DCBOOKS
Malayalam News Literature Website

മദര്‍ തെരേസയുടെ നീലക്കര സാരിക്ക് കേന്ദ്രത്തിന്റെ ട്രേഡ് മാര്‍ക്ക്

motherവിശുദ്ധയായ മദര്‍ തെരേസയുടെ പ്രശസ്തമായ സാരിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ട്രേഡ് മാര്‍ക്ക് റജിസ്‌ട്രേഷന്‍ അനുവദിച്ചു. ഇതിനെ തുടന്ന് നീലക്കരയുള്ള വെള്ള സാരി ബൗദ്ധിക സ്വത്തവകാശ പരിധിയില്‍ ഉള്‍പ്പെട്ടു. ഈ സാരി ഡിസൈന്റെ ബൗദ്ധിക സ്വത്തവകാശം മദര്‍ തെരേസയുടെ സന്യാസിനി സമൂഹമായ ‘മിഷനറീസ് ഓഫ് ചാരിറ്റിയ്ക്ക് ലഭിച്ചു.

ലോകശ്രദ്ധ നേടിയ ക്രൈസ്തവ സന്യാസിനിയായിരുന്ന മദര്‍ തെരേസയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച 2016 സെപ്റ്റംബര്‍ നാലിന് നീലക്കരയുള്ള വെള്ള സാരി ബൗദ്ധികസ്വത്തായി കേന്ദ്രസര്‍ക്കാരിന്റെ ട്രേഡ് മാര്‍ക്ക്‌സ് റജിസ്ട്രി അംഗീകരിച്ചിരുന്നു.

ഇപ്പോള്‍ ട്രേഡ് മാര്‍ക്ക് റജിസ്‌ട്രേഷന്‍ അനുവദിച്ചതോടെ ഇതിന്റെ നടപടികള്‍ പൂര്‍ത്തിയായതായി ബൗദ്ധിക സ്വത്തവകാശ അറ്റോര്‍ണിയായ ബിസ്വജിത് സര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിവര്‍ഷം നാലായിരം നീലക്കര സാരികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി അംഗങ്ങള്‍ക്കായി വിതരണം ചെയ്യുന്നുണ്ട്. മിഷണറീസ് ഓഫ് ചാരിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജി പ്രേം നിവാസിലാണ് നീലക്കരയുള്ള സാരി നെയ്‌തെടുക്കുന്നത്.

കൊല്‍ക്കത്തയില്‍ ‘മിഷണറീസ് ഓഫ് ചാരിറ്റി’ എന്ന കത്തോലിക്കാ സന്യാസിനി സഭ സ്ഥാപിച്ച മദര്‍ തെരേസ രോഗികളുടേയും, അനാഥരുടേയും ആശ്രയകേന്ദ്രമായി സാമൂഹിക സേവനങ്ങള്‍ നടത്തി. പ്രസ്തുത സേവനപ്രവര്‍ത്തനങ്ങളുടെ പേരില്‍ 1979ല്‍ മദര്‍ തെരേസ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരത്തിന് അര്‍ഹയായി. 1910ല്‍ മാസിഡോണിയയിലെ ഒരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച മദര്‍ 1929ല്‍ സിസ്റ്റര്‍ മേരി തെരേസയായി ഇന്ത്യയിലെത്തിച്ചേര്‍ന്നു.

Comments are closed.