fbpx
DCBOOKS
Malayalam News Literature Website

മലയാള കഥയ്‌ക്കൊരു ആമുഖം..

കേരളം 60 പുസ്തകപരമ്പരയില്‍ ഉള്‍പ്പെടുത്തി  ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് മലയാള കഥ; 60 കഥകള്‍. മലയാളകഥാസാഹിത്യത്തെ വാനോളമുയര്‍ത്തിയ പ്രശസ്തരായ എഴുത്തുകാരുടെ കഥകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്‍ എസ് മാധവനാണ് ഇതിലെ കഥകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

മലയാള കഥയ്ക്ക് എന്‍ എസ് മാധവന്‍ എഴുതിയ ആമുഖത്തില്‍ നിന്നൊരുഭാഗം;

മലയാളകഥ എന്നുപറയുമ്പോള്‍ നാം ഉദ്ദേശിക്കുന്നത് ഗദ്യകഥകളാണ്. അതിന് ഇപ്പോള്‍ പറയുന്ന 126 വര്‍ഷത്തെ ചരിത്രംപോലും കാണില്ല. എന്നാല്‍ വാചികപാരമ്പര്യത്തില്‍ നമ്മുടെ കഥാഖ്യാനത്തിനു വളരെ പഴക്കമുണ്ട്. വടക്കന്‍പാട്ടുകളില്‍ പലതും അറബി മലയാളത്തിലെ പടപ്പാട്ടുകളും കേരളത്തിലെ ഇതരപ്രദേശങ്ങളിലെ സമാനമായ പാട്ടുകളും മലയാളിയുടെ സുശക്തമായ ആഖ്യാന പാടവം വെളിപ്പെടുത്തുന്നു. ചുരുക്കത്തില്‍ ഇത്രയും ശക്തവും നീണ്ടതുമായ കഥാകഥന പാടവം ഉള്ള ഒരു ജനത എന്തുകൊണ്ടാവാം ഇംഗ്ലിഷില്‍നിന്നു കടംവാങ്ങിയ ചെറുകഥ, അല്ലെങ്കില്‍ നോവല്‍, എന്നീ ആഖ്യാനരൂപങ്ങള്‍ വളരെ വൈകി വളരെ ദുര്‍ബലമായി തുടക്കംകുറിച്ചത്? അതിന് ഒരു കാരണം, ശക്തമായ വാചികപാരമ്പര്യം സ്വാഭാവികമായി ഗദ്യത്തിലേക്ക് പരിണമിച്ചില്ല എന്നതായിരിക്കും. അക്ഷരവിദ്യാഭ്യാസം കുറവായിരുന്ന ഒരു കാലത്ത് ചുണ്ടുകളില്‍നിന്ന് ചുണ്ടുകളിലേക്ക് പാട്ടുകളായി മാത്രമേ കഥയ്ക്ക് നിലനില്പുണ്ടായിരുന്നുള്ളൂ. ഏതായാലും ഗദ്യകഥകളുടെ തുടക്കം അത്ര ശുഭകരമല്ലായിരുന്നു എന്നര്‍ത്ഥം.

മലയാള കഥ
മലയാള കഥ

എന്താണ് ചെറുകഥ എന്ന് നിര്‍വചിക്കുവാന്‍ പ്രയാസമാണ്. ഒറ്റ ഇരുപ്പില്‍ വായിക്കാവുന്നത്, പതിനായിരം വാക്കുകളില്‍ കുറവുള്ളത് തുടങ്ങിയ ഉപരിപ്ലവമായ നിര്‍വചനങ്ങളുണ്ട്. കഥയുടെ ആന്തരികഘടനയെ ആസ്പദമാക്കി അതിനെ പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അമേരിക്കക്കാരനായ എഴുത്തുകാരന്‍ എഡ്ഗര്‍ അല്ലന്‍ പോ നിര്‍വചിച്ചത് ഇങ്ങനെയാണ്: ചെറുകഥയുടെ ഏറ്റവും ലക്ഷണയുക്തമായ അവസ്ഥയില്‍ അതില്‍ ചെറിയ ഒരുപറ്റം പേരുള്ള കഥാപാത്രങ്ങള്‍ കാണും, ഒരേയൊരു വികാരം അല്ലെങ്കില്‍ മാനസികാവസ്ഥ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന ഒരു സംഭവത്തില്‍ കഥ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ നിര്‍വചനവും കഥ പിന്നീട് സ്വീകരിച്ച ബഹുരൂപങ്ങളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ല എന്നു പറയേണ്ടതില്ലല്ലോ.

