DCBOOKS
Malayalam News Literature Website

വീണപൂവ്;- നിഗൂഢതകളുടെ മാന്ത്രികച്ചെപ്പ്

കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍, എന്നീ നിലകളില്‍ പ്രസിദ്ധനും മലയാളം സര്‍വ്വകലാശാല വൈസ്ചാന്‍സലറുമായ കെ ജയകുമാറിന്റെ ഏറ്റവും പുതിയ ലേഖനസമാഹാരമാണ് ആശാന്റെ വീണപൂവ് വിത്തും വൃക്ഷവും. എന്നും പഠനവിധേയമായിട്ടുള്ള ആശാന്റെ വീണപൂവിനെ കൂടുതലറിയാനും കവിമനസ്സിലെ നിഗൂഢതകളെക്കുറിച്ചറിയാനും ഏറെ സഹായിക്കുന്നതാണ് ഈ പഠനം. ഡി സി ബുക്‌സ് പ്രസദ്ധീകരിച്ച പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഗവേഷകനും നിരൂപകനുമായ എം എം ബഷീറാണ്.അദ്ദേഹത്തിന്റെ അവതാരികയില്‍ നിന്ന്;

1971-ല്‍ പത്തൊമ്പതു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന കാലത്ത് കെ. ജയകുമാര്‍ ‘ആശാന്റെ മാനസപുത്രിമാര്‍’ എന്ന പഠനഗ്രന്ഥവുമായിട്ടായിരുന്നു സാഹിത്യരംഗത്തേക്കു കടന്നുവന്നത്. നളിനി, ലീല, സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, വാസവദത്ത എന്നീ നായികമാരെക്കുറിച്ച് പഠനം നടത്തിയ അദ്ദേഹം, വീണപൂവിനെ അങ്ങിങ്ങു പരാമര്‍ശിക്കുന്നുണ്ടെങ്കിലും വിശദമായ പഠനത്തിനു വിധേയമാക്കിയിരുന്നില്ല. കഥാകാവ്യമല്ല എന്നു കരുതിയതുകൊണ്ടാവാം; വീണപൂവ് തികച്ചും വ്യത്യസ്തമായ ഒരു കൃതിയാണ് എന്നു തോന്നിയിട്ടുണ്ടാവാം; ഏതാണ്ട് അരനൂറ്റാണ്ടിനുശേഷം ഇതാ ജയകുമാര്‍ വീണപൂവിനെക്കുറിച്ച് വിശദമായ പഠനം തയ്യാറാക്കിയിരിക്കുന്നു. ആശാന്റെ അസാധാരണമായ സര്‍ഗ്ഗപ്രതിഭയുടെ അലൗകികമായ സൃഷ്ടിവൈഭവമാണ് വീണപൂവ് എന്നും കുമാരനാശാന്റെ എല്ലാ കാവ്യങ്ങളും വീണപൂവില്‍ ഒളിഞ്ഞും തെളിഞ്ഞും കാണുന്നുണ്ടെന്നും ജയകുമാര്‍ നിരീക്ഷിക്കുന്നു. പൂവും വണ്ടും തമ്മിലുള്ള ബന്ധസംഘര്‍ഷങ്ങള്‍ കവിമനസ്സിന്റെ നിഗൂഢതകളെ വെളിപ്പടുത്തുകയും കവി സ്വയം കവിതയില്‍ മറഞ്ഞുനില്ക്കുകയും ചെയ്യുന്നു എന്ന കണ്ടെത്തല്‍ ജയകുമാറിന്റെ ആശാന്റെ വീണപൂവ് വിത്തും വൃക്ഷവും‘ എന്ന പഠനത്തെ വ്യത്യസ്തമാക്കിത്തീര്‍ക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വീണപൂവ് സ്വന്തം മനസ്സിനെ അസ്വസ്ഥതപ്പെടുത്തുകയോ കുത്തിനോവിക്കുകയോ ചെയ്തതായി ജയകുമാര്‍ ധ്വനിപ്പിക്കുന്നു. കവിമനസ്സുപോലെതന്നെ നിരൂപകമനസ്സും സര്‍ഗ്ഗാത്മക നിമിഷ ങ്ങളില്‍ വ്യാപരിക്കുന്നത് ഏതാണ്ട് സമാനമായ വഴികളിലൂടെയാണ്.

