DCBOOKS
Malayalam News Literature Website

“ആ നദിയോട് പേര് ചോദിക്കരുത്” പക്ഷേ ഞാൻ ചോദിച്ചു, ഇനി നിങ്ങൾ ചോദിക്കൂ…!

ഷീലാ ടോമിയുടെ ‘ആ നദിയോട് പേരു ചോദിക്കരുത്’ എന്ന നോവലിന് വിനീത് വിശ്വദേവ് എഴുതിയ വായനാനുഭവം 

“ആ നദിയോട് പേര് ചോദിക്കരുത്” പക്ഷേ ഞാൻ ചോദിച്ചു, ഇനി നിങ്ങൾ ചോദിക്കു…

ചുരുങ്ങിയ വാക്കുകളിൽ എന്തെങ്കിലും ഒന്നു കുറിയ്ക്കാൻ എന്നെ ചില പുസ്തകങ്ങൾ വായിച്ചാൽ നിർബന്ധിക്കും, ചിലതു ഇഷ്ടമായാലും ഒന്നും തന്നെ എഴുതാൻ തോന്നാറില്ല. പക്ഷേ മറ്റുചിലത് എന്തെഴുതുമെന്നും എവിടെ തുടങ്ങുമെന്ന രീതിയിൽ എന്റെ ചിന്തകളെ വല്ലാതെ അലട്ടാറുണ്ട്. അങ്ങനെയുള്ള ഒരു പുസ്തകത്തെക്കുറിച്ചാണ് ഞാൻ പറയാൻപോകുന്നത്. അത്തരം വിരളമായ പുസ്തകങ്ങളിൽ ഒന്നാണ് ഷീല ടോമിയുടെ “ആ നദിയോട് പേര് ചോദിക്കരുത് ” എന്ന പുസ്തകം.

വായിച്ച് കഴിഞ്ഞതിന്റെ അമ്പരപ്പിൽ നിന്നും മുക്തനാവാൻ കഴിയാതെ ഇപ്പോഴും ഞാൻ ആ നദിയുടെ ആഴങ്ങളിൽ ശ്വാസംമുട്ടുകയാണ്. ഈ പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പെഴുതാൻ ഞാൻ അത്രത്തോളം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. “വല്ലി” എന്ന പുസ്തകം വയനാടിന്റെ പ്രകൃതിയും ആദിവാസികളും കുടിയേറ്റക്കാരും അതിന്റെ ആശങ്കളുമാണ് തുറന്നുകാട്ടിയത്. എന്നാൽ “ആ നദിയോട് പേര് ചോദിക്കരുത് ” എന്ന പുസ്തകം വായനാസ്വാദകരെ ഒഴുകി കൊണ്ടുപോകുന്നത് കാൽചുവട്ടിൽ മണ്ണില്ലാതെ പാലായനം ചെയ്യപ്പെടുന്ന ഒരു വലിയ ജനവിഭാഗത്തിനു വേണ്ടിയാണ്. അത് മറ്റൊരു തലത്തിലേക്ക് വായനക്കാരനെ കൂട്ടികൊണ്ടുപോകുകയാണ് ഷീലാ ടോമി എന്ന എഴുത്തുകാരി ഇവിടെ ചെയ്തിരിക്കുന്നത്.

