DCBOOKS
Malayalam News Literature Website

ബിജെപിയുടെ എതിര്‍പ്പില്‍ കുടുങ്ങി വിജയിയുടെ പുതിയ ചിത്രം

ഇളയദളപതി വിജയിയുടെ പുതിയ ചിത്രം മെര്‍സലില്‍ നോട്ടുനിരോധനത്തെയും ജിഎസ്ടിയെയും പരാമര്‍ശിക്കുന്ന രംഗങ്ങള്‍ ഉള്‍പെടുത്തിയതിലുള്ള ബിജെപി എതിര്‍പ്പ് തുടരുന്നു. ബിജെപി രംഗത്തെത്തിയതിനെ തുടര്‍ന്നു ചിത്രത്തില്‍നിന്ന് ജിഎസ്ടിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കാന്‍ തീരുമാനിച്ചിരിക്കയാണ്.

രാഷ്ട്രീയസിനിമാ മേഖലയിലെ പ്രമുഖര്‍ ചിത്രത്തിനു പിന്തുണയുമായി രംഗത്തെത്തിയെങ്കിലും വിവാദം ഒഴിവാക്കാന്‍ രംഗങ്ങള്‍ നീക്കം ചെയ്യുകയാണെന്നു നിര്‍മാതാക്കള്‍ അറിയിച്ചു. ഇതിനിടെ മെര്‍സല്‍ സിനിമയോടെ വിജയ് രാഷ്ട്രീയത്തിലേക്കു കടക്കുമെന്ന അഭ്യൂഹവും വീണ്ടും ശക്തിപ്പെട്ടു.

ഇതിനിടെ വിജയ്‌ക്കെതിരെ വര്‍ഗീയത പടര്‍ത്തുന്ന പരാമര്‍ശവുമായി തമിഴ്‌നാട് ബിജെപി ഘടകവും രംഗത്തെത്തി. വിജയ്‌യുടെ മതപരമായ അസ്തിത്വം ഉയര്‍ത്തിക്കാട്ടിയാണ് ബിജെപിയുടെ തമിഴ്‌നാട് നേതാവ് എച്ച്. രാജ രംഗത്തെത്തിയിരിക്കുന്നത്. നടന്‍ വിജയ് ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയത്. ജോസഫ് വിജയ് എന്ന പേരുപയോഗിച്ച് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമയ്‌ക്കെതിരെ ട്വീറ്റ് ചെയ്തത്. സിനിമയുടെ നിര്‍മാതാവ് ഹേമ രുക്മാനിയും ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്നും അക്കാര്യം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അത് വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മോദി സര്‍ക്കാരിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതിനു പിന്നില്‍ വിജയുടെ മതവിശ്വാസത്തിനും പങ്കുണ്ടെന്ന് രാജ പറഞ്ഞു.

അതേസമയം ചിത്രത്തില്‍ നിന്നും നീക്കംചെയ്ത ഭാഗം യൂട്യൂബില്‍ ഹിറ്റാകുകയാണിപ്പോള്‍..

 

Comments are closed.