DCBOOKS
Malayalam News Literature Website

”അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ …… ‘ഒഎൻവി യുടെ ഓർമ്മകളിലൂടെ

onv-kurup

തന്റെ പ്രിയപ്പെട്ട ഗാനരചനകളെ ഈണത്തിന്റെ ചിറകിലേറ്റി ഘോഷിച്ച ഏതാനും വിശ്രുത ചലച്ചിത്ര സംവിധായകരോടൊപ്പം നിവർത്തിച്ച പാട്ടുകാലത്തെകുറിച്ചുള്ള സ്പന്ദിക്കുന്ന ഓർമ്മകളാണ് നമ്മുടെ പ്രിയകവി ഒഎൻ വി അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ എന്ന പുസ്തകത്തിലൂടെ നമ്മോട് പങ്കുവയ്ക്കുന്നത്. ഒഎൻ വി യുടെ രചനയ്ക്ക് ആദ്യമായി സംഗീതം പകർന്ന ജി ദേവരാജനിൽ തുടങ്ങി ബാബുരാജ് , എം ബി ശ്രീനിവാസൻ , വി. ദക്ഷിണാമൂർത്തി , സലിൽ ചൗധരി , ബോംബെ രവി കെ രാഘവൻ , ജോൺസൺ , രവീന്ദ്രൻ , എംജി രാധാകൃഷ്ണൻ , എ ടി ഉമ്മർ , ഉദയഭാനു , എന്നിവരുമായി പങ്കിട്ട ജന്മാന്തര സൗഹൃദത്തിന്റെ സ്മരണയ്ക്ക് മുന്നിൽ അർപ്പിക്കുന്ന ബലിപുഷ്പങ്ങളാണ് ഈ ഓർമ്മപ്പുസ്തകം.

വാക്കുകളെ ‘തൊട്ട്’ വജ്രശോഭമാക്കുന്ന മാന്ത്രികനാണ് രവി ബോംബെ. രവി ബോംബെയുമൊത്ത് പാട്ടുകളൊരുക്കാനുള്ള നിയോഗം എം.ടി.യും ഹരിഹരനും എന്നിലര്‍പ്പിച്ചപ്പോള്‍ ആഹ്ലാദത്തോടൊപ്പം …….

ഒഎൻ വി പറയുന്നു ……

ചൗദ്‌വിന്‍ കാ ചാന്ദ്, വഖ്ത്, ഗുമ്‌റാഹ്, വചന്‍ തുടങ്ങിയ നിരവധി ഹിന്ദിചിത്രങ്ങളിലെ മനോഹരമായ ഗാനങ്ങളിലൂടെ സംഗീതസംവിധായകനായ രവി കേരളത്തിലും പ്രശസ്തി നേടിയിരുന്നു. പൊതുവെ’ ‘മെലഡി’ ഇഷ്ടപ്പെടുന്ന കേരളീയര്‍ക്ക് ആ പാട്ടുകള്‍ ഏറെ പ്രിയപ്പെട്ടവയായി. രവിശങ്കര്‍ ശര്‍മ്മ മുംബൈ ചലച്ചിത്രലോകത്ത് ‘രവി’ യായി, കേരളത്തില്‍ രവി ബോംബെയായി– കേട്ടിടത്തോളം പല പ്രത്യേകതകളുമുള്ള ആ ട്യൂണുകളുടെ രചയിതാവിനോടൊപ്പം പാട്ടുകളൊരുക്കാനുള്ള നിയോഗം

എം.ടി.യും ഹരിഹരനും എന്നിലര്‍പ്പിച്ചപ്പോള്‍ ആഹ്ലാദത്തോടൊപ്പം ചില ആശങ്കകളും തോന്നാതിരുന്നില്ല.