വീണപൂവിനെക്കുറിച്ച് ആശാന്‍നിരൂപകന്മാര്‍ ധാരാളം പറഞ്ഞിട്ടുണ്ട്. വീണപൂവ് ‘മിതവാദി’യില്‍നിന്നു പകര്‍ത്തിയെടുത്ത് ‘ഭാഷാപോഷിണി’യില്‍ പ്രസിദ്ധപ്പെടുത്തിയ സി.എസ്. സുബ്രഹ്മണ്യംപോറ്റിയാണ് ആദ്യമായി വീണപൂവിനെക്കുറിച്ച് അഭിപ്രായം പറഞ്ഞത്. അദ്ദേഹം പറയുന്നു:”ഈ പദ്യങ്ങള്‍ ഒരിക്കല്‍ മിതവാദിയില്‍ പ്രസിദ്ധം ചെയ്തിട്ടുള്ളതുകൊണ്ട് പഴകിപ്പോയ ഇവയെ ഭാഷാപോഷിണി സ്വീകരിക്കുമോ’ എന്നായിരുന്നു ഈ വിശിഷ്ടഖണ്ഡകാവ്യം ഭാഷാപോഷിണിയില്‍ ചേര്‍ക്കാന്‍ അനുവാദം തരുമോ എന്നു എഴുതിച്ചോദിച്ചതില്‍ ഇതിന്റെ കര്‍
ത്താവായ എന്റെ സ്‌നേഹിതന്‍ എനിക്കയച്ചു തന്ന മറുപടി.” വീണപൂവ് മികച്ച ഒരു കവിതയാണ് എന്ന് ആശാനുതന്നെ വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് തലശ്ശേരിയില്‍നിന്നു പ്രസിദ്ധപ്പെടുത്തിയ, അധികമാരും കാണാനിടയില്ലാത്ത മിതവാദിക്ക് ആശാന്‍കവിത അയച്ചുകൊടുത്തത്. വീണപൂവ് ഭാഷാപോഷിണിയില്‍ വന്നതോടെ ആ സംശയം മാറി. അതോടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു എന്ന് ‘നളിനി’ക്ക് എഴുതിയ ആമുഖത്തിലെ വാക്കുകള്‍ തെളിവാണ്.

വീണപൂവിന്റെ വിവിധ മാനങ്ങളെ സൂക്ഷ്മമായി പരിശോധിക്കുന്ന ജയകുമാര്‍, കവിത പ്രസരിപ്പിക്കുന്ന പിരിമുറുക്കത്തിലൂടെ പ്രത്യക്ഷപ്പെടുന്ന കാവ്യോര്‍ജ്ജത്തെ സൂക്ഷ്മമായി തിരിച്ചറിയുന്നുണ്ട്. കവിതയ്ക്ക് പുതിയ കാഴ്ചകള്‍ കാണുന്ന കണ്ണും പുതിയ വിചാരങ്ങള്‍ വിളയുന്ന മനസ്സും പുതിയ വികാരങ്ങള്‍ തളിര്‍ക്കുന്ന ഹൃദയവുമുണ്ടെന്ന് വീണപൂവ് സാക്ഷ്യപ്പെടുത്തുന്നു. അത് മലയാളകവിതയിലെ കാല്പനികതയുടെ പ്രാരംഭം എന്നതിലുപരി ഭാവുകത്വപരിവര്‍ത്തനത്തിന്റെ രൂപകവുമാണ്. അത് കവിതയില്‍ മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല. ഈ നിരീക്ഷണം മലയാളസാഹിത്യത്തിന്റെ സമഗ്രമായ വളര്‍ച്ചയിലേക്കുള്ള ഒരു വഴികാട്ടിയായി മാറുന്നു. ആശാന്‍ കാവ്യങ്ങളിലെല്ലാം വീണപൂവിനെ ദര്‍ശിക്കുന്ന ജയകുമാര്‍, അതുമായി ഇണങ്ങാതെ മാറിനില്ക്കുന്ന സീതാകാവ്യത്തെ വിശകലനം ചെയ്യുമ്പോള്‍ നിരീക്ഷിക്കുന്നു. രാമനുമായി ഇനിയൊരു സമാഗമം താന്‍ ആഗ്രഹിക്കുന്നില്ല എന്ന നിഗമനത്തോടെ സീത മറ്റു നായികമാരില്‍ നിന്നു വ്യത്യസ്തയാകുന്നു. ലീലയും നളിനിയും വാസവദത്തയും സമാഗമമുഹൂര്‍ത്തം കാംക്ഷിച്ച് എത്തിയവരാണ്. സീത അത്തരം ഒരു സാദ്ധ്യത ഉണ്ടാകരുതേ എന്ന് ആഗ്രഹിക്കുകയും അത് ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സമാഗമനിര്‍വൃതിയിലാണ് മറ്റു നായികമാര്‍ മൃത്യുവിനെ ആശ്ലേഷിക്കുന്നത്. എന്നാല്‍, സമാഗമം നല്കുന്ന അപമാനാഗ്നിയാണ് സീതയെ തിരോധാനത്തിലേക്കു നയിക്കുന്നത്. വ്യതിയാനങ്ങള്‍ നിലനില്ക്കുമ്പോഴും സാദൃശ്യങ്ങള്‍ കാണുമ്പോഴും ഓരോ കൃതിയും വ്യത്യസ്തമായിരിക്കാന്‍, തനിമയോടെ ആവിഷ്‌കരിക്കുവാന്‍ ആശാനു സാധിച്ചു.

ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകത്തിലെ സ്ത്രീപക്ഷസാഹിത്യത്തിന്റെ അഗ്രഗാമിയെന്ന കീര്‍ത്തി വീണപൂവിന് അവകാശപ്പെടാവുന്നതാണ്. ഒരു പൂവിന്റെ അകാലമൃത്യുവിലൂടെ സ്ത്രീജീവിതത്തിന്റെ അന്തഃസംഘര്‍ഷങ്ങളെയും ദുരന്തത്തെയും കേന്ദ്രപ്രമേയമാക്കിയ കവിത, പെണ്ണുടലിന്റെ സമകാലികാവിഷ്‌കാരങ്ങളില്‍നിന്ന് ഭിന്നവും സ്വതന്ത്രചിന്തയാല്‍ സ്വത്വം നേടിയ സ്‌നേഹസാഹസികയായ സ്ത്രീയുടെ സ്വാതന്ത്ര്യപ്രഖ്യാപനവുമായിരുന്നു. ആ പ്രമേയം ആശാന്‍ സ്വന്തം കാവ്യങ്ങളിലെല്ലാം കേന്ദ്രപ്രമേയമാക്കി മാറ്റുകയും പരീക്ഷിച്ച് വിജയിപ്പിക്കുകയും ചെയ്തു. ആശാനെപ്പോലെ ഉള്ളാഴമുള്ള കവിയുടെ രചനാരസതന്ത്രം അതീവ സങ്കീര്‍ണ്ണമാണ്. വ്യക്തിജീവിതാനുഭവങ്ങളും സാമൂഹികജീവിതാനുഭ വങ്ങളും കൂടിച്ചേര്‍ന്ന് കാവ്യപ്രമേയങ്ങളായും ഇതിവൃത്തങ്ങളായും പെട്ടെന്ന് വാര്‍ന്നുവീഴുകയല്ല ചെയ്യുന്നത്. അവ കവിമനസ്സില്‍ കാലങ്ങളോളം കിടന്ന് പാകപ്പെടുകയും ഏതോ രാസപ്രക്രിയയാല്‍ കാവ്യവിഷയങ്ങളായി പരിണമിക്കുകയുമാണ് ചെയ്യുന്നത്. കരിക്കട്ട വജ്രമായി മാറുന്ന സര്‍ഗ്ഗപ്രക്രിയ. ഒരേസമയം വേരുകളിലൂടെ മണ്ണിലേക്കും ശാഖോപശാഖകളിലൂടെ അന്തരീക്ഷത്തിലേക്കും കേന്ദ്രീകരിച്ച് വളരുന്ന വൃക്ഷത്തിന്റെ ബഹുമുഖമായ ശ്രദ്ധ. ലളിതവ്യാഖ്യാനങ്ങള്‍ക്ക് വിധേയമാകുന്ന കാര്യങ്ങള്‍പോലും സര്‍ഗ്ഗനിമിഷങ്ങളില്‍ വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങാത്തവയും സങ്കീര്‍ണ്ണവുമായിത്തീരുന്നു എന്ന സൃഷ്ടിരഹസ്യം കവികൂടിയായ ജയകുമാര്‍ അനുഭവത്തിലൂടെ മനസ്സിലാക്കിയിരിക്കുന്നു. അദ്ദേഹം പറയുന്നു–”ഏതൊക്കെ വിശിഷ്ടകാവ്യങ്ങളിലൂടെ ആശാന്‍ എന്ന മഹാകവി അമരപ്രതിഷ്ഠനേടിയോ ആ രചനകളുടെ ആന്തരികസംഘര്‍ഷമാണ് വീണപൂവിന്റെ ഹൃദയസ്പന്ദം. സ്‌തോത്രകാരന്റെ സ്വത്വത്തില്‍ നിന്ന് ആശാന്റെ സംഘര്‍ഷഭരിതമായ മനസ്സ് ഗാഢമായി ആഗ്രഹിച്ചു നേടിയ മോചനമായിരുന്നു അത്. ഈ മഹാവിച്ഛിത്തിയുടെ തിളങ്ങുന്ന ചിഹ്നമാണ് വീണപൂവ്. കവി അതുവരെ ആര്‍ജ്ജിച്ച ആത്മീയജ്ഞാനവും സാമൂഹികബോധവും ജീവിതാവബോധവും മനുഷ്യസ്‌നേഹവും ഈ കവിതയില്‍ കാലത്തിന്റെ ഇന്ദ്രജാലത്താലെന്നവണ്ണം സംലയിക്കുന്നു. സന്ന്യാസിയില്‍നിന്നു മനുഷ്യനിലേക്കുള്ള ദൂരമാണ് സ്‌തോത്രകൃതികളില്‍ നിന്നു വീണപൂവിലേക്കുള്ളത്.”

Comments are closed.