DCBOOKS
Malayalam News Literature Website

നടിയെ ആക്രമിച്ച കേസ്;മഞ്ജുവാര്യര്‍ പ്രധാന സാക്ഷി

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം പൊലീസ് ഉച്ചയ്ക്ക് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. നടിയും ദിലീപിന്റെ ആദ്യ ഭാര്യയുമായ മഞ്ജുവാര്യര്‍ പ്രധാന സാക്ഷിയാകുമെന്നാണ് വിവരം. രണ്ടുപേരെ മാപ്പുസാക്ഷിയാക്കിയും ദിലീപിനെ എട്ടാം പ്രതിയാക്കിയുമാണ് കുറ്റപത്രം സമര്‍പ്പിക്കുക.

പൊലീസുകാരനായ അനീഷ്, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാല്‍ എന്നിവരാണു മാപ്പുസാക്ഷികള്‍. പള്‍സര്‍ സുനിക്ക് അകമ്പടിപോയ പൊലീസുകാരനാണ് അനീഷ്. സുനി ദിലീപിനെ വിളിച്ചത് അനീഷിന്റെ ഫോണില്‍നിന്നാണെന്നു കണ്ടെത്തിയിരുന്നു. സുനിക്കുവേണ്ടി ജയിലില്‍നിന്നു കത്തെഴുതിയത് വിപിന്‍ലാല്‍ ആയിരുന്നു. കേസിലാകെ 14 പ്രതികളുണ്ട്. 385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം.

സിനിമാ മേഖലയില്‍നിന്നുമാത്രം 50ല്‍ അധികം സാക്ഷികളുണ്ട്. ആദ്യകുറ്റപത്രത്തിലെ ഏഴു പ്രതികളെ അതേപടി നിലനിര്‍ത്തും. കൃത്യം നടത്തിയവരും ഒളിവില്‍പോകാന്‍ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. ദിലീപിനെക്കൂടാതെ, അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരനായ വിഷ്ണു എന്നിവരും പുതിയ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠന്‍, വടിവാള്‍ സലീം, മാര്‍ട്ടിന്‍, പ്രദീപ്, ചാര്‍ലി, ദിലീപ്, മേസ്തിരി സുനില്‍, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആദ്യ എട്ടു പ്രതികള്‍ക്കുമേല്‍ കൂട്ടബലാല്‍സംഗക്കുറ്റം ചുമത്തി. എട്ടുമുതല്‍ 12 വരെ പ്രതികള്‍ക്കുമേല്‍ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. 12 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയത്. 400ല്‍ ഏറെ രേഖകള്‍ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കും. മൊബൈല്‍ ഫോണ്‍ രേഖകളും ഇതില്‍ ഉള്‍പ്പെടും.

Comments are closed.