ഉത്തരേന്ത്യക്കാരനായ സലില്‍ദായോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ

അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ
അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ

അനുഭവപരിചയങ്ങളുണ്ടായിരുന്നെങ്കിലും, പല നിലയിലും ഞങ്ങള്‍ക്കൊരു സമാനഹൃദയത്വമുണ്ടായിരുന്നു എന്നത് ബന്ധത്തിന്റെ കണ്ണികള്‍ മുറുക്കിക്കൊണ്ടിരുന്നു. എന്നാല്‍ രവിയും ഞാനും തമ്മില്‍ തീര്‍ത്തും വ്യക്തിപരമായ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. ഐ.പി.ആര്‍.എസ്. യോഗങ്ങള്‍ക്കു വരാറുള്ള ഉത്തരേന്ത്യന്‍ സംഗീതക്കാരേപ്പോലെ തുന്നല്‍ച്ചിത്രങ്ങളുള്ള നീളന്‍ ജുബ്ബയും അഗ്രം കൂമ്പിവളഞ്ഞ കൊലാപ്പുരി പാദരക്ഷയുമൊക്കെയണിഞ്ഞ ഒരാളെ പ്രതീക്ഷിച്ചുചെന്ന എനിക്ക് ഒരു മുറിക്കയ്യന്‍ ഷര്‍ട്ടും സാധാരണപാന്റും ചെരുപ്പുമിട്ട സൗമ്യശാന്തനായ ഒരാളെയാണ് മുന്നില്‍ കാണാനിടയായത്. ആ മുഖത്തെ സാത്വികഭാവം ഞാനാദരവോടെ ഇന്നുമോര്‍ക്കുന്നു. ആദ്യമേതന്നെ ഞാന്‍ ചോദിച്ചു: ”ട്യൂണുണ്ടാക്കിയിട്ട് അതിനനുസരിച്ചെഴുതുകയാണോ, അതോ, ലിറിക് എഴുതിയിട്ട് സ്വരപ്പെടുത്തുകയാണോ ഏതാണ് താങ്കളുടെ രീതി?” പെട്ടെന്നാണതിനു മറുപടിയുണ്ടായത്: ”ഹിന്ദിയിലെയും ഉറുദുവിലെയും പ്രശസ്തശായര്‍ (കവി) മാരെഴുതിയ കവിതകള്‍ ട്യൂണ്‍ ചെയ്തതാണെന്റെ സംഗീതം.” തുടര്‍ന്ന് രവിദാ പ്രശസ്തകവിയായ സഹീര്‍ലുധിയാന്‍വിയുടെ ഒരു കവിത ആദ്യം ചൊല്ലിക്കേള്‍പ്പിച്ചു. പിന്നെ അത് താന്‍ ട്യൂണ്‍ ചെയ്തരീതിയിലും. ”വെളിച്ചത്തിനെന്ത് വെളിച്ചം!”എന്ന് ബഷീറിയന്‍ ശൈലിയില്‍ ഞാന്‍ അത്ഭുതം പൂണ്ടിരുന്നു.

”ആരെയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ!”
എന്ന പാട്ടാണ് ആദ്യം ഞാന്‍ പറഞ്ഞുകൊടുത്തത്. രവിദാ ദേവനാഗരിലിപിയിലെഴുതിയെടുത്തു. അതിന്റെ
‘ജന്മ താള’ത്തില്‍ ഞാനത് ചൊല്ലിക്കൊടുത്തു–വാക്കിനു വാക്ക്, വരിക്കു വരി അര്‍ത്ഥവും ചോദിച്ചു മനസ്സിലാക്കിയിട്ട് ആദ്യമത് സ്വരപ്പെടുത്തിക്കേള്‍പ്പിച്ചതിങ്ങനെയാണ്:
”ആരെയും ഭാവ-ഗായകനാക്കും
ആത്മസൗന്ദര്യ-മാണു നീ–”
അങ്ങനെ വരി മുറിയുന്നത് ശരിയാവില്ലെന്ന് പറഞ്ഞപ്പോള്‍, രവിദാ ഇങ്ങനെ മാറിച്ചൊല്ലി:
”ആരെയും–ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ!”
ആരെയും എന്നു കഴിഞ്ഞുള്ള ക്ഷണമാത്രമായ ആ നിശ്ശബ്ദതയെ fantastic pause എന്ന് ഞാന്‍ പൊടുന്നനെ പറഞ്ഞുപോയി!
‘നമ്രശീര്‍ഷരും’, ‘കമ്രനക്ഷത്രകന്യകളു’മൊക്കെ അദ്ദേഹം കണ്ണടച്ചിരുന്നാസ്വദിച്ചു പാടി. കവിത വായിച്ചര്‍ത്ഥം മനസ്സിലാക്കി സ്‌നേഹം പകര്‍ന്ന് തിരിനീട്ടിത്തിളക്കുംപോലെ സംഗീതം നല്കുന്ന ആ രീതി പഴയതാവാം. പക്ഷേ, പഴയതെല്ലാം പാടേ നിരാകരിക്കേണ്ടതാണെന്ന അഭിപ്രായത്തോട് വിയോജിക്കാനാണെനിക്കിഷ്ടം.
തുടര്‍ന്ന് മഞ്ഞള്‍പ്രസാദമെന്ന ഗാനമാണ് ചിട്ടപ്പെടുത്തിയത്. വിജ്ഞാന്‍ ഭവനെ ‘വിജ്യാന്‍ഭവ’ നാക്കുന്ന ഹിന്ദിയില്‍ നമ്മുടെ ‘ഞ്ഞ’യെ തത്സമമായി ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. തല്‍ക്കാലം ‘മഞ്ചള്‍’ എന്നെഴുതാം. അക്ഷരങ്ങളെ സ്വരപ്പെടുത്തുക എന്നതാണല്ലോ ഇവിടെ പ്രശ്‌നം. ഏതാനും നിമിഷങ്ങള്‍കൊണ്ട് അത് രവിദാ സംഗീതത്തിലേക്കു പരാവര്‍ത്തനം ചെയ്തു.

