DCBOOKS
Malayalam News Literature Website

പ്രചോദനാത്മക ജീവിതങ്ങളുടെ കൈയൊപ്പ്

ജന്‍മ വൈകല്യങ്ങള്‍ക്കിടയിലും ജന്‍മസിദ്ധമായ മികവുകള്‍ സ്വന്തമായുള്ളവര്‍ നമുക്കിടയില്‍ ആരും അറിയാതെ, കാണപ്പെടാതെ ഒതുങ്ങിക്കിടപ്പുണ്ട്. ഇത്തരത്തില്‍ തങ്ങളുടെ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറിയ 15 പ്രചോദനാത്മക ജീവിതങ്ങളുടെ അനുഭകഥപറയുന്ന പുസ്തകമാണ് ഗിഫ്റ്റ്ഡ്. പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാ മേനോന്‍, സ്‌പെഷ്യലിസ്റ്റ് പീപ്പിള്‍ ഫൗണ്ടേഷന്റെ ഡയറക്ടറുമായ വി ആര്‍ ഫിറോസ് എന്നിവര്‍ചേര്‍ന്ന് തയ്യാറാക്കിയ പ്രശസ്ത പുസ്തകമാണിത്. കൈയൊപ്പ് എന്ന പേരില്‍ ഈ പുസ്തകമിപ്പോള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുകയാണ്. ശ്രീലത എസ് ആണ് വിര്‍ത്തക.

ശ്രീലത എസ് എഴുതിയ വിവര്‍ത്തനകുറിപ്പില്‍ നിന്ന്;

 

ഓര്‍ക്കാപ്പുറത്ത് ജീവിതം ഗതി മാറി ഒഴുകുക എന്നത് തികച്ചും സംഭവ്യമാണ്. അങ്ങനെ വരുമ്പോള്‍ വിധിയെ പഴിച്ച് എങ്ങനെയെങ്കിലും ശിഷ്ടജീവിതം കഴിച്ചുകൂട്ടാനായിരിക്കും പൊതുവേ മനുഷ്യപ്രവണത. എന്നാല്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന നിരാശയുടെ ശപ്ത കയറ്റിറക്കങ്ങളെ അതിജീവിച്ച്, ജീവിതത്തെ സ്വയം കൈപിടിച്ചു നടത്തുന്നവരുമുണ്ട്, അവര്‍ എണ്ണത്തില്‍ കുറവാണെങ്കില്‍ കൂടി. ജന്മനാ ഉള്ളതും നിനച്ചിരിക്കാതെ വന്നു ഭവിച്ചതും ആയ അംഗപരിമിതികളെ ആത്മവിശ്വാസത്തോടെ നേരിട്ട അത്തരം ഒരു കൂട്ടം ആളുകളുടെ ജീവിതമ്രേത കൈയൊപ്പ്പറയുന്നത്. ഇതിലെ ഓരോ ജീവിതവും നമ്മെ അത്ഭുതം കൊണ്ട് സ്തബ്ധരാക്കും, ആദരം കൊണ്ട് ശിരസ്സു നമിപ്പിക്കും, തിരിച്ചറിവുകള്‍ കൊണ്ട് വിനയാന്വിതരാക്കും, മുന്നോട്ട്, മുന്നോട്ട് എന്നു പ്രചോദിപ്പിക്കും.

ഹതഭാഗ്യര്‍ എന്ന നമ്മുടെ സാധാരണ നിര്‍വ്വചനം എനിക്കിപ്പോള്‍ അരോചകമായി തോന്നാറുണ്ട്. തീവ്രദുരന്താനുഭങ്ങളുടെ കടല്‍ നീന്തിക്കയറിയ ആ ജീവിതങ്ങള്‍ നിര്‍വ്വചിക്കാന്‍ അനുയോജ്യപദം ‘അപരാജിതര്‍’ ആണ് എന്ന് മാന്യവായനക്കാരും നിശ്ചയമായും സമ്മതിക്കാതിരിക്കില്ല. അതിജീവനത്തിന്റെ, ത്യാഗത്തിന്റെ, വര്‍ണ്ണോജ്ജ്വലത പ്രകാശിപ്പിക്കുന്ന ആ വന്ദ്യജീവിതങ്ങളുടെ സംക്ഷിപ്തവിവരണങ്ങള്‍ ഇതാ: ഐഷാ ചൗധരി എന്ന ബുദ്ധിശാലിനിയായ 17 കാരി പെണ്‍കുട്ടിക്ക് ‘ജീവിതത്തില്‍ തെരഞ്ഞെടുക്കാനുള്ള അവസരവും അവകാശവും’ നഷ്ടപ്പെടുത്തിയത് പള്‍മണറി ഫൈബ്രോസിസ് എന്ന ഗുരുതര രോഗാവസ്ഥയാണ്. എപ്പോഴും ഓക്‌സിജന്‍ കൊണ്‍സെന്‍ട്രേറ്റര്‍ കൂടെ കൊണ്ടുനടക്കേണ്ട അവസ്ഥയുണ്ടായിട്ടും അതും വച്ചുകൊണ്ടു തന്നെ ടെഡെക്‌സ് പ്രഭാഷണം നടത്താന്‍ വരെ സ്വയം പ്രാപ്തി നേടിയവള്‍ ആണ് ഐഷ. ഒരു സാധാരണജീവിതം സ്വപ്‌നം കാണുന്നുണ്ട് ആ പെണ്‍കുട്ടി.

