DCBOOKS
Malayalam News Literature Website

ബാല ഗംഗാധര തിലകന്റെ ചരമവാര്‍ഷികദിനം

aug-1സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, പത്രപ്രവര്‍ത്തകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ പ്രശസ്തനായ ബാല ഗംഗാധര തിലകന്‍ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ 1856 ജൂലൈ 23ന് ജനിച്ചു. രത്‌നഗിരിയിലും പൂണെയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്‌കൂള്‍ വിദ്യാഭ്യാസാനന്തരം ഉപരിപഠനത്തിനായി തിലകന്‍ പൂണെയിലെ ഡെക്കാണ്‍ കോളജില്‍ ചേര്‍ന്നു. 1877ല്‍ ഇദ്ദേഹം ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് നിമയബിരുദവും എടുത്തു.

വിദ്യാഭ്യാസാനന്തരം പൊതുപ്രവര്‍ത്തനരംഗത്തേക്കിറങ്ങി. ജനകീയവിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കുകയെന്ന ലക്ഷ്യത്തോടെ തിലകനും സഹപ്രവര്‍ത്തകരും കൂടി പൂണെയില്‍ ന്യൂ ഇംഗ്‌ളീഷ് സ്‌കൂള്‍ സ്ഥാപിച്ചു. ഇക്കാലത്തുതന്നെ തിലകന്‍ പത്രപ്രവര്‍ത്തനരംഗത്തേക്കും പ്രവേശിച്ചു. മറാഠിഭാഷയില്‍ കേസരി, ഇംഗ്ലീഷില്‍ മറാത്ത എന്നീ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു.

1885ല്‍ ഡെക്കാണ്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി സ്ഥാപിക്കുന്നതിന് തിലകന്‍ മുന്‍കൈ എടുത്തു. പൂണെയില്‍ ഫെര്‍ഗുസണ്‍ കോളജ് സ്ഥാപിക്കുന്നതിനും നേതൃത്വം നല്കി. തുടര്‍ന്ന് സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമായി. ബ്രിട്ടീഷുകാര്‍ക്കെതിരെ കര്‍ക്കശമായ സമരമുറകള്‍ സ്വീകരിക്കണമെന്ന പക്ഷക്കാരനായിരുന്നു തിലകന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഇംഗ്ലീഷുകാരുടെ മേല്‍ സമ്മര്‍ദം ചെലുത്തുവാന്‍ യോജിച്ച അവസരമായി ഒന്നാം ലോകയുദ്ധകാലത്തെ വിനിയോഗിക്കാമെന്ന അഭിപ്രായക്കാരനായിരുന്നു തിലകന്‍. ഹോംറൂള്‍ ലീഗിന്റെ പ്രചാരണത്തിന് ഇദ്ദേഹം നേതൃത്വം നല്കി. 1920 ആഗസ്റ്റ് 1 ന് അദ്ദേഹം നിര്യാതനായി.

Comments are closed.