DCBOOKS
Malayalam News Literature Website

ഇന്ത്യാക്കാരുടെ ബാങ്ക് വിവരങ്ങള്‍ പാകിസ്ഥാന്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്നു, വില 500 രൂപ മാത്രം

ഇന്‍ഡോര്‍: ഇന്ത്യാക്കാരുടെ ക്രെഡിറ്റ്, ഡെബിറ്റ് വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും 500 രൂപ നല്‍കിയാല്‍ ഓണ്‍ലൈനില്‍ നിന്ന് വാങ്ങാമെന്ന് മദ്ധ്യപ്രദേശിലെ പൊലീസ് കണ്ടെത്തി. വ്യക്തികളുടെ ഡെബിറ്റ് കാര്‍ഡിന്റെ പുറകിലെ സി.വി.വി നമ്പർ, ഇമെയില്‍ ഐ.ഡി,ഫോണ്‍ നമ്പർ തുടങ്ങിയ വിവരങ്ങളാണ് ഇത്തരത്തില്‍ ഓണ്‍ലൈനിലെ ഡാര്‍ക് വെബ്ബ് വഴി ലഭിക്കുകയെന്ന് മദ്ധ്യപ്രദേശ് പൊലീസിന്റെ സൈബര്‍ സെല്‍ വിഭാഗം പറഞ്ഞു.

72,041 രൂപ തന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടെന്ന പരാതിയുമായി എത്തിയ ജയകിഷന്‍ ഗുപ്ത എന്ന വ്യക്തിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തിയത്. ഈ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ പാകിസ്ഥാന്‍ സ്വദേശി നേതൃത്വം നല്‍കുന്ന അന്താരാഷ്ട്ര സംഘമാണെന്ന് സൈബര്‍ സെല്‍ അന്വേഷണത്തില്‍ കണ്ടെത്തി. ലാഹോര്‍ ആസ്ഥാനമാക്കിയാണ് ഇയാളുടെ പ്രവര്‍ത്തനം. ഇവരുടെ പ്രവര്‍ത്തനത്തെ കുറിച്ച് മനസിലാക്കിയ ഡിറ്റക്ടീവ് ഉപഭോക്താവെന്ന വ്യാജേന ബിറ്റ്‌കോയിന്‍ നല്‍കി ഇന്‍ഡോറിലെ സ്ത്രീയുടെ വിവരങ്ങള്‍ സ്വന്തമാക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഘത്തിന് മുംബൈയിലും കണ്ണികളുണ്ടെന്ന് മനസിലായി. ഇതുവരെ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുംബൈ സ്വദേശിയായ രാജ്കുമാര്‍ പിള്ളയും സുഹൃത്ത് രാംപ്രസാദ് നാടാരും ഗുപ്തയുടെ കാര്‍ഡ് ഉപയോഗിച്ച് വിമാന ടിക്കറ്റുകള്‍ വാങ്ങിയതായി കണ്ടെത്തി. യു.എസിലെ ഐ.ടി കമ്പനിയായ കോഗ്‌നിസന്റിലെ മുന്‍ ജീവനക്കാരനായിരുന്നു രാജ്കുമാര്‍. നാടാര്‍ എച്ച്.ഡി.എഫ്.സി ബാങ്ക് ജീവനക്കാരനായിരുന്നു. വണ്‍ ടൈം പാസ്വേര്‍ഡ് (ഒ.ടി.പി) ആവശ്യമില്ലാത്തതിനാല്‍ അന്താരാഷ്ട്ര വെബ്‌സൈറ്റുകളില്‍ മാത്രമാണ് ഇവര്‍ കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നത്.

 

Comments are closed.