പിറന്ന മണ്ണിൽനിന്ന് പലായനം ചെയ്യേണ്ടിവന്ന ഒരു ജനതയും, ജനിച്ച മണ്ണിൽ തന്നെ അഭയാർഥികളാകേണ്ടി വരുന്ന മറ്റൊരു ജനതയും, ഇസ്രയേൽ – പാലസ്തീൻ സംഘർഷങ്ങളുടെ പരിണിത ഫലം അനുഭവിക്കേണ്ടി വരുന്ന Textഒരു കൂട്ടം മനുഷ്യരുടെ കഥ. അവിടേക്ക് റൂത്ത് എന്ന മെത്തപ്പേലെത്ത് (care giver) വിധിയുടെ കളിയോടമായി ആ നദിയിലേക്ക് ഒഴുകിയെത്തുന്നു. വയനാടൻ ഗ്രാമമായ പടമലയിൽ ജനിച്ച്, മാതാപിതാക്കൾ നഷ്ടമായി കന്യാസ്ത്രീകളുടെ സംരക്ഷണത്തിൽ വളർന്ന റൂത്ത്, നഴ്സിങ്പഠനം പൂർത്തിയാക്കി റിയാദിലെത്തുന്നത് ഇരുപതാം വയസ്സിലാണ്. വലിയ ഒരു ചതിക്കുഴിയിലായിരുന്നു മറ്റ് നാല് മലയാളി നഴ്സുമാർക്കൊപ്പം അവളും ചെന്നുപെട്ടത്. അവിടെ നിന്നു രക്ഷപെട്ട് നാട്ടിൽ തിരിച്ചെത്തിയ റൂത്തിനെ ആൽബർട്ട് വിവാഹം കഴിക്കുന്നു. ഒരു വാഹനാപകടത്തിൽ നട്ടെല്ലു തകർന്ന് കിടപ്പിലായ ആൽബർട്ടിനെയും അവരുടെ മക്കളായ തെരേസയേയും കാതറിനേയും പോറ്റാൻ റൂത്തിനു വീണ്ടും നാട് വിടേണ്ടി വരുന്നു. അങ്ങനെ ദുബായിയിൽ എത്തിയ റൂത്തിനെ കാത്തിരുന്നത് വലിയ ദുരന്തങ്ങൾ ആയിരുന്നു എങ്കിലും ദൈവാനുഗ്രഹത്താലും കുറച്ചാളുകളുടെ കാരുണ്യം കൊണ്ടും മാത്രം അവൾ രക്ഷപ്പെടുന്നുമുണ്ട്. ദുബായിയിൽ തന്റെ ജീവിതം അപകടത്തിലാണ് എന്നു മനസ്സിലായ റൂത്ത് നീനയുടെ സഹായത്തോടെ, വിശുദ്ധനാടുകളിലേക്ക് തീർത്ഥയാത്ര പോകുന്ന മലയാളികളുടെ ഒരു സംഘത്തോടൊപ്പം ചേർന്ന്, ഇസ്രയേലിൽഎത്തുന്നു. നസറെത്ത് എന്ന ഗ്രാമത്തിലായിരുന്നു അവൾക്കു ജോലി നൽകിയ ദവീദ് മെനഹെമിന്റെ കുടുംബം താമസിച്ചിരുന്നത്. നാലുവർഷത്തോളം ആ കുടുംബത്തിൽ ദവീദിന്റെ മെത്തപ്പോലത്തായി (കെയർ ഗിവർ ) കഴിഞ്ഞ കാലത്ത് റൂത്ത് കടന്നുപോകുന്ന ജീവിതമാണ് നോവലിന്റെ ഇതിവൃത്തം.

“നസറെത്ത്” എന്ന പേരിൽ ചെയ്യുന്ന വ്‌ളോഗിലൂടെ, പാലസ്തീൻ-ഇസ്രയേൽ സംഘർഷങ്ങളുടെയും രക്തവിലാപങ്ങൾ , റൂത്ത് ലോകത്തിനു മുന്നിലെത്തിക്കുന്നു. അഷേൽ ‘Warrior of light’ എന്ന ഫേസ്ബുക്ക് പേജിലൂടെ ഭരണകൂടങ്ങളുടെ കിരാതനീക്കങ്ങൾ തുറന്നുകാട്ടുന്നു. Hope എന്ന സന്നദ്ധസംഘടന വഴി സഹലും അഭയാർഥികൾക്കു മുന്നിൽ തുറന്നിടുന്ന സത്യത്തിന്റെ നേർവഴിയാകുന്നു. ഹമാസ് തീവ്രവാദിയായി മുദ്രകുത്തി ഇസ്രയേൽ വേട്ടയാടുന്ന സഹലിന്റെയും അയാളെ സഹായിക്കാനിറങ്ങുന്ന ആത്മസുഹൃത്തായ അഷേറിന്റെയും അനുഭവങ്ങളിലൂടെയാണ് മുഖ്യമായും നോവൽ പുരോഗമിക്കുന്നത്. പല തരത്തിൽ, പല മാനങ്ങളിൽ വായിച്ചുപോകേണ്ട ഒരു പുസ്തകമാണിത്.

