DCBOOKS
Malayalam News Literature Website

രാജീവ് ആലുങ്കലിന്റെ ജന്മദിനം

aug-17

പ്രശസ്ത  കവിയും, ഗാനരചയിതാവും, പ്രഭാഷകനുമായ  രാജീവ് ആലുങ്കല്‍ കണ്ടനാട്ട് എസ്. മാധവന്‍ നായരുടെയും കാരുവള്ളി ആര്‍. ഇന്ദിരയുടെയും മകനായി 1973 ഓഗസ്റ്റ് 17ന് ചേര്‍ത്തല താലൂക്കിലെ കടക്കരപ്പള്ളിയില്‍ ജനിച്ചു. . യു.പി.ജി. സ്‌കൂള്‍ കടക്കരപ്പള്ളി, എച്ച്.എസ്. കണ്ടമംഗലം, എന്‍.എസ്.എസ്.എച്ച്.എസ്. പാണാവള്ളി, ശോഭ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ശിരോമണി രാഘവ പണിക്കരുടെ കീഴില്‍ പത്തു വര്‍ഷം സംസ്‌കൃതം പഠിച്ചു.

1987ല്‍ എന്‍.എസ്.എസിന്റെ സര്‍വ്വീസ് വാരികയിലാണ് ആദ്യ കവിത പ്രസിദ്ധീകരിക്കുന്നത്. 1993ല്‍ ചേര്‍ത്തല ഷൈലജ തീയറ്റേഴ്‌സിന്റെ മാന്ത്രികക്കരടി എന്ന നാടകത്തിലൂടെ ഗാനരചയിതാവായി അരങ്ങേറ്റം കുറിച്ചു. രാജീവ് ആലുങ്കലിന് 2004ല്‍ കായംകുളം സപര്യയുടെ ‘ഓമല്‍ക്കിനാവ് ‘എന്ന നാടകത്തിലെ ‘ആശതന്‍ കൂടാരത്തില്‍’ എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു.

പ്രണയവും, തത്ത്വചിന്തകളും നിറഞ്ഞതാണ് അദ്ദേഹത്തിന്റെ പ്രധാന കവിതകളും, ഗാനങ്ങളും.ഗാനരചനാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് 39 വയസ്സില്‍ രാജീവ് ആലുങ്കലിന് ലഭിച്ചു. ഈ പുരസ്‌കാരം ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗാന രചയിതാവാണ് രാജീവ് ആലുങ്കല്‍. 2003 ല്‍ഹരിഹരന്‍ പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലൂടെ രാജീവ് ആലുങ്കല്‍ സിനിമാ ഗാന രചനയ്ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് വെട്ടം, കനകസിംഹാസനം,അറബിയും ഒട്ടകവും പി.മാധവന്‍ നായരും,ചട്ടക്കാരി, മല്ലുസിങ്ങ് ,റോമന്‍സ്, സൗണ്ട് തോമ ,ഷീടാക്‌സി,ഹാപ്പി വെഡിംഗ്, തുടങ്ങിയ നൂറില്‍ ഏറെ ചിത്രങ്ങള്‍ക്കായി 250 ല്‍ ഏറെ ഗാനങ്ങള്‍ക്ക് രാജീവ് ആലുങ്കല്‍ രചന നിര്‍വ്വഹിച്ചു.

ഇതിനു പുറമേ 200 ല്‍ ഏറെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്കും, 250 ല്‍ ഏറെ ആല്‍ബങ്ങള്‍ക്കുമായി രാജീവ് ആലുങ്കല്‍ രണ്ടായിരത്തിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. കൂടാതെ ഒട്ടേറെ ആകാശവാണി ദൂരദര്‍ശന്‍ ലളിതഗാന ങ്ങളും രചിച്ചു.ഗാനരചനയുടെ സമസ്ത മേഖലകളിലും ഒരുപോലെ അടയാളപ്പെടുത്തിയ മറ്റൊരാള്‍ യുവതലമുറയില്‍ ഇല്ല. മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ ആനുകാലികങ്ങളിലും രാജീവ് ആലുങ്കലിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചു വരുന്നു.കവിതയ്ക്കുള്ള ഹരിപ്രിയ പുരസ്‌ക്കാരം, മദര്‍ തെരേസാ പുരസ്‌ക്കാരം.പി.ഭാസ്‌ക്കരന്‍ പുരസ്‌ക്കാരം,ഇന്‍ഡോ മലേഷ്യന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ കാവ്യശ്രീ പുരസ്‌ക്കാരം, ഗാനരചനയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്,ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്,വയലാര്‍ രാമവര്‍മ്മ അവാര്‍ഡ് , തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ രാജീവ് ആലുങ്കലിന് ലഭിച്ചിട്ടുണ്ട്.

Comments are closed.