DCBOOKS
Malayalam News Literature Website

‘അമ്മവീട്’: ബാബു തളിയത്ത് എഴുതുന്നു

മലയാള സിനിമയിലെ ആദ്യത്തെ 'റിയലിസ്റ്റിക് നായിക'യുടെ ജീവിതവും ദേശവും മകന്‍ ബാബു തളിയത്ത് എഴുതുന്നു

അമ്മയെ നേരില്‍ കാണുകയും കേള്‍ക്കുകയും ചെയ്ത ഓര്‍മ്മകള്‍ എനിക്കില്ല. 1969 ജൂണില്‍ എന്റെ അമ്മ മിസ് കുമാരി മരിക്കുമ്പോള്‍ ഏറ്റവും ഇളയ കുട്ടിയായ എനിക്ക് മൂന്നു വയസ്സു തികഞ്ഞിട്ടില്ല; എന്റെ മൂത്ത സഹോദരങ്ങള്‍ തോമസ്, ജോണി ഇവര്‍ക്ക് നാലും അഞ്ചും വയസ്സും. ചില സന്ദര്‍ഭങ്ങള്‍ മങ്ങിയ നിഴലുകള്‍ പോലെ ഓര്‍മ്മയില്‍ അവശേഷിക്കുന്നതൊഴിച്ചാല്‍ വ്യക്തമായ സ്മരണകള്‍ തുടങ്ങുന്നത് എഴുപതുകളുടെ ആദ്യം അമ്മവീടായ ഭരണങ്ങാനത്തെ തറവാട്ടില്‍ വളരുമ്പോഴാണ്‌.

സ്ഥലവും കാലവും തമ്മിലുള്ള അസാധാരണവും വൈരുധ്യാത്മകവുമായ ബന്ധത്തില്‍നിന്നാവാം സ്മരണകള്‍ ഉത്ഭവിക്കുന്നതും പ്രസക്തി നേടുന്നതും. കാലമെന്നും കടന്നു പോകുകയും അത് ‘അരങ്ങേറുന്ന’ സ്ഥലങ്ങള്‍ ഏറെക്കുറെ രൂപത്തിലെങ്കിലും മാറാതെ അവശേഷിക്കുകയും ചെയ്യും. ജീവിതസ്മരണകള്‍ സ്ഥലകാലങ്ങളുടെ സന്ധിയില്‍ ജന്മംകൊള്ളുന്നതിനാല്‍ അവയില്‍ മാത്രമേ സ്ഥലത്തിന്റെ സ്ഥായിഭാവത്തില്‍ ഒളിഞ്ഞു കിടക്കുന്ന കഴിഞ്ഞ കാലത്തിന്റെ സാന്നിധ്യം വീണ്ടെടുക്കാനാവൂ.

ഇവിടെ ഞാന്‍ വിവരിക്കാനാഗ്രഹിക്കുന്ന സ്ഥലം എന്റെ അമ്മവീടാണ് – നിറഞ്ഞുനിന്ന ഭൂതകാലത്തുനിന്നും ഒഴിഞ്ഞും അടഞ്ഞും കിടക്കുന്ന വര്‍ത്തമാനത്തിലേയ്ക്കുള്ള അതിന്റെ സംക്രമം.

അമ്മയെ നേരില്‍ കാണുകയും കേള്‍ക്കുകയും ചെയ്ത ഓര്‍മ്മകള്‍ എനിക്കില്ല. 1969 ജൂണില്‍ എന്റെ അമ്മ മിസ് കുമാരി (ത്രേസിയാമ്മ തളിയത്ത് ; ജന്മനാമം: ത്രേസിയാമ്മ കൊല്ലംപറമ്പില്‍) മരിക്കുമ്പോള്‍ ഏറ്റവും ഇളയ കുട്ടിയായ എനിക്ക് മൂന്നു വയസ്സു തികഞ്ഞിട്ടില്ല; എന്റെ മൂത്ത സഹോദരങ്ങള്‍ തോമസ്, ജോണി ഇവര്‍ക്ക് നാലും അഞ്ചും വയസ്സും. ചില സന്ദര്‍ഭങ്ങള്‍ മങ്ങിയ നിഴലുകള്‍ പോലെ ഓര്‍മ്മയില്‍ അവശേഷിക്കുന്നതൊഴിച്ചാല്‍ വ്യക്തമായ സ്മരണകള്‍ തുടങ്ങുന്നത് എഴുപതുകളുടെ ആദ്യം അമ്മവീടായ ഭരണങ്ങാനത്തെ കൊല്ലംപറമ്പില്‍ തറവാട്ടില്‍ വളരുമ്പോഴാണ്. സ്മരണകളുടെ ഈ തുടക്കവും അവസാനവും അമ്മയെക്കുറിച്ച് എഴുതുന്നതിന്റെ പരിമിതികളാവുന്നെങ്കിലും ഓര്‍മ്മവെച്ച നാള്‍ തൊട്ട് അമ്മവീട്ടില്‍ വളരാനുള്ള ഭാഗ്യമുണ്ടായതിനാല്‍ അമ്മയെ അടുത്തറിഞ്ഞവരുടെ സ്മരണകളിലൂടെ അമ്മയുടെ വ്യക്തിത്വം, ബാല്യംതൊട്ടുള്ള ജീവിതം, വിദ്യാഭ്യാസം, ഏറ്റവും പ്രധാനമായി
നാല്പതുകളുടെ അവസാനം തുടങ്ങി അറുപതുകള്‍ വരെയുള്ള സിനിമാജീവിതം എന്നിവ നേരിട്ടറിയാന്‍ കഴിഞ്ഞു.

