DCBOOKS
Malayalam News Literature Website

ഹിലരിയുടെ പുസ്തകം: ആമസോണ്‍ നീക്കം ചെയ്തത് 900 റിവ്യുകള്‍

hilary

ഹിലരി ക്ലിന്റന്റെ പുസ്തകം ‘വാട്ട് ഹാപ്പന്‍ഡ്’ ചൊവ്വാഴ്ച്ച മുതലാണ് വില്‍പ്പനയ്‌ക്കെത്തിയത്. എന്നാല്‍ ഏകദേശം 1,600 റിവ്യൂകളാണ് പുസ്തകം പുറത്തിറങ്ങി 24 മണിക്കൂര്‍ കഴിയും മുമ്പ് എത്തിയത്. പലതും പുസ്തകത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിലായിരുന്നു. ഇതില്‍ 900ത്തോളം റിവ്യൂകള്‍ ആമസോണ്‍ നീക്കം ചെയ്തതായാണ് സൂചന.

ആളുകള്‍ പുസ്തകം വായിക്കാതെയാണ് അഭിപ്രായപ്രകടനങ്ങളും നിരൂപണവുമായി ഇറങ്ങിയതെന്നുള്ള പ്രസാധകന്റെ പരാതിയെത്തുടര്‍ന്നാണ് ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ നടപടി.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റണ് നേരിട്ട അപ്രതീക്ഷിത പരാജയത്തെക്കുറിച്ചാണ് പുസ്തകം. യഥാര്‍ത്ഥത്തില്‍ എന്താണ് നവംബര്‍ എട്ടിന് സംഭവിച്ച ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് കാരണം എന്നതാണ് പുസ്തകത്തിലൂടെ ഹിലരിയെന്ന അസാധാരണ രാഷ്ട്രീയ വ്യക്തിത്വം ചര്‍ച്ച ചെയ്യുന്നത്.

ഹിലരിയുടെ വിജയമായിരുന്നു അമേരിക്കയുൾപ്പെടെ എല്ലാ ലോക രാജ്യങ്ങളും പ്രതീക്ഷിച്ചത്. എന്നാല്‍ സകലരെയും ഞെട്ടിച്ചായിരുന്നു അമേരിക്കന്‍ രാഷ്ട്രീയത്തില്‍ യാതൊരു തയാറെടുപ്പുകളുമില്ലാതെ വന്ന ഡൊണാള്‍ഡ് ട്രംപ് എന്ന കൗശലക്കാരനായ ബിസിനസുകാരന്‍ ഹിലരിയെ പരാജയപ്പെടുത്തി പ്രസിഡന്റ് പദവിയിലെത്തിയത്. ഈ സംഭവങ്ങളാണ് പുസ്തകത്തിലൂടെ ഹിലരി വിവരിക്കാന്‍ ശ്രമിക്കുന്നത്. കുറ്റം തന്റേതല്ലെന്ന വിളിച്ചുപറയലാണോ ഇതെന്ന ചോദ്യം പല നിരൂപണങ്ങളിലും ഉയര്‍ന്നുവരുന്നുണ്ട്.

ഏറെ പ്രതീക്ഷയോടെയാണ് വാട്ട് ഹാപ്പന്‍ഡ് എന്ന പുസ്തകത്തെ സാഹിത്യലോകവും അമേരിക്കന്‍ രാഷ്ട്രീയ ലോകവും കണ്ടത്. അതേസമയം, പൊടുന്നനെയുള്ള നെഗറ്റീവ് റിവ്യുകള്‍ പുസ്തകത്തിനെതിരെയും ഹിലരിക്കെതിരെയുമുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഫലമായിട്ടാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 1,600 നിരൂപണങ്ങളില്‍ 338 എണ്ണം മാത്രമേ ആമസോണിലെ വെരിഫൈഡ് ഉപയോക്താക്കളില്‍ നിന്നൊള്ളൂവെന്നാണ് കണ്ടെത്തല്‍. എന്നാല്‍ പുസ്തകം ബുക്‌സ്‌റ്റോറില്‍ നിന്നുവാങ്ങി ആമസോണില്‍ ലോഗ് ഇന്‍ ചെയ്ത് റിവ്യൂ നടത്തിയവരാകാം ബാക്കിയുള്ളവർ എന്ന വാദത്തെ ആമസോണ്‍ അത്ര പരിഗണിക്കുന്നില്ല. ഇന്ത്യയില്‍ 523 രൂപയാണ് പുസ്തകത്തിന്റെ വില.

Comments are closed.