DCBOOKS
Malayalam News Literature Website

അയ്യപ്പപണിക്കരുടെ ചരമവാര്‍ഷിക ദിനം

aug-23
പ്രസിദ്ധ മലയാള കവി ഡോ. കെ. അയ്യപ്പപ്പണിക്കര്‍ 1930 സെപ്റ്റംബര്‍ 12ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ കാവാലം കരയില്‍ ഇ.നാരായണന്‍ നമ്പൂതിരിയുടേയും എം. മീനാക്ഷിയമ്മയുടേയും മകനായി ജനിച്ചു. പ്രഗല്ഭനായ അധ്യാപകന്‍, വിമര്‍ശകന്‍, ഭാഷാപണ്ഡിതന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന അദ്ദേഹം നാടകം, ചിത്രരചന, സിനിമ തുടങ്ങിയ രംഗങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു.

കാവാലം ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍, എന്‍.എസ്.എസ്. മിഡില്‍ സ്‌കൂള്‍, മങ്കൊമ്പ് അവിട്ടം തിരുനാള്‍ ഹൈസ്‌കൂള്‍, പുളിങ്കുന്ന് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലായിരുന്നു ബിരുദ പഠനം. അമേരിക്കയിലെ ഇന്‍ഡ്യാന സര്‍വകലാശാലയില്‍ നിന്ന് എം.എ., പിഎച്ച്.ഡി. ബിരുദങ്ങള്‍ നേടി. ദീര്‍ഘകാലം തിരുവനന്തപുരം എം.ജി. കോളജില്‍ അധ്യാപകനായിരുന്നു. പിന്നീട് കേരള സര്‍വകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചു.

അയ്യപ്പപ്പണിക്കരുടെ കൃതികള്‍, കുരുക്ഷേത്രം, അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍, തകഴി ശിവശങ്കരപ്പിള്ള (ജീവചരിത്രം), കാര്‍ട്ടൂണ്‍ കഥകളും മഹാരാജ കഥകളും, 10 കവിതകളും പഠനങ്ങളും, പൂക്കാതിരിക്കാന്‍ എനിക്കാവതില്ല, ഗോത്രയാനം, പൂച്ചയും ഷേക്‌സ്പിയറും (വിവര്‍ത്തനം), ജീബാനന്ദദാസ്, മയക്കോവ്‌സ്‌കിയുടെ കവിതകള്‍, സൗത്ത് ബൌണ്ട്, ഇന്‍ ദ് സേക്രഡ് നേവല്‍ ഓഫ് ഔര്‍ ഡ്രീം, ഐ കാണ്ട് ഹെല്പ് ബ്ലോസ്സമിങ് തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

സരസ്വതി സമ്മാന്‍, കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യ പുരസ്‌കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ആശാന്‍ പ്രൈസ്, മഹാകവി പന്തളം കേരളവര്‍മ്മ പുരസ്‌കാരം, ഒറീസ്സയില്‍നിന്നുള്ള ഗംഗാധര്‍ മെഹര്‍ അവാര്‍ഡ്, മധ്യപ്രദേശില്‍ നിന്നുള്ള കബീര്‍ പുരസ്‌കാരം, ഭാരതീയ ഭാഷാ പരിഷത്തിന്റെ ഭില്‍വാര പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. വയലാര്‍ അവാര്‍ഡ് ലഭിച്ചെങ്കിലും നിരസിച്ചു. 2006 ഓഗസ്റ്റ് 23ന് ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചു.

Comments are closed.