DCBOOKS
Malayalam News Literature Website

ദേശാഭിമാനിമാനി ‘ജനകീയ കലോത്സവം’ സംഘടിപ്പിക്കുന്നു

arivarangu

ദേശാഭിമാനിമാനിയുടെ നേതൃത്വത്തില്‍ ‘അറിവരങ്ങ്’ – ജനകീയ കലോത്സവം സംഘടിപ്പിക്കുന്നു. നാട്ടിന്‍പുറങ്ങള്‍ക്ക് അന്യമാകുന്ന കലാസമിതി കൂട്ടായ്മയെയും സര്‍ഗാത്മകതയെയും തൊട്ടുണര്‍ത്തുന്നതാണ് ഈ ജനകീയ കലോത്സവം. അറിവും സര്‍ഗവൈഭവവും സമന്വയിക്കുന്ന വേറിട്ട അരങ്ങനുഭവത്തിന് ജൂലൈ ഒമ്പതിന് തുടക്കമാകും.

സംസ്ഥാനത്തെ മുഴുവന്‍ ഗ്രന്ഥശാല, കലാസമിതി, കൂട്ടായ്മകള്‍, കുടുംബശ്രീ എന്നിവയുടെ പൂര്‍ണ്ണ പങ്കാളിത്തത്തോടെയാണ് അറിവരങ്ങ് ഒരുക്കുന്നത്. ആദ്യം പ്രഥമിക തലത്തിലാണ് മത്സരങ്ങള്‍ നടത്തുക. നാടന്‍പാട്ട്, സംഘഗാനം എന്നീ ഗ്രൂപ്പിനങ്ങളിലും കവിതാലാപനം, ക്വിസ് എന്നീ വ്യക്തിഗത ഇനങ്ങളിലുമാണ് മത്സരം. സ്ത്രീപുരുഷഭേദമില്ലാതെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെയുള്ളവരുടെ സര്‍ഗവേദിയാകും അറിവരങ്ങ്. അഞ്ചുവയസ്സുമുതല്‍ വിവിധപ്രായക്കാരെ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഓരോ ഇനങ്ങളിലും മത്സരം. 35 വയസ്സിന് മുകളിലുള്ള വിഭാഗത്തില്‍ ഏത് പ്രായക്കാര്‍ക്കും പങ്കെടുക്കാം.

തൊഴിലാളികളും കര്‍ഷകരും യുവാക്കളും കുട്ടികളും സ്ത്രീകളും തുടങ്ങി സമൂഹത്തിലെ മുഴുവന്‍ വിഭാഗങ്ങള്‍ക്കും കലാവിരുത് പ്രകടിപ്പിക്കാന്‍ കഴിയുന്ന അനന്യമായ വേദി സംസ്ഥാനത്ത് ഇതാദ്യമാണ്. അച്ഛനും അമ്മയും മക്കളും ഒരുവേദിയില്‍ മാറ്റുരയ്ക്കുന്ന വേറിട്ട കാഴ്ചയ്ക്കും മേള സാക്ഷ്യം വഹിക്കും.

ലൈവ് ഷോകളില്‍നിന്ന് കുടിയിറക്കപ്പെട്ട കൂട്ടായ്മയുടെ സര്‍ഗസംഗീതമായ നാടന്‍പാട്ടും സംഘഗാനവുമാണ് അറിവരങ്ങിന്റെ പ്രധാന ആകര്‍ഷണം. ഗ്രാമോത്സവങ്ങളെ തുടര്‍ന്ന് പഞ്ചായത്ത്, താലൂക്ക്, ജില്ല, സംസ്ഥാനതലമത്സരങ്ങള്‍ നടക്കും. ഓരോ തലത്തിലുള്ള മത്സരവും സംസ്ഥാനത്താകെ ഒറ്റ ദിവസമാണ് നടക്കുക. 23ന് പഞ്ചായത്ത് തലം. 30ന് താലൂക്ക്, ആഗസ്റ്റ് 13ന് ജില്ലാതലം, 27ന് സംസ്ഥാനമത്സരം.

പ്രാഥമികഘട്ടംമുതല്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കും. സംസ്ഥാനതലത്തില്‍ ഗ്രൂപ്പിനത്തില്‍ ഒന്നാംസമ്മാനം ഒന്നരലക്ഷം രൂപയും രണ്ടാംസമ്മാനം 75000 രൂപയുമാണ്. വ്യക്തിഗത ഇനത്തില്‍ ഇത് യഥാക്രമം ഒരുലക്ഷം, 50000 രൂപ ലഭിക്കും.

Comments are closed.