ഗുരുവായൂരമ്പലത്തിന്റെ അന്തരീക്ഷസൃഷ്ടിക്ക് ആവശ്യമായ നാടന്‍ വാദ്യോപകരണങ്ങള്‍ ഉചിതമായി പ്രയോഗിച്ചപ്പോള്‍ ആ പാട്ടിനൊരു തദ്ദേശത്തനിമയും കൈവന്നു. നാലു ചിത്രങ്ങള്‍ക്കുവേണ്ടി മാത്രമേ ഞങ്ങള്‍ ഒന്നിച്ചുകൂടിയിട്ടുള്ളൂ. ആ നാല് സന്ദര്‍ഭങ്ങളും മറക്കാനാവാത്തതാണ്. കവികളോടദ്ദേഹത്തിനുള്ള ആദരവ് ആ പെരുമാറ്റത്തില്‍ പ്രകടമായിരുന്നു. ഒരു ജ്യേഷ്ഠനോടുള്ള സ്‌നേഹാദരങ്ങളെനിക്ക് രവിദായോടും തോന്നിയിരുന്നു. ‘വൈശാലി’യുടെ അവസാനഭാഗത്ത്, മഴയില്ലാത്ത നാട്ടില്‍, മഴ തിമിര്‍ത്തുപെയ്യുമ്പോഴുണ്ടാകുന്ന ആത്മവിസ്മൃതിയിലാണ്ട ആള്‍ക്കൂട്ടത്തിന്റെ പാട്ടും കൂത്തും ഒരു നിര്‍ണ്ണായകസന്ദര്‍ഭമാണ്. രവിദായുടെ മുന്നിലിരുന്ന് ഓരോ വരിയും ഉറക്കെപ്പറഞ്ഞുകൊണ്ടാണ് ഞാന്‍ കടലാസില്‍ കുറിച്ചത്. ‘ദും ദും ദും ദുന്ദുഭിനാദം…’ എന്നു ഞാന്‍ പറഞ്ഞപ്പോഴേക്കും ”നാദം–നാദം” എന്ന് രവിദാ അനുപൂരകമായി ഉറക്കെച്ചൊല്ലി. ആ വരികള്‍ ഹാര്‍മ്മോണിയത്തില്‍ ദ്രുതഗതിയില്‍ വായിച്ചു. ഭൂരിഭാഗമാളുകളുടെ ആനന്ദമദം പൂണ്ട നൃത്തത്തിനിടയില്‍ ആരൊക്കെയോ മഴയില്‍കുതിര്‍ന്നുവീഴുന്നു; ചവുട്ടിയരയ്ക്കപ്പെടുന്നു. ഇതില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ ഏകാന്തദീപ്തമായ അന്തരീക്ഷത്തിലാണ് ‘ഇന്ദുപുഷ്പം ചൂടിനില്ക്കും രാത്രി’ എന്നും, ‘ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളില്‍’ എന്നും തുടങ്ങുന്ന പാട്ടുകള്‍. അവ പിറന്ന സര്‍ഗ്ഗാത്മകനിമിഷങ്ങളും ഓര്‍മ്മയിലിന്നും ചിറകൊതുക്കിയിരിക്കുന്നു.