ഗദ്യകഥനരീതി മൂന്നു തരത്തിലാണ്. രസിപ്പിക്കുന്ന സംഭവകഥ (മിലരറീലേ), ചെറുകഥ, പിന്നെ നോവല്‍. കഥാതന്തു, കാലദൈര്‍ഘ്യം, മുന്‍പ് എഴുതിയ സാഹിത്യത്തിന്റെ അനുരണനങ്ങള്‍ തുടങ്ങി പല കാര്യങ്ങളിലും കൂടുതല്‍ സങ്കീര്‍ണമാണ് ‘രസിപ്പിക്കുന്ന സംഭവകഥ’യെക്കാള്‍ ചെറുകഥ. നോവലില്‍ ഇവ കൂടുതല്‍ വിപുലമാകുന്നു. അതില്‍ കഥാപാത്രങ്ങളുടെ സംഖ്യയും കാലദൈര്‍ഘ്യവും വര്‍ദ്ധിപ്പിക്കാന്‍ പറ്റും. ചുരുക്കത്തില്‍ ചെറിയ നോവല്‍ അല്ല ചെറുകഥയെന്നും കുഞ്ഞിചെറുകഥ അല്ല സംഭവ്യാഖ്യാനമെന്നും വായനക്കാര്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നു.

ആദ്യകാല മലയാള ചെറുകഥകള്‍ ‘വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ വാസനാവികൃതി’, സി.എസ്. ഗോപാലപ്പണിക്കരുടെ ‘ഒരു മുതലനായാട്ട്’ തുടങ്ങിയവ ചെറുകഥ എന്നതിനെക്കാള്‍ സംഭവകഥകളുടെ ചേരിയില്‍ നിര്‍ത്തുകയായിരിക്കും ഉചിതം. തുടര്‍ന്ന് സംഭാഷണബഹുലമായ (അതിനുള്ള കാരണം പദ്യം കഴിഞ്ഞാല്‍ ഭാരതീയഭാഷകളില്‍ ഉണ്ടായിരുന്ന സാഹിത്യരൂപം നാടകം ആയിരുന്നുവെന്നതായിരിക്കും)  കുറച്ചു പൊടിപ്പും തൊങ്ങലും വച്ച സംഭവകഥകളും നാടകത്തിനോട് അടുത്തു നില്‍ക്കുന്ന കഥകളും പിന്നിട്ടാണ് വായനക്കാരില്‍ ഭാവവ്യതിയാനം ഉളവാക്കുന്ന, ഒന്നോ രണ്ടോ സംഭവങ്ങളില്‍ കേന്ദ്രീകരിച്ച, ചെറുകഥ എന്ന് നാം ഇന്നു മനസ്സിലാക്കുന്ന കഥാരൂപം തുടങ്ങുന്നത്. ‘മുത്തിരിങ്ങോട്ട് ഭവത്രാതന്‍ നമ്പൂതിരിപ്പാടി’ല്‍നിന്നാണ് അത്തരം കഥകളുടെ തുടക്കം. ശരിയായ അര്‍ത്ഥത്തിലുള്ള മലയാളഗദ്യകഥകളുടെ പിതൃസ്ഥാനം അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. അദ്ദേഹം എഴുതുന്നതിനു മുമ്പുള്ള കഥകള്‍ക്ക് ചരിത്രപ്രാധാന്യം മാത്രമേയുള്ളൂ; സാഹിത്യഗുണം അധികം അവകാശപ്പെടാന്‍ പറ്റില്ല.

മലയാളകഥ തുടങ്ങുന്ന സമയത്തെ ലോകകഥയുടെ സ്ഥിതി എന്താണെന്ന് നോക്കുന്നത് അത്ര സുഖകരമായ അനുഭവമല്ല. ആധുനിക ചെറുകഥയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആന്റോണ്‍ ചെക്കോവ് റഷ്യയുടെ സാഹിത്യത്തില്‍ കത്തിനില്‍ക്കുമ്പോഴാണ് ആദ്യത്തെ മലയാളകഥയെന്ന് കണ്ടെത്തിയ വാസനാവികൃതി (1891) പുറത്തുവരുന്നത്. ആദ്യകഥ വന്ന് രണ്ടു കൊല്ലം കഴിഞ്ഞപ്പോഴേക്കും, പില്‍ക്കാലത്തു വന്ന ഒരുപറ്റം ചെറുകഥാകൃത്തുക്കള്‍ക്ക് കേസരി ബാലകൃഷ്ണപിള്ള മാതൃകയായി അവതരിപ്പിക്കപ്പെട്ട, മോപ്പസാങ് മരിച്ചു. മലയാളകഥയുടെ തുടക്കകാലത്തുതന്നെയാണ് മോപ്പസാങ്ങിനെപ്പോലെ അമ്പരപ്പിക്കുന്ന പരിണാമഗുപ്തിയുള്ള കഥകളെഴുതിയിരുന്ന അമേരിക്കയിലെ ചെറുകഥാകൃത്ത് ഒ. ഹെന്റിയും ജീവിച്ചിരുന്നത്. അതുപോലെ ചെറുകഥയെ നവീകരിച്ച ജെയിംസ് ജോയ്‌സിന്റെ പ്രസിദ്ധമായ ചെറുകഥാസമാഹാരം ‘ദി ഡബ്ലിനേര്‍സ്’ എഴുതിയിട്ട് വര്‍ഷം 103 കഴിയുന്നതും.