സ്മരണകളുടെ സ്രോതസ്സുകളില്‍ പ്രധാനം വ്യക്തികള്‍ തന്നെ: അമ്മയെ എന്നും ഓര്‍മ്മകളില്‍ സൂക്ഷിച്ച അമ്മാവന്മാര്‍, അമ്മയുടെ ചേടത്തി പെണ്ണമ്മച്ചി, ഞങ്ങളെ വളര്‍ത്തിയ വല്യമ്മച്ചി (കെ.സി. ഏലി), അമ്മയെ നല്ലപോലെ ഓര്‍ക്കുന്ന മൂത്തകസിന്‍സ്, ഭരണങ്ങാനത്തെ സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളിലും (ടഒഏഒട) പിന്നെ പാലായിലെ സെന്റ് മേരിസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും കൂടെപ്പഠിച്ചവര്‍, ഭരണങ്ങാനം ക്ലാരമഠത്തില്‍ (ഫ്രാന്‍സി
സ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍വെന്റ്) അമ്മയുടെ അധ്യാപികമാരായിരുന്നവരും പിന്നീട് അമ്മ പഠിപ്പിച്ചിട്ടുള്ളവരുമായ കന്യാസ്ത്രീകള്‍, അമ്മവീട്ടുകാരുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന കുടുംബങ്ങള്‍, ഭരണങ്ങാനത്തും മീനച്ചില്‍ താലൂക്കിലെമ്പാടുമുള്ള ബന്ധുക്കള്‍…

pachakuthira dc booksഇങ്ങനെയുള്ള നിരവധി വ്യക്തികള്‍ക്കൊപ്പംതന്നെ പ്രാധാന്യമുള്ള, എന്നാല്‍ അതില്‍ നിന്നു വ്യത്യസ്തമായ മറ്റൊരു സ്രോതസ്സാണ് സിനിമകള്‍. ഭരണങ്ങാനത്തെ അമ്മവീടിനു തൊട്ടടുത്തായി വീട്ടുവളപ്പില്‍, എഴുപതുകളില്‍ എന്റെ അമ്മാവന്മാര്‍ ‘മിനി തിയേറ്റര്‍’ എന്ന പേരില്‍ ഒരു സിനിമാ തിയേറ്റര്‍ തുടങ്ങി. കോതമംഗലം എഞ്ചിനീയറിംഗ് കോളേജിന്റെ ആദ്യ ബാച്ചില്‍നിന്നും സിവില്‍ എഞ്ചിനീയറിംഗ് പാസ്സായി നാട്ടില്‍ തിരിച്ചു വന്ന എന്റെ അമ്മാവന്‍ ജോയിച്ചാച്ചനും (ജോയി തോമസ് കൊല്ലംപറമ്പില്‍) മറ്റ് അമ്മാവന്മാരും കൂടി ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി തുടങ്ങിയിരുന്നു. മിനി തിയേറ്ററിന്റെ ഒരു പ്രത്യേകതയെന്തായിരുന്നുവെന്നാല്‍ അതു പൂര്‍ണ്ണമായിത്തന്നെ – മരപ്പണി തൊട്ട് പ്രൊജക്ടര്‍ വരെ – സ്വയം രൂപകല്‍പ്പന ചെയ്തു നിര്‍മ്മിച്ചുവെന്നതാണ്. ഭരണങ്ങാനത്ത് പ്രശസ്തമായ നിലയില്‍ ഒരു വാച്ച് റിപ്പയറിങ് ഷോപ്പ് നടത്തിയിരുന്ന, മെക്കാനിക്കല്‍ ഇന്‍സ്ട്രുമെന്റേഷനില്‍ അതിവിദഗ്ധനായിരുന്ന ഉണ്ണി, തിയേറ്ററിനു വേണ്ട പ്രോജെക്ടറിന്റെ മിക്കവാറുമുള്ള ഭാഗങ്ങള്‍ (ലെന്‍സ് ഒഴികെ) സ്വയം നിര്‍മ്മിച്ചു സംയോജിപ്പിക്കുകയാണുണ്ടായത്. ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ പരീക്ഷണങ്ങള്‍ നടത്താനും നവീനരീതികള്‍ അവലംബിക്കുവാനും അതുപോലെ രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും പൂര്‍ണ്ണ സ്വയംപര്യാപ്തത നേടാനും കൊല്ലംപറമ്പില്‍ കുടുംബത്തിലെ എല്ലാവര്‍ക്കും തന്നെ ഒരു നൈസര്‍ഗിക വാസനയുണ്ടായിരുന്നു. പ്രത്യേകിച്ചു നിര്‍മ്മാണരംഗത്ത് നൂതനമായ രീതികള്‍ എങ്ങനെ പരീക്ഷിക്കാമെന്നത് കൊല്ലംപറമ്പില്‍ തറവാട്ടില്‍ അന്ന് പലപ്പോഴും ചര്‍ച്ച ചെയ്യുകയും പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിക്കുകയും ചെയ്തു.

