fbpx
DCBOOKS
Malayalam News Literature Website

‘കുറുമൊഴികള്‍’ എല്ലാവര്‍ക്കുമുള്ള ചെറിയ ഇടം

കുറച്ചുവാക്കുകള്‍കൊണ്ട് അനുഭവങ്ങളുടെ വലിയ ലോകം തുറക്കുന്ന സാഹിത്യരൂപമാണ് ഫ്‌ളാഷ് ഫിക്ഷന്‍. വായനക്കാരുടെ ചിന്തകളില്‍ മിന്നലുണര്‍ത്തുന്ന മിന്നല്‍ക്കഥകളും കവിതകളും ഇന്ന് ധാരാളമുണ്ട്.പ്രത്യേകിച്ച് നവമാധ്യമങ്ങളെല്ലാം ഇത്തരം എഴുത്തിന്റെ ഇടങ്ങളാണ്. എന്നാല്‍ കാലങ്ങള്‍ക്കപ്പുറം ഇത്തരം രചനകള്‍ നടത്തിയിട്ടുണ്ട് നമ്മുടെ സാഹിത്യകാരന്മാര്‍. കോവിലന്‍, അക്കിത്തം, ഒ വി വിജയന്‍, എ അയ്യപ്പന്‍, സച്ചിദാനന്ദന്‍ എം ടി.. ഇങ്ങനെ നീളുന്നു അവരുടെ നിര. പുതിയകാലത്തിന്റെ എഴുത്തുകാരെല്ലാം ഒരുപക്ഷേ ഇത്തരം കുറുമൊഴികളുടെ എഴുത്തുകാരണ്. ഇവിടെ ചെറുതും വലുതുമായ എല്ലാ എഴുത്തുകാരുടെയും കുറുമൊഴികള്‍ ശേഖരിച്ച് പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ് ഡി സി ബുക്‌സ്. മണമ്പൂര്‍ രാജന്‍ ബാബുവാണ് കുറുമൊഴി പുസ്തകത്തിലാക്കി ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കുറുമൊഴി എന്ന പുസ്തകത്തിലേക്കെത്തിച്ച ഉദ്യമത്തെപറ്റിയും ഫ്‌ളാഷ് ഫിക്ഷനെ കുറിച്ചും മണമ്പൂര്‍ രാജന്‍ബാബു തയ്യാറാക്കിയ കുറിപ്പ്;

പേരക്കുട്ടികളെപ്പോലെ ഞാന്‍ താലോലിച്ച രചന കളാണ് ഈ ‘കുറുമൊഴി‘യില്‍. മക്കളെക്കാള്‍ പലപ്പോഴും പേരക്കുട്ടികളാണല്ലോ നമ്മളില്‍ സ്വാധീനവും ആധിപത്യവും ഉറപ്പിക്കുക. മൂന്നര പതിറ്റാണ്ടായി കാത്തുവച്ച അവയ്ക്ക് ഒരുമിച്ച് പുസ്തകരൂപം നല്കാമെന്ന് ഡി സി ബുക്‌സ് പറഞ്ഞപ്പോള്‍, അത് ഒരു അപ്രതീക്ഷിത ഉയിര്‍ത്തെഴുന്നേല്പായി.