അങ്കിത് ജിണ്ടാല്‍ ന്റെ ലോകം 13-ാം വയസ്സില്‍ ‘അവനു ചുറ്റും തകര്‍ന്നുവീഴുന്നതിന് ഇടയാക്കിയത്’ റെറ്റിനിറ്റിസ് പിഗ്മെന്റോസ എന്ന, കുറേശ്ശെയായി കാഴ്ച്ചശക്തി നശിച്ചുപോകുന്ന ഭീതിദ രോഗമായിരുന്നു. പാരമ്പര്യവശാല്‍ അങ്കിതിന് പകര്‍ന്നു കിട്ടിയതായിരുന്നു ആ രോഗം. 19-20 വയസ്സായപ്പോഴേയ്ക്കും ആ ചെറുപ്പക്കാരന് പൂര്‍ണ്ണമായും പരാശ്രയം വേണ്ടിവന്നു. പക്ഷേ തോറ്റു കൊടുക്കാന്‍ മനസ്സില്ലാത്ത അങ്കിത് സ്വന്തം ഇച്ഛാശക്തിയും ഐഫോണ്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങളുടെ സഹായത്താലും ഉന്നത വിദ്യാഭ്യാസം നേടി. അനേകം ഉദ്യോഗനിരാസങ്ങളെ അതിജീവിച്ച് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗവും കരസ്ഥമാക്കി. സ്വന്തം കാര്യം നേടുന്നതില്‍ തീര്‍ന്നില്ല അങ്കിതിന്റെ ജീവിതലക്ഷ്യം, ഇന്ന് ഇതേ പോലെയുള്ള അംഗപരിമിതരുടെ ഉന്നതിക്കായി പരിശ്രമിക്കുന്നുമുണ്ട്.
അശ്വിന്‍ കാര്‍ത്തിക് ന്റെ പേരിന് ഒപ്പം ഭരത് ശര്‍മ്മയുടെ പേരും ഇടം പിടിച്ചേ പറ്റൂ. സെറിബ്രല്‍ പാല്‍സിയോടെ ജനിച്ച അശ്വിന്റെ വിജയഗാഥ അശ്വിന്‍ഭരത് മാരുടെ അനുപമമായ സുഹൃദ്ബന്ധത്തിന്റെ കഥ കൂടിയാണ്. ഉന്നതവിദ്യാഭ്യാസത്തിനും ജോലിക്കും ഉള്ള കടമ്പകളെല്ലാം നിശ്ചയദാര്‍ഢ്യത്തോടെ കടന്ന അശ്വിന്, എഞ്ചിനീയറിംഗ് പരീക്ഷയ്ക്കു സ്‌െ്രെകബ് ആയി വര്‍ത്തിക്കുന്നതിനു വേണ്ടി മാത്രം 12ാം ക്ലാസ്സ് കഴിഞ്ഞ് 4 വര്‍ഷം സ്വന്തം പഠനത്തിന് ഇടവേള കൊടുത്തു ഭരത്. ഈ ഇരുവര്‍ സംഘത്തിന്റെ ജീവിതകഥയുടെ പരിഭാഷ നിര്‍വ്വഹണവേളയില്‍ പലപ്പോഴും എന്റെ കണ്ണു നനഞ്ഞുപോയി.

ജോര്‍ജ്ജ് എബ്രഹാം ആണ് 1996 ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ ദീപയഷ്ടിവാഹകനായത്. ‘ഒരാള്‍ അന്ധനാണെന്നു തിരിച്ചറിയുന്ന നിമിഷം നമ്മള്‍ അയാളെ പാട്ടു പഠിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരിക്കും ‘ എന്നു പറയുന്ന ജോര്‍ജ്ജ്, സംഗീതവും അന്ധതയുമായി യാതൊരു ബന്ധവുമില്ലെന്നും, അതെല്ലാം വെറുമൊരു കെട്ടുകഥ മാത്രമാണെന്നും അസന്ദിഗ്ദ്ധമായി പറഞ്ഞുവയ്ക്കുന്നുണ്ട്. കാഴ്ച്ചശക്തി പ്രശ്‌നങ്ങളുള്ളവരുടെ സര്‍വ്വതോമുഖ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്‌കോര്‍, ഐവേ തുടങ്ങിയ സംഘടനകളുടെ സ്ഥാപകനാണ്, ‘അവനാത്മസുഖത്തിനാചരിക്കുന്നവ അന്യനു സുഖത്തിനായ