fbpx
DCBOOKS
Malayalam News Literature Website

 ഇരുളടഞ്ഞ കാലത്തെക്കുറിച്ച് ചന്ദ്രമതിയെഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ്…

കാന്‍സര്‍ബാധിതയായി ചികിത്സയില്‍ കഴിഞ്ഞ, ദുഷ്‌കരവും സങ്കീര്‍ണ്ണവുമായ കാലത്തെ അതിജീവിച്ച, അധ്യാപികയും എഴുത്തുാരിയുമായ ചന്ദ്രമതിയുടെ ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ ഓര്‍മ്മ പുസ്തകത്തിന്റെ നാലാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്. ഇരുളടഞ്ഞ കാലത്തെ ദുഷ്‌കരമായജീവിതം നയിക്കുന്ന കാന്‍സര്‍ബാധിതര്‍ക്ക് പ്രകാശവും പ്രത്യാശയും പകര്‍ന്നുനല്‍കുന്ന ഗ്രന്ഥമാണിത്.

പുസ്തകത്തിന് ചന്ദ്രമതി എഴുതിയ ഹൃദയസ്പര്‍ശിയായ ആമുഖക്കുറിപ്പ്;

സംതൃപ്തികരമായ കുടുംബജീവിതം. എഴുത്തിലും അദ്ധ്യാപകജീവിതത്തിലും അംഗീകാരങ്ങള്‍. ഒരുപാട് സുഹൃത്തുക്കള്‍. മരുന്നിനുവേണ്ടി ഒരുപിടി ശത്രുക്കള്‍. ജീവിതം അതിന്റെ ഏറ്റവും നല്ല രീതിയില്‍ മുന്നോട്ടു പോകുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു കൊടും വളവ് പ്രത്യക്ഷപ്പെട്ടത്. അശനിപാതംപോലെ കുടുംബത്തിനുമേല്‍ വന്നു വീണ അറിവ് ഞാന്‍ ഒരു കാന്‍സര്‍ രോഗിയായിരിക്കുന്നു.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

ഒരു നിമിഷം കൊണ്ട് ജീവിതം തന്റെ വര്‍ണ്ണാഭമായ ഉടയാടകള്‍ ഉപേക്ഷിച്ച് തല മുണഡനം ചെയ്ത് എന്റെ മുന്നില്‍ ചോദ്യചിഹ്നമായി നിന്നു. ഇന്ന് ആ ഭീതിദമായ നിമിഷത്തെ ഞാന്‍ പിന്നിട്ടിരിക്കുന്നു. ജീവിതം വീണ്ടും വസന്തോത്സമായിരിക്കുന്നു… എന്നാലും ആ ഇടവേള. മനുഷ്യമാംസം തുരന്ന് കോട്ടകൊത്തളങ്ങള്‍ പണിയുന്ന ഞണ്ടുകളെയും പേറി കഴിഞ്ഞ ആ കറുത്ത നാളുകളെ ഓര്‍ക്കുമ്പോള്‍ത്തന്നെ ഇന്നും മനസ്സ് പിടയുന്നു. ജീവിതത്തിന്റെ പച്ചപ്പിലേക്ക് പിച്ചവച്ചു ഞാന്‍ മടങ്ങിയെത്തിക്കൊണ്ടിരിക്കുമ്പോഴാണ് കാന്‍സര്‍ അനുഭവങ്ങളെഴുതണമെന്ന സ്‌നേഹ നിര്‍ബന്ധവുമായി ശ്രീ. മണര്‍കാട് മാത്യു വന്നത്. ചന്ദ്രമതിയെ ലോകം തിരിച്ചറിയുന്നതിനു മുമ്പേതന്നെ ‘ ആര്യവര്‍ത്തനവും’ ഗ്രാമയക്ഷി’ യുമെഴുതിയ എഴുത്തുകാരിയെ തേടിപ്പിടിച്ച് ‘ നിലത്തില്‍പ്പോര്’ എന്ന ലഘുനോവലെഴുതിച്ചയാളാണ് മണര്‍കാട് മാത്യു. നോവലെഴുതാന്‍ പാകമായിട്ടില്ല എന്റെ തൂലിക എന്നു പറഞ്ഞ് അന്ന് മാറി നില്ക്കാന്‍ ശ്രമിച്ചതുപോലെ സ്മരണകളെഴുതാന്‍ സമയമായില്ല എന്നു പറഞ്ഞ് ഒഴിയാന്‍ ഞാന്‍ നല്ലവണ്ണം നോക്കി. പക്ഷേ അത് അവസാന വാക്കായെടുക്കാന്‍ അന്നത്തെപ്പോലെ ഇപ്പോഴും അദ്ദേഹം തയ്യാറായില്ല. അങ്ങനെയാണ് മലയാള മനോരമ വാര്‍ഷികപ്പതിപ്പില്‍ ദീര്‍ഘമായൊരു സ്മരണ ഞാനെഴുതിയത്.

‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യുടെ ഒന്നാം എഡിഷന്‍ പുറത്തുവന്നപ്പോള്‍ ധാരാളം കാന്‍സര്‍ രോഗികളും അവരുടെ ബന്ധുക്കളും പല ഡോക്ടര്‍മാരും അഭിനന്ദിച്ചു കത്തെഴുതുകയും ഫോണ്‍ ചെയ്യുകയും ചെയ്തു. പക്ഷേ. ചിലര്‍ അസഹനീയതയും അസഹിഷ്ണുതയും പ്രകടിപ്പിച്ചു. രോഗം വരാം, രോഗത്തെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ പാടില്ല എന്ന നിലപാട് എനിക്കിപ്പോഴും മനസ്സിലാക്കാനായിട്ടില്ല. അങ്ങനെ മൂടി വയ്‌ക്കേണ്ട അസുഖമല്ലല്ലോ കാന്‍സര്‍. എന്ന ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ഡോ പി വി ഗംഗാധരന്‍ പറഞ്ഞു-എഴുതണം. എഴുതിയാലെ പലരുടേയും തെറ്റിധാരമാറുകയുള്ളൂ.

എത്രവേഗം കണ്ടുപിടിക്കപ്പെടുന്നുവോ അത്രയും വേഗം ചികിത്സിച്ചുമാറ്റാവുന്ന രോഗമാണ് കാന്‍സര്‍.പക്ഷേ, ഹൃദയത്തെയും വൃക്കയെയും ബാധിക്കുന്ന മാരകരോഗത്തേക്കാള്‍ ഭയങ്കരമായൊരു സ്ഥാനമാണ് സമൂഹം കാന്‍സറിനു നല്‍കിയിരിക്കുന്നത്. പേടിച്ച് കീഴടങ്ങാതെ ധൈര്യമായി നേരിട്ട് കാന്‍സറിനെകീഴ്‌പ്പെടുത്തിയ ഒരുാപട് പേര്‍ ഇന്നെന്റെ സുഹൃദ്‌വലയത്തിലുണ്ട്. ഓരോ ചെറുതിരി വീതം കത്തിച്ച് ഞങ്ങള്‍ ചുറ്റുമുള്ള ദുഃഖിതര്‍ക്ക് വെളിച്ചം നല്‍കാന്‍ശ്രമിക്കുന്നു. മിണ്ടാതിരുന്നാല്‍ എങ്ങനെയാണ് അതിനുകഴിയുക..?

Comments are closed.