കുറുമൊഴി

അരനൂറ്റാണ്ടുമുമ്പ്, മണമ്പൂര്‍ ആര്‍ട്ടിസ്റ്റ് രാജാരവിവര്‍മ്മ ഗ്രന്ഥശാലയില്‍നിന്ന് മുടങ്ങാതെ അഞ്ച് വര്‍ഷം പ്രസിദ്ധപ്പെടുത്തിയ ‘സംഗമം’ കൈയെഴുത്തുമാസിക എന്ന ആവേശം ആ പ്രചോദനത്തില്‍ പിറന്ന് ‘സംഗമം’ അച്ചടി കത്തുമാസിക. 1981-ല്‍ ‘ഇന്ന്’ ഇന്‍ലന്‍ഡ് മാസികയായി രൂപാന്തരം. ഗ്രാമത്തിലെ കൊല്ലന്‍, ചുട്ടുപഴുത്ത ഇരുമ്പില്‍ തന്റെ പ്രതിജ്ഞ ആവര്‍ ത്തിച്ചപ്പോള്‍ ആദ്യമാരും ശ്രദ്ധിച്ചില്ലെന്ന ഡി. വിനയചന്ദ്രന്റെ കവിതയിലെപ്പോലെ ആയിരുന്നില്ല എന്റെ ഗ്രാമവാസികള്‍. അവര്‍ തുടക്കംതൊട്ടേ സംഗമത്തെ നെഞ്ചേറ്റി. അതിന്റെ ഫലമാണ് അച്ചടിക്കും രൂപകല്പനയ്ക്കും കേരള സര്‍ക്കാരിന്റെ മലയാളം ബുക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍ പുരസ്‌കാരവും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരവും എഴുത്തുകാരുടെയും വായനക്കാരുടെയും സ്‌നേഹവാത്സ ല്യങ്ങളും ആര്‍ജിച്ച ‘ഇന്ന്’ ഇന്‍ലന്‍ഡ് മാസിക. ഇതൊരു കുട്ടിക്കളിയായി ചിലരെങ്കിലും കരുതിയിരിക്കാം. പക്ഷേ, മനസ്സില്‍ ഒരു കവിത ജനിക്കുമ്പോള്‍, അതു പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന ആന്തരികാനന്ദം, ‘ഇന്ന്’ലേക്ക് ഒരു രചന കിട്ടുമ്പോള്‍ വായിക്കുമ്പോള്‍, പ്രസിദ്ധപ്പെടുത്താന്‍ തിരഞ്ഞെടുക്കുമ്പോള്‍, രൂപകല്പന ചെയ്യുമ്പോള്‍, പ്രൂഫ് തിരുത്തുമ്പോള്‍, അച്ചടിച്ചുവരുമ്പോള്‍, അതില്‍ മേല്‍വിലാസം എഴുതുമ്പോള്‍, തപാല്‍ സ്റ്റാമ്പ് പതിക്കുമ്പോള്‍, തപാല്‍ പെട്ടിയില്‍ നിക്ഷേപിക്കുമ്പോള്‍, പ്രതികരണങ്ങള്‍ കത്തുകളായി പ്രവഹിക്കുമ്പോള്‍ ഒക്കെ അനുഭവപ്പെടുന്നു. തികച്ചും സര്‍ഗ്ഗാത്മകം.

എഴുപതുകളുടെ അന്ത്യത്തിലാകണം, എം.എസ്.പി. ഓഫീസ് വരാന്തയിലെ പഴയ ബെഞ്ചില്‍ പലപ്പോഴും രാവിലെ ഒരതിഥി ഉണ്ടാകും. ജോലിക്കൂടുതലുള്ളതിനാല്‍ പ്രവൃത്തിസമയത്തിനും മുന്‍പേ ഞാനെത്തും. കറുത്തുമെലിഞ്ഞ ആ ചെറുപ്പക്കാരന്‍ ചിന്താഭാരവുമായി ഇരിക്കുന്നുണ്ടാകാം. ചിരിയില്ല. സ്വകാര്യമെന്നോണം എന്തൊക്കെയോ പതിയേ ഉരുവിടും. അയാള്‍ കവിയായിരുന്നു. ലോകത്തിന്റെ രീതികളോട് പൊരുത്ത പ്പെടാനാകാതെ കലഹിച്ച്, ആത്മഹത്യയിലൂടെ സ്വാതന്ത്ര്യം നേടിയ കവി–ടി. ഗുഹന്‍. ഗുഹന്റെ രചനകള്‍ അന്ന് അച്ചടിക്കുമ്പോള്‍ അയാള്‍ക്ക് താത്കാലികാശ്വാസമായിരുന്നു. അതുപോലെ ജീവിതത്തിലാദ്യമായി, പല തുടക്കക്കാരുടെയും ആദ്യരചനകള്‍ കണ്ടെത്താനും കഴിഞ്ഞുവെന്നതില്‍ ചാരിതാര്‍ത്ഥ്യം ഇല്ലെന്നു പറയാനാവില്ല. ആര്‍ക്കും ചില്ലിക്കാശ് പ്രതിഫലം നല്കാനായില്ലെന്ന നിവൃത്തികേടിന്റെ സങ്കടവും ഉണ്ട്.

കുറഞ്ഞ വാക്കുകളില്‍ ഏറെ കാര്യങ്ങള്‍ എന്ന ധ്വന്യാത്മക രീതി. പലര്‍ക്കും എളുപ്പമായിരുന്നില്ല. എന്നിട്ടും ഇന്നിന്റെ ഇത്തിരിപ്പോന്ന ഇടത്തിലേക്ക് വാത്സല്യപൂര്‍വ്വം എഴുതിത്തന്ന് എം.ടി. ഉള്‍പ്പെടെയുള്ള വിഖ്യാത എഴുത്തുകാര്‍ പോലും പ്രോത്സാഹിപ്പിച്ചു. ഈ ഭൂമിമലയാളത്തിലെ എല്ലാ എഴുത്തുകാര്‍ക്കും എഴുതാനുള്ള തുറസ്സാണ് ‘ഇന്നി’ന്റെ ഇടം. എഴുത്തുകാരുടെയും വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും സ്‌നേഹസൗഹൃദങ്ങളുടെ പ്രതീകമായി ‘ഇന്ന്’ മാസികയും ഇപ്പോള്‍ ‘കുറുമൊഴി‘യായി പുസ്തകരൂപത്തിലും..

 

Comments are closed.