‘സഹസ്രദളസംശോഭിത നളിനം
പോലെ മഹാഗഗനം!
സമസ്ത ഭുവനം പോറ്റുമനാദി–
മഹസ്സിന്‍ സോപാനം!’ —
എന്നും
‘ബന്ധങ്ങളേ! സ്‌നേഹബന്ധങ്ങളേ!
ജന്മാന്തരസ്‌നേഹബന്ധങ്ങളേ!
ബന്ധുരമാനസബന്ധങ്ങളേ!
പിന്‍തുടര്‍ന്നെത്തുമനന്തമാമജ്ഞാത
കാന്തതരംഗങ്ങളേ’

എന്നും, എഴുതാനെനിക്ക് ധൈര്യം കൈവന്നത് കവിതകള്‍ ട്യൂണ്‍ ചെയ്ത് ജനപ്രിയമാക്കുന്ന രവിദായുടെ ശീലംകൊണ്ടും എം.ടി.യുടെ ആനുകൂല്യംകൊണ്ടുമാണ്.
ഐ.പി.ആര്‍.എസ്സിനെ ചൂഷകരായ ഇടനിലക്കാരുടെ കൈയില്‍നിന്ന് മോചിപ്പിച്ച്, എഴുത്തുകാരുടെയും സംഗീതകാരന്മാരുടെയും അധീനതയിലാക്കുക എന്ന ക്ലേശപൂര്‍ണ്ണമായ ദൗത്യം നിറവേറ്റിയിട്ട് എം.ബി.എസ്. അന്ത്യയാത്രയായപ്പോള്‍, തല്‍സ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ടത് സാക്ഷാല്‍ നൗഷാദ് അലിയാണ്. ആ കാലഘട്ടത്തില്‍ രവിദായും ഡയറക്ടര്‍ ബോര്‍ഡിലംഗമായി. അവിടെ രവിദായെ ഹിന്ദിയുടെയും മലയാളത്തിന്റെയും പ്രതിനിധിയെന്നു ചിലര്‍ തമാശ പറഞ്ഞെങ്കിലും അതില്‍ സത്യമുണ്ടായിരുന്നുവല്ലോ–കുറേക്കൂടി കഴിഞ്ഞപ്പോള്‍ നൗഷാദ് സാഹിബ്ബും ഒരു മലയാളചിത്രത്തിന് സംഗീതം നല്കിയതോടെ, ആ സത്യം ബാധകമായി. പിന്നെ, ‘ഖയ്യാ’മിനുമുണ്ടായി അങ്ങനെയൊരു മോഹം! എന്നോടദ്ദേഹമത് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിഫലം മലയാളസിനിമയ്ക്കു താങ്ങാവുന്നതിനപ്പുറമായിരുന്നു!

രവിദായ്ക്ക് രാഷ്ട്രീയച്ചായ്‌വുകളൊന്നുമുണ്ടായിരുന്നതായി എനിക്കറിവില്ല. അദ്ദേഹത്തിന് ഇന്ത്യന്‍സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പൊതുതാത്പര്യങ്ങളല്ലാതെ മറ്റെന്തെങ്കിലും ഉള്ളതായി അനുഭവപ്പെട്ടിട്ടില്ല. ബംഗാളിയായ സലില്‍ദാ ഭാഷകള്‍ക്കതീതമായി ഇന്ത്യന്‍ സിനിമാരംഗത്ത് നിറഞ്ഞുനിന്ന കാലത്ത് ബോംബെയില്‍ ‘ശത്രുക്കള്‍’ ഉണ്ടായി. എന്നാല്‍ രവിദാ മലയാളസിനിമയില്‍ പ്രശസ്തനായതിലും അദ്ദേഹം സംഗീതം ചെയ്ത സിനിമയിലെ പാട്ടുകള്‍ക്കും രചയിതാവിനും ഗായികയ്ക്കുമടക്കം ദേശീയപുരസ്‌കാരം കൈവന്നതിലുമൊക്കെ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളില്‍ ചിലര്‍ക്കെങ്കിലും തെല്ലൊരസൂയ തോന്നി എന്നതും മറ്റൊരു സത്യം. അസൂയാര്‍ഹമായ ആ വിജയത്തിന്റെ പിന്നിലെ കഷ്ടപ്പാടുകളാരറിയുന്നു! സ്വന്തം പിതാവിന്റെ ഭജന്‍ ഗീതികള്‍ കേട്ടു പഠിച്ചിട്ടുള്ളതല്ലാതെ രവിദായ്ക്ക് സംഗീതത്തില്‍ ഔപചാരികവിദ്യാഭ്യാസമൊന്നും ഉണ്ടായിരുന്നില്ല. ഹാര്‍മോണിയം വായിക്കാന്‍ തനിയേ പഠിച്ചു പരിശീലിച്ചതാണ്.