റൂത്തിന്റ കൈപിടിച്ച് നടക്കുന്നത് ഒരു വല്ലാത്ത അനുഭവമാണ്. അവൾ അങ്ങനെ വെറുതെ നാട് കാണാൻ പോയതല്ല ” വീട് ചുമന്ന് ലോകത്തിന്റെ അറ്റത്തോളം യാത്ര ചെയ്തവരിൽ ” ഒരാളാണ് റൂത്ത് എന്ന നേഴ്സ് . ലോകത്തിന്റെ എല്ലാ കോണിലുമുള്ള പ്രവാസിയുടെ പ്രതിനിധി. അവൾ അവിടെ എത്തിച്ചേർന്നത് ദുരിത പർവ്വങ്ങളിലൂടെയുളള മരണമുഖങ്ങളിലൂടെ കനൽ വഴി താണ്ടിയാണ്.

മുസ്ലീം, ക്രിസ്ത്യൻ, ജൂതൻ മതവിശ്വാസികളുടെ പ്രധാന സ്ഥലമായ ഇസ്രയേൽ ആണ് കഥാപരിസരം എന്നത് കൈകാര്യം ചെയ്യാൻ ശ്രമകരമായ ബുദ്ധിമുട്ടുളളതുമാണ്. അവിടെ കൈകാര്യം ചെയ്യപ്പെടേണ്ട രാഷ്ട്രീയം മറ്റൊരു പ്രഹേളികയാണ്. ആ ദേശം തങ്ങളുടേത് ആണ് എന്ന് പറയാൻ ക്രിസ്ത്ര്യാനിക്കും മുസ്ലീമിനും, ജൂതനും ഒട്ടനവധി കാരണങ്ങളും ചരിത്രങ്ങളുമുണ്ട് എന്നതിനാൽ ആ ദേശത്ത് കൈ വെയ്ക്കുന്നവർ വഞ്ചിക്കപ്പെടാൻ സാദ്ധ്യതയുണ്ട്. എന്നാൽ ഒരു ക്രിസ്ത്യൻ സ്ത്രീയായ റൂത്ത് ഒരു ജൂത കുടുംബത്തിൽ നിന്നുകൊണ്ട് ഒരു പാലസ്തീൻ യുവാവിന് വേണ്ടി കരയുന്നു എന്നതാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്ന മനോഹരമായ വസ്തുത. മനുഷ്യത്വത്തിന്റെ ഒരേ ഒരു രാഷ്ട്രീയം മാത്രമേ ഇതിൽ ഉള്ളൂ.

നമ്മൾ കേട്ട് പരിചിതമായ ഇസ്രയേൽ പാലസ്തീൻ സംഘർഷങ്ങൾക്ക് ഇടയിൽ അനാഥനായ ഒരു പാലസ്തീനിയൻ യുവാവായ സഹൽ അൽ ഹാദിക്കും അവന്റെ ഒരേയൊരു പെങ്ങളായ സാറ അൽ ഹാദിക്കും വേണ്ടി അഷേൽ മെനഹേം എന്ന യഹൂദ യുവാവ് തന്റെ ജീവൻ പണയം വെച്ച് നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ഇത്. അതിനിടയിൽ അവർക്ക് കൈത്താങ്ങായി ഒരു മലയാളി ക്രിസ്ത്യൻ യുവതിയായ റൂത്ത് എത്തിച്ചേരുന്നിടത്താണ് കഥയുടെ തുടക്കം. ലോകം ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ പുതിയ ഒരു സ്നേഹക്രമം പിറവിയെടുക്കേണ്ടതുണ്ട്. അതാണ് ഈ നോവലിലൂടെ ഷീല ടോമി പറഞ്ഞു വെക്കാൻ ശ്രമിക്കുന്നത്.

