DCBOOKS
Malayalam News Literature Website

കെജ്‌രിവാളും യോഗേന്ദ്ര യാദവും ‘വലതുപക്ഷ ഫാസിസത്തിനെതിരെ’ ഒരുമിക്കുന്നു

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്നു യോഗേന്ദ്ര യാദവും രണ്ടുവര്‍ഷത്തെ അകല്‍ച്ചയ്ക്കുശേഷം ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു.

വലതുപക്ഷ ഫാസിസത്തിനെതിരെ ഐക്യപ്പെടുകയെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇവര്‍ ഒരുമിക്കുന്നത്. എ.എ.പി, യോഗേന്ദ്ര യാദവ് നയിക്കുന്ന സ്വരാജ് അഭിയാന്‍ എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം ട്രേഡ് യൂണിയനുകളും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും ഈ പോരാട്ടത്തില്‍ അണിചേരും.

ഈ ഫോറം സ്വയം വിശേഷിപ്പിക്കുന്നത് ‘ജനാധിപത്യത്തെ രക്ഷിക്കാനുള്ള ജനാധിപത്യ സഖ്യം’ എന്നാണ്. പോരാട്ടത്തിന്റെ തുടക്കമെന്നോണം ഒക്ടോബര്‍ അഞ്ചിന് ദല്‍ഹിയില്‍ വമ്പന്‍ റാലി സംഘടിപ്പിക്കാനും ഫോറം പദ്ധതിയിട്ടു. പശുവിന്റെ പേരില്‍ കൊലപാതകങ്ങള്‍, ഗൗരി ലങ്കേഷിന്റെ കൊലപാതകം എന്നിവയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയാണ് റാലി സംഘടിപ്പിക്കുക.

‘പ്രതികരിക്കേണ്ട സമയമാണ് ഇത്. വലതുപക്ഷ ഫാസിസത്തില്‍ നിന്നും വിശാലമായ ജനാധിപത്യ സഖ്യത്തിലൂടെ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ രംഗത്തിറങ്ങണമെന്ന് ഞങ്ങള്‍ എല്ലാ പൗരന്മോടും ആവശ്യപ്പെടുന്നു.’ ഫോറം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് മന്ദി ഹൗസിനും ജന്തര്‍മന്തറിനുമിടയില്‍ റാലി നടക്കുക. അടുത്തിടെ ഈ പാര്‍ട്ടികള്‍ ഒരുമിച്ചു നിന്ന് നര്‍മ്മദാ ബചാഓ സമരത്തെ പിന്തുണച്ചിരുന്നു.

 

Comments are closed.