ഭരണങ്ങാനത്തെ മിനി തിയേറ്ററില്‍ അന്ന് പ്രധാനമായും അന്‍പതുകളിലെയും അറുപതുകളിലെയും ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. പുതിയ സിനിമകള്‍ നഗരങ്ങളിലെ പ്രധാന തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചതിനു ശേഷമേ ഗ്രാമപ്രദേശങ്ങളിലുള്ള തീയേറ്ററുകളില്‍ വന്നിരുന്നുള്ളൂ. അമ്മ അഭിനയിച്ചചിത്രങ്ങള്‍ മിനി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അമ്മവീടിന്റെയും തീയേറ്ററിന്റെയും പരിസരത്ത് പലപ്പോഴും ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. അമ്മയുടെ ചിത്രങ്ങള്‍ – നീലക്കുയില്‍, അവകാശി, പാടാത്ത പൈങ്കിളി, പൂത്താലി, ക്രിസ്മസ് രാത്രി, മുടിയനായ പുത്രന്‍, ജയില്‍പുള്ളി, ശ്രീരാമ പട്ടാഭിഷേകം, ഭക്തകുചേല, ഹരിശ്ചന്ദ്ര, സ്‌നാപകയോഹന്നാന്‍ തുടങ്ങിയവ – ഭരണങ്ങാനത്തു പലപ്പോഴും ആഴ്ചകളോളം നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. ആറുമണിക്കു തുടങ്ങുന്ന ഫസ്റ്റ് ഷോയ്ക്കു മുമ്പും വാരാന്ത്യത്തില്‍ മാറ്റിനി തൊട്ടും മിനി തിയേറ്ററിന്റെ പരിസരത്ത്, അഥവാ കൊല്ലംപറമ്പില്‍ തറവാടിന്റെ വീട്ടുവളപ്പില്‍, ഒരു വലിയ ജനക്കൂട്ടം തന്നെയുണ്ടാവും. അമ്മയെ അടുത്തറിഞ്ഞിരുന്ന ഭരണങ്ങാനത്തു നിന്നും മീനച്ചില്‍ താലൂക്കിലെ മറ്റു ഗ്രാമ – നഗരങ്ങളില്‍ നിന്നുമുള്ള നിരവധി കുടുംബങ്ങള്‍, പഴയകാല സിനിമകള്‍ കണ്ടു വളര്‍ന്നവര്‍, അമ്മയഭിനയിച്ച നീലക്കുയില്‍, ഹരിശ്ചന്ദ്ര തുടങ്ങിയ സിനിമകളിലെ ഗാനങ്ങള്‍ ഇഷ്ടഗാനങ്ങളായി മനസ്സില്‍ കൊണ്ടുനടന്നവര്‍, ഭക്തകുചേല, ഹരിശ്ചന്ദ്ര, സ്‌നാപകയോഹന്നാന്‍, ശ്രീരാമപട്ടാഭിഷേകം തുടങ്ങിയ സിനിമകളിലെ പുരാണ, ഇതിഹാസ കഥാപാത്രങ്ങളെ വളരെ ഇഷ്ടപ്പെട്ടവര്‍ എന്നിങ്ങനെ കാണികള്‍ ജാതിമതഭേദമെന്യേ ഒരു വലിയ കൂട്ടുകുടുംബമാവുന്നത് സാധാരണ കാഴ്ചയായിരുന്നു.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  നവംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.