DCBOOKS
Malayalam News Literature Website

കാലം ഏറ്റുവാങ്ങിയ പഞ്ചതന്ത്രകഥകള്‍

ദക്ഷിണാപഥത്തിലെ മഹിളാരോപ്യം എന്ന നഗരത്തിലെ രാജാവായിരുന്ന അമരശക്തിയുടെ മൂന്നു പുത്രന്മാരും ബുദ്ധിഹീനരും ദുര്‍ബുദ്ധികളുമായിരുന്നു. പുത്രന്മാരുടെ ദുര്‍ഗതി കണ്ട രാജാവ് ഇതിന് എന്തെങ്കിലും പ്രതിവിധി കണ്ടെത്തണമെന്ന് തന്റെ മന്ത്രിമാരോട് പറഞ്ഞു. സുമതി എന്ന മന്ത്രി അദ്ദേഹത്തോട് ശാസ്ത്രങ്ങളെല്ലാം പഠിച്ചു കേള്‍വിപ്പെട്ട വിഷ്ണുശര്‍മ എന്ന ബ്രാഹ്മണനെക്കുറിച്ച് പറഞ്ഞു. വിഷ്ണുശര്‍മയെ വിളിച്ചുവരുത്തിയ രാജാവ് തന്റെ പുത്രന്മാരെ അദ്ദേഹത്തെ ഏല്പിച്ചു.

രാജകുമാരന്മാരുടെ ബുദ്ധി ഉണര്‍ത്തുന്നതിനായി വിഷ്ണുശര്‍മ ലോകത്തിലെ ധര്‍മശാസ്ത്രങ്ങളും നീതിശാസ്ത്രങ്ങളും ആറ്റിക്കുറുക്കി അരിച്ചെടുത്ത് മനോഹരമായ അഞ്ച് ഗ്രന്ഥങ്ങള്‍ (തന്ത്രങ്ങള്‍ ) രചിച്ചു. അവ ഓരോന്നും പഠിച്ച് അമരശക്തിയുടെ പുത്രന്മാരെ അറിവുള്ളരായി. രാജകുമാരന്മാരെ പരീക്ഷിച്ച് സംതൃപ്തനായ രാജാവ് വിഷ്ണുശര്‍മയ്ക്ക് അളവറ്റ സമ്പത്തു നല്‍കി സന്തോഷിപ്പിച്ചു.

ലോകസാഹിത്യത്തില്‍ ഏറ്റവും വിഖ്യാതമായ ഭാരതീയകൃതി എന്ന് വിശേഷിപ്പിക്കാവുന്ന പഞ്ചതന്ത്രകഥള്‍ രൂപപ്പെട്ടത് ഇങ്ങനെയാണെന്നാണ് ഐതിഹ്യം. ഐതിഹ്യം എന്തായാലും വിഷ്ണുശര്‍മ പറഞ്ഞ കഥകള്‍ ഏറ്റുവാങ്ങിയത് കാലമായിരുന്നു. വിവിധ തലമുറകളിലെ കുട്ടികളെ ആര്‍ജ്ജവത്തോടെ ജീവിക്കാാന്‍ ഈ കഥകള്‍ സജ്ജരാക്കി. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇവയുടെ പ്രസക്തി നഷ്ടപ്പെട്ടില്ലെന്ന് മാത്രമല്ല, പുതിയ കാലഘട്ടത്തിന്റെ മീഡിയകളിലും ശക്തമായ സാന്നിധ്യമായി പഞ്ചതന്ത്രകഥകള്‍ കടന്നുവരുന്നു.

വിഷ്ണുശര്‍മ യുടെ പഞ്ചതന്ത്രത്തിന് സുമംഗല തയ്യാറാക്കിയ പുനരാഖ്യാനം ഡി സി ബുക്‌സ് മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചത് 2011 നവംബറിലാണ്. മിത്രഭേദം, മിത്ര സംപ്രാപ്തി. കാകോലുകീയം, ലബ്ധപ്രണാശം, അപരീക്ഷിതകാരകം എന്നിങ്ങനെ അഞ്ച് തന്ത്രങ്ങളിലായി 75 കഥകള്‍ ഇതിലുണ്ട്. കെ ആര്‍ രാജി വരച്ച ആകര്‍ഷകമായ വര്‍ണ്ണചിത്രങ്ങളും ഗുണപാഠങ്ങളും ഈ പുസ്തകത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. കുട്ടികള്‍ക്ക് നല്‍കാവുന്ന ഒരു മികച്ച സമ്മാനം തന്നെയാണ് ഈ കൃതി.

 

Comments are closed.