DCBOOKS
Malayalam News Literature Website

അപര്‍ണ്ണയുടെ തടവറകള്‍, അശ്വതിയുടേയും

യുവത്വം ആഘോഷിക്കാനുള്ളതാണെന്ന് ലോകത്തോട് മുഴുവന്‍ വിളിച്ചുപറയുകയും ഒടുവില്‍ യാഥാസ്ഥിതിക ലോകത്തിന്റെ കെട്ടുപാടുകളോട് ചുറ്റിപ്പിണഞ്ഞുകിടക്കുകയും ചെയ്യുന്ന യുവതലമുറയെയാണ് അപര്‍ണ്ണയുടെ തടവറകള്‍ (അശ്വതിയുടേയും) എന്ന നോവലിലൂടെ ചന്ദ്രമതി അവതരിപ്പിക്കുന്നത്. അപര്‍ണ്ണയുടേയും അശ്വതിയുടേയും ജീവിതസാഹചര്യങ്ങളെ താരതമ്യത്തിനു വിധേയമാക്കുന്നതിലൂടെ, വര്‍ത്തമാന കാലജീവിതത്തിന്റെ സംഘര്‍ഷങ്ങളെയെല്ലാംതന്നെ അഭിസംബോധന ചെയ്യുന്നു നോവലില്‍.

ഉന്നതപഠനത്തിനായി ട്രെയിനില്‍ ഡല്‍ഹിയിലേക്ക് യാത്രയാവുന്ന പെണ്‍കുട്ടിയാണ് അശ്വതി. അശ്വതി ട്രെയിനില്‍ വച്ച് വായിക്കുന്ന പുസ്തകമാണ് അപര്‍ണ്ണയുടെ തടവ റകള്‍. ഡല്‍ഹിയില്‍ വിദ്യാഭ്യാസം നടത്തുന്ന അപര്‍ണ്ണയും കൂട്ടുകാരും സൗഹൃദത്തിന്റെയും പ്രണയത്തിന്റേയും വ്യത്യസ്ഥലോകങ്ങള്‍ ആസ്വദിക്കുന്നവരാണ്. അതോടൊപ്പംതന്നെ സമകാലീനലോകത്തെ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടാനും അവര്‍ക്കു സാധിക്കുന്നുണ്ട്. ഡല്‍ഹിയില്‍ കാണുന്ന ഓരോകഥാപാത്രങ്ങളും വര്‍ത്തമാനകാല ജീവിതത്തിന്റെ പ്രതിരൂപങ്ങള്‍ ആണ്. തന്റെ മകള്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ചുവരു മ്പോള്‍ മറ്റേതെങ്കിലും മതസ്ഥനെ വിവാഹം കഴിക്കുമെന്ന ആശങ്കയുള്ള മാതാപിതാക്കള്‍ അവളുടെ ട്രെയിന്‍യാത്രയിലെ സഹയാത്രികനായ യുവകവിയും എന്‍ജിനീയറുമായ നരേന്ദ്രന് അപര്‍ണ്ണയെ വിവാഹം കഴിച്ചുകൊടുക്കുന്നു. ആ വിവാഹബന്ധമാകട്ടെ പൊരുത്തക്കേടുകളുടെയും ഒത്തുതീര്‍പ്പുകളുടെതുമായി മാറുന്നു. നോവല്‍ പുരോഗമിക്കുന്തോറും അപര്‍ണ്ണയുടെ തടവറകള്‍ അശ്വതിയുടേതും കൂടിയാവുകയാണ്.

ഭാവനയും യാഥാര്‍ത്ഥവും ഇടകലര്‍ന്നു നില്‍ക്കുന്ന രചനാശൈലിയാണ് ചന്ദ്രമതി ഈ നോവലില്‍ ഉപയോഗിച്ചിരിക്കുന്നത്. ഭാവനയും യാഥാര്‍ത്ഥവും ഒന്നുചേര്‍ന്നു പോകുന്ന അന്തരീക്ഷത്തില്‍ കഴിയേണ്ടിവരുന്ന യുവതലമുറയുടെ ചിന്തകളും, പ്രശ്‌നങ്ങളും തിരിച്ചറിയാനോ ബോധ്യപ്പെടുത്താനോ നോവലിസ്റ്റ് ശ്രമിക്കുന്നു.

തീവണ്ടി, കാമ്പസ്, കുടുംബം എന്നിങ്ങനെ മൂന്നു ഭാഗങ്ങളിലായാണ് ചന്ദ്രമതി ഈ നോവല്‍ രചിച്ചിരിക്കുന്നത്. നോവല്‍ ഡി സി സാഹിത്യോത്സവത്തില്‍ ഉള്‍പ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചത്. പ്രഗല്‍ഭയായ അധ്യാപികയും വിവര്‍ത്തകയുംകൂടിയായ ചന്ദമതിയുടെ യഥാര്‍ത്ഥപേര് ചന്ദ്രിക എന്നാണ്. ഓടക്കുഴല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട കഥകള്‍, ദേവീഗ്രാമം, ആര്യാവര്‍ത്തനം, റെയിന്‍ഡിയര്‍, ദൈവം സ്വര്‍ഗത്തില്‍, അന്നയുടെ അത്താഴവിരുന്ന്, ചന്ദമതിയുടെ രണ്ട് നോവെല്ലകള്‍, സൂര്യരാജാവിന്റെ പ്രണയിനി, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നിവയാണ് ശ്രദ്ധേയമായ രചനകള്‍.

Comments are closed.