DCBOOKS
Malayalam News Literature Website

സംസ്ഥാനത്ത് ഉച്ചഭാഷിണികള്‍ക്ക് കടുത്ത നിയന്ത്രണം

noise

സംസ്ഥാനത്ത് ഉച്ചഭാഷിണികള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. ആരാധനാലയങ്ങളിലേതുള്‍പ്പെടെ ഉച്ചഭാഷിണി ഉപേയാഗം കര്‍ശനമായി നിയന്ത്രിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. 1988ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, 1993ല്‍ ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച മാര്‍ഗ രേഖയുടെ ചുവടുപിടിച്ചാണ് ഉച്ചഭാഷിണി നിയന്ത്രണം നടപ്പാക്കുന്നത്.

ശബ്ദശല്യത്തിനെതിരെ സ്ഥിരമായി പൊതുതാല്‍പര്യ ഹര്‍ജികള്‍ കോടതിയില്‍ എത്തുന്നതും ഇതില്‍ സര്‍ക്കാരിന് കോടതിയില്‍ നിന്ന് ലഭിക്കുന്ന ശക്തമായ താക്കീതുകളുടെയും വെളിച്ചത്തിലാണ് ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ മാധ്യമങ്ങളില്‍ പരസ്യമായി നല്‍കിയിട്ടുണ്ട്.

വിവാഹം, ജന്മദിനം, ഗൃഹപ്രവേശനം തുടങ്ങിയ ആഘോഷങ്ങള്‍ക്ക് ബോക്‌സ് രൂപത്തിലുള്ള ഉച്ചഭാഷിണി മാത്രമേ ഉപയോഗിക്കാന് പാടുള്ളൂ. കോളാമ്പി പോലെയുള്ള ആംപ്ലിഫയറുകള്‍ പൂര്‍ണമായും നിരോധിച്ചു. ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍, മുസ്ലീം ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ ബോക്‌സ് മാതൃകയിലുള്ള ഉച്ചഭാഷിണികള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍ ഇവയുടെ ശബ്ദം ഈ ആരാധനാലയങ്ങളുടെ വളപ്പിന് പുറത്തുപോകാന്‍ പാടില്ല. മുസ്ലീംപള്ളികളിലെ ബാങ്ക് വിളിക്ക് മാത്രമാണ് ഇതില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ബാങ്കുവിളികള്‍ ഒരു മിനിറ്റുമാത്രം ദൈര്‍ഘ്യമുള്ളതിനാലാണിത്. ആരാധനാലയങ്ങളിലെ പ്രഭാഷണങ്ങള്‍, ഭക്തിഗാനങ്ങള്‍ റെക്കോര്‍ഡ് ഇടുന്നത്, മുസ്ലീം പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍, ക്രിസ്ത്യന്‍ പള്ളികളിലെ മറ്റ് ആഘോഷങ്ങളും ചടങ്ങുകള്‍ക്കും ഈ ചട്ടം കര്‍ശനമായി പാലിക്കണം.

ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിനും ഹൈക്കോടതിയില്‍ നിന്ന് സമാനമായ വിധി വന്നിരുന്നു. അനൂപ് ചന്ദ്രന്‍ നല്‍കിയ (ഡബ്ല്യൂ.പി.സി 7261/2017(എസ്) നം.) പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. വിധി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ മജിസ്‌ട്രേറ്റുമാര്‍, പോലീസ് കമ്മീഷണറുമാര്‍, ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍, തുടങ്ങി എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

Comments are closed.