രണ്ടു കാര്യങ്ങള്‍ക്ക് മുഖവുരയായിട്ടാണ് ഇത്രയും കാര്യങ്ങള്‍ പറഞ്ഞുവച്ചത്. ആദ്യമായി നമ്മുടെ ഭാഷയിലെ ചെറുകഥാ പ്രസ്ഥാനത്തിനു വളരെ ചെറുപ്പമാണ്. അതിന്റെ അല്പദൈര്‍ഘ്യമുള്ള ജീവിതത്തിന്റെ പകുതിയില്‍ സ്വല്പം കുറവു സമയം ഈ സമാഹാരത്തിലൂടെ അനാവൃതമാകുന്നു. മലയാള ചെറുകഥ പ്രായപൂര്‍ത്തിയായതിനു ശേഷമാണെങ്കില്‍ അത് തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍‘ (1935) എന്ന കഥയ്ക്കു ശേഷമാണെന്ന് ഞാന്‍ കരുതുന്നു-അതിന്റെ ഭൂരിഭാഗം കാലവും ഈ സമാഹാരത്തില്‍ രേഖപ്പെടുന്നു. രണ്ടാമത്തെ കാര്യം ചെറുകഥകളല്ല, അവയെക്കുറിച്ചുള്ള പഠനങ്ങളെക്കുറിച്ചാണ്. അവ കഥാവായനയെ സ്വാധീനിക്കുന്നതുകൊണ്ടാണു അവയിലേക്ക് ശ്രദ്ധ തിരിക്കുന്നത്.

‘100 വര്‍ഷം 100 കഥ’ പുറത്തു വരുന്നതിനുമുമ്പ് മലയാളചെറുകഥയിലെ കാലനിര്‍ണയം നടത്തിയിരുന്നത് തലമുറക്കണക്കുകളിലൂടെയാണ്. 1980-കളായപ്പോഴേക്കും നാലു തലമുറകള്‍വരെ നമ്മുടെ ചെറുകഥ എത്തി. ‘100 വര്‍ഷം 100 കഥ’ എന്ന പുസ്തകത്തിലൂടെ കാലഗണന തലമുറകളില്‍നിന്ന് ഘട്ടങ്ങളിലേക്കു മാറി. ആ പുസ്തകത്തിന് അവതാരിക എഴുതിയ അയ്യപ്പപ്പണിക്കര്‍ സാമാന്യം യുക്തിസഹമായ മൂന്നു ഘട്ടങ്ങളായി ചെറുകഥയുടെ വികാസത്തെ കണ്ടപ്പോള്‍ പഠനം തയ്യാറാക്കിയ കെ.എസ്. രവികുമാര്‍ അത് ആറാക്കി വര്‍ദ്ധിപ്പിക്കുന്നു. അതായത് ഒരോ കാലഘട്ടത്തിനും ഏതാണ്ട് ശരാശരി പതിനേഴ് വര്‍ഷം ദൈര്‍ഘ്യം.

സാഹിത്യ പ്രസ്ഥാനങ്ങള്‍ ഇത്ര പെട്ടെന്നു മാറുമോ? ഇംഗ്ലിഷിലെ എലിസബത്തന്‍ നാടകം 80 വര്‍ഷം (1562-1642) നീണ്ടതായിരുന്നു. ഇനിയും ഇറങ്ങാനിരിക്കുന്ന കേരള സാഹിത്യ അക്കാദമി മുതല്‍മുടക്കിയ ചെറുകഥയുടെ ചരിത്രത്തെക്കുറിച്ചുള്ള ബൃഹദ് ഗ്രന്ഥത്തില്‍ ഘട്ടങ്ങള്‍ പത്തായി വികസിക്കുന്നു. ആധുനികത, ആധുനികാനന്തരത ഒന്നാംഘട്ടം, അതുതന്നെ രണ്ടാംഘട്ടം–എന്താണീ കാണിക്കുന്നത്? ഒരു പുരുഷായുസ്സിനെക്കാള്‍ അല്പം ദൈര്‍ഘ്യമുള്ള ചെറുകഥയുടെ ചരിത്രത്തിനെയാണു കുനുകുനായെന്ന് അരിയുന്നത്.  ആധുനികത, ആധുനികാനന്തരത എന്നിവയൊന്നും ആകാശത്തില്‍ നിന്ന് പൊട്ടിവീഴുന്നതല്ല. അവ കലാസാഹിത്യങ്ങളില്‍ ഉപയോഗിക്കുന്ന സങ്കേതങ്ങളോ തന്ത്രങ്ങളോ അല്ല. അവ സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങളുടെ പ്രതിഫലനം മാത്രമാണ്. ഇത്തരത്തില്‍ ഒരോ വ്യാഴവട്ടത്തിലും മാറുന്ന സാഹിത്യപ്രസ്ഥാനങ്ങളെ താങ്ങുന്നതൊന്നും സമൂഹത്തില്‍ സംഭവിക്കുന്നില്ല.

Comments are closed.