യം വായിച്ചാസ്വദിക്കുകയായിരുന്നു. എണ്‍പതുകളുടെ മധ്യം ആവുമ്പോഴേക്കും നാട്ടില്‍ ഫിലിം സൊസൈറ്റിപ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടുവന്നു. സത്യജിത് റായിയും ബര്‍ഗ്മാനുമൊക്കെ ചിരപരിചിതരായി. 1988-ല്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ ഒരു പ്രേക്ഷകനായി പങ്കെടുത്തു. കാഴ്ചയുടെ പുതിയ ശിലകളെയും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ സ്വാധീനത്തെയും കണ്ടെണ്ടത്തുന്നത് അപ്പോഴാണ്.

കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനവും അമ്പതുവര്‍ഷങ്ങള്‍ പിന്നിട്ട് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ സ്വാധീനവും, ചലച്ചിത്രാസ്വാദന മേഖലയിലെ സംഭാവനകളും വിലയിരുത്തേണ്ടണ്ടതെന്ന ചരിത്രസന്ദര്‍ഭം ഇതാണെന്ന് മനസ്സിലാക്കുന്നു. അത്തരമൊരന്വേഷണമാണ് കാഴ്ചയുടെ മറുവഴികള്‍ കാലത്തിന്റെ പുതുവഴികള്‍ എന്ന ലേഖനം. കേരളത്തിലെ ആധുനികതയെക്കുറിച്ചുള്ള ചര്‍ച്ചകളിലും ചിന്തകളിലും കടന്നുവരുന്ന ആദ്യ വേരുകളിലൊന്ന് എം.ഗോവിന്ദന്റേതാണ്. കഴിഞ്ഞ അറുപതു വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തിലുണ്ടണ്ടായ എല്ലാ ബദല്‍ പ്രസ്ഥാനത്തിന്റെയും ഉള്ളടക്കവും രീതികളും തീരുമാനിച്ചവരില്‍ ഒരാള്‍ ഗോവിന്ദനാണ്. ഗോവിന്ദന്റെ രാഷ്ട്രീയാശയങ്ങളോട് വിച്ഛേദിക്കുമ്പോഴും ചരിത്രപരമായ ഇച്ഛാശക്തിയെയും സര്‍ഗ്ഗാത്മക ഇടപെടലിനെയും അംഗീകരിക്കേണ്ടതുണ്ടണ്ട്. ‘മുമ്പേ നടന്നവന്‍ ഗോവിന്ദന്‍’ എന്ന വിശേഷണം എല്ലാ അര്‍ത്ഥത്തിലും ശരിയാണ്. എം. ഗോവിന്ദന്റെ വ്യത്യസ്ത പാതകളെ അതുകൊണ്ടണ്ടാണ് അന്വേഷിക്കുന്നത്. എം. ഗോവിന്ദന്‍ പുതുവഴി വെട്ടുമ്പോള്‍ അതിന്റെ അടയാളപ്പെടുത്തലാണ്. ‘മറുമൊഴി പുതുവഴി‘ എന്ന പുസ്തകം അന്വേഷങ്ങള്‍ക്കുള്ള ആരംഭം മാത്രമാണ്. അല്ലെങ്കില്‍ ഒരു ആമുഖം മാത്രമാണ്. ചരിത്രത്തെ വസ്തുനിഷ്ഠമായി സമീപിക്കുമ്പോള്‍തന്നെ ആത്മനിഷ്ഠമായ അനുഭവംകൂടി അതില്‍ ലയിക്കുന്നു. ജീവിക്കുന്ന കാലത്തെ തിരിച്ചറിയാനും ജീവിച്ചുതീര്‍ത്ത ചരിത്രസന്ദര്‍ഭങ്ങളെ ഓര്‍ക്കാനും  പുതിയ കാലത്തെ തിരയാനുമുള്ള അവസരം മാത്രമാണിത്.

Comments are closed.