യുദ്ധങ്ങളുടെയും പാലായനങ്ങളുടെയും തീഷ്ണതകളെക്കുറിച്ച് വാചാലമാകുന്നില്ല എങ്കിലും ചുരുങ്ങിയ വാക്കുകൾ കൊണ്ട് അതിന്റെ മുഴുവൻ വേദനകളും വായനക്കാരന്റെ മനസ്സിൽ നീറ്റലുണ്ടാക്കും വിധം കോറിയിട്ട്കൊണ്ടാണ് എഴുത്തുകാരി നമ്മളെ മുന്നോട്ടു കൊണ്ടുപോകുന്നത്. ബൈബിളിലെ ഉദ്ദരണികളും അവയുടെ ഉപയോഗവും എത്ര സൂക്ഷ്മമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത് നോവലിന് ഭംഗി കൂട്ടുന്നു.

“ഇത് സമാധാനത്തിന്റെ നഗരമല്ല. സ്ഫോടനങ്ങളുടെ നഗരമാണ്. നൂറ് നൂറ് തുണ്ടങ്ങളാൽ നിർമ്മിക്കപ്പെട്ടത്. ഇവിടെയുള്ളവരുടെ മനസ്സുകളും നൂറ് കഷണങ്ങൾ ” ഇതുപോലെ അനേകം മനോഹരമായ ഭാഗങ്ങളുണ്ട് ഈ പുസ്തകത്തിൽ നമുക്ക് കാണാൻ കഴിയും. നോവലിനെ അത്രമേൽ അലങ്കരിക്കുന്ന വാക്യ പ്രയോഗങ്ങളും പദവിന്യാസങ്ങളും പവിഴ മുത്തുകൾ പോലെ കോർത്തിണക്കിയിരിക്കുന്നു.

ഷീല ടോമി “വല്ലി ” യിലൂടെ എല്ലാവരേയും ഞെട്ടിച്ചു എന്നാൽ “ആ നദിയോട് പേര് ചോദിക്കരുത്” എന്ന തന്റെ രണ്ടാമത്തെ നോവലുകൊണ്ട് അതൊരു വെറും വരവല്ല എന്ന് തെളിയിച്ചു കഴിഞ്ഞു. റൂത്തിനൊപ്പം പടമലയിൽ നിന്ന് ദുബായ് വഴി ഇസ്രയേലിലൂടെയുളള ഒരു യാത്രയായിരുന്നു ഈ നോവൽ.

ആ നദിയുടെ ഓളങ്ങൾ കോരിയെടുക്കാൻ കഴിയുകയില്ല . ഞാൻ നടത്തിയത് ഒരു ശ്രമം മാത്രം. ആ നദിയിലൂടെ ഒഴുകുമ്പോൾ മാത്രമേ നിങ്ങൾക്കതിന്റെ ചൂടറിയാൻ കഴിയൂ. എവിടേക്കാണിത് ഒഴുകുന്നതെന്നുപോലുമറിയാതെ കൂടെ ഞാനും ആ നദിയിലൂടെ ഒഴുകികൊണ്ടേയിരിന്നു. ആ നദി ദേശാന്തരങ്ങൾ കടന്ന് അനസ്യുതം ഒഴുകികൊണ്ടേയിരിക്കട്ടെ…

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.