ജന്മദേശമായ ദില്ലി എത്രയോ വലിയ ഉസ്താദുമാരുടെ സങ്കേതമായിരുന്നെങ്കിലും സിനിമാരംഗത്തൊരു ‘ഇടം’ തേടി ബോംബെനഗരത്തിലെത്തിയതാണ് രവിദാ. പക്ഷേ, കൂടില്ലാക്കുയിലായി പറന്നലയേണ്ടിവന്നു. ഒരിക്കല്‍ നിസ്സംഗതയോടെ രവിദാ പറഞ്ഞു: ”രാത്രിയായാല്‍ മലാട് റെയില്‍വേസ്റ്റേഷനില്‍ ചേക്കേറിയ കാലമുണ്ടായിരുന്നു! പരാശ്രയമില്ലാതെ ജീവിക്കുക എന്നല്ലാതെ ‘സുഖിക്കുക’ എന്ന ലക്ഷ്യമില്ലായിരുന്നു” എന്നും കൂടി പറഞ്ഞപ്പോള്‍ അതിലൊരു വേദനാനുഭവത്തിന്റെ നെല്ലിക്കാച്ചുവയാണെനിക്കനുഭവപ്പെട്ടത്. വളരെ നീണ്ടകാലത്തെ ആ യാതനകളില്‍നിന്നൊരു മോചനം ലഭിച്ചത് ഹേമന്ത്കുമാര്‍ ഒരു കോറസ് പാടാന്‍ അവസരം നല്കിയപ്പോഴാണ്.

ബങ്കിം ചന്ദ്രചാറ്റര്‍ജിയുടെ ‘വന്ദേമാതരം’ എന്ന പാട്ടിന്റെ പിന്നണിസ്വരം പാടാന്‍ ലഭിച്ച ആ സന്ദര്‍ഭം സിനിമയിലേക്കുള്ള ആദ്യത്തെ ചുവടുവയ്പായി. പിന്നെ, സംഗീതസംവിധായകനെന്ന നിലയ്ക്കുള്ള അരങ്ങേറ്റവും ശ്രദ്ധേയമായി. ആശാഭോസ്ലെയും മഹേന്ദ്രകപൂറും രവിദായുടെ സംഗീതത്തിലൂടെ ജനപ്രിയഗായകരായി. ഒപ്പം മുഹമ്മദ് റാഫി പാടി അനശ്വരമാക്കിയ ചില ഗാനങ്ങള്‍ രവിദായുടെ തൊപ്പിയിലെ സ്വര്‍ണ്ണത്തൂവലുകളായി. അങ്ങനെ കഷ്ടപ്പാടുകളുടെ ശൈത്യത്തില്‍നിന്ന് കരകയറി. വാക്കുകളെ ‘തൊട്ട്’ വജ്രശോഭമാക്കുന്ന മാന്ത്രികത ഹിന്ദിയിലെപ്പോലെ മലയാളത്തിലും രവിദാ നിലനിര്‍ത്തി. ”മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി” എന്ന ഗാനം കേട്ടപ്പോള്‍ പച്ചിലച്ചീന്തില്‍ വെച്ചുസസ്‌നേഹം തന്റെ മുറപ്പെണ്ണ് പണ്ടു നീട്ടിയ മഞ്ഞള്‍പ്രസാദത്തിന്റെ കഥയോര്‍ത്തുപോയി എന്ന് ഒരു സുഹൃത്ത് പറയുകയുണ്ടായി. രവിദായുടെ സംഗീതവും ചിത്രയുടെ ആലാപനവുമാണ് അതിനു കാരണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്റെ അതിവിനയമെന്ന് അയാള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാവാം. ഇല്ല സുഹൃത്തേ, അഹംഭാവവും അതിവിനയവും ഒരേ നാണയത്തിന്റെ ഇരുവശമാണ്. എന്റെ മടിശ്ശീലയില്‍ അതു രണ്ടും പേരിനുമില്ല.

Comments are closed.