DCBOOKS
Malayalam News Literature Website

രബീന്ദ്രനാഥ് ടാഗോറിന്റെ ചരമവാര്‍ഷിക ദിനം

aug-7

‘ഗുരുദേവ്’ എന്ന് ആദരപൂര്‍വ്വം അറിയപ്പെട്ടിരുന്ന പ്രശസ്ത ബംഗാളി സാഹിത്യകാരനാണ്, രബീന്ദ്രനാഥ് ടാഗോര്‍. കവി, തത്ത്വചിന്തകന്‍, ദൃശ്യ കലാകാരന്‍,കഥാകൃത്ത്, നാടക കൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ് , സാമൂഹികപരിഷ്‌കര്‍ത്താവ് തുടങ്ങി നാനാമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് 1913ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചു.

കൊല്‍ക്കത്തയില്‍ 1861 മെയ് 7ന് ദേബേന്ദ്രനാഥ് ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളില്‍ പതിമ്മൂന്നാമനായാണ് രബീന്ദ്രനാഥ് ടാഗോര്‍ ജനിച്ചത്. തുടര്‍ന്ന് വീടിനടുത്തുള്ള പ്രാഥമിക വിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത്. പിതാവിനോടൊപ്പം നടത്തിയ ഭാരത പര്യടനത്തില്‍ ടാഗോര്‍ ജീവചരിത്രങ്ങള്‍, ചരിത്രം, ഖഗോള ശാസ്ത്രം, ആധുനിക ശാസ്ത്രം, സംസ്‌കൃതം, കാളിദാസ കൃതികള്‍ തുടങ്ങിയവ പഠിച്ചു.

1877ല്‍ ടാഗോര്‍ തന്റെ കൃതികളുടെ ഒരു സമാഹാരം പുറത്തിറക്കി. ബംഗാളിയിലെ ആദ്യത്തെ ചെറുകഥയായ ‘ഭിഖാറിണി’ 1877ല്‍ രചിച്ചു. അഭിഭാഷകനാകണമെന്ന മോഹത്തോടെ 1878ല്‍ ടാഗോര്‍ ഇംഗ്ലണ്ടിലെ ബ്രൈറ്റണ്‍ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ചേര്‍ന്നു. ലണ്ടന്‍ സര്‍വ്വകലാശാല കലാലയത്തില്‍ നിയമ വിദ്യാര്‍ത്ഥിയായി പഠനം ആരംഭിച്ചുവെങ്കിലും ബിരുദമെടുക്കാതെ 1880ല്‍ ബംഗാളിലേക്കു മടങ്ങി. 1910ല്‍ ബംഗാളിയില്‍ ഗീതാഞ്ജലിയും പുറത്തുവന്നു. 1912ല്‍ ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചു.

തന്റെ അവസാന വര്‍ഷങ്ങളില്‍ ആധുനിക ശാസ്ത്രത്തോട് താല്‍പര്യം കണിച്ച ടാഗോര്‍ ‘വിശ്വ പരിചയ്’ എന്ന ശാസ്ത്ര ലേഖനങ്ങളുടെ ഒരു സമാഹാരം 1937ല്‍ രചിച്ചു. ജീവശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ടാഗോര്‍ നടത്തിയ പഠനങ്ങള്‍ അദ്ദേഹത്തിന്റെ കവിതകളിലും കഥകളിലും പ്രതിഫലിച്ചിരുന്നു. നീണ്ട കാലത്തെ രോഗാവസ്ഥയ്ക്കു ശേഷം ടാഗോര്‍ 1941 ഓഗസ്റ്റ് 7ന് തന്റെ ജന്മ ഗൃഹമായ ജൊറസങ്കോവില്‍ വച്ച് മരണമടഞ്ഞു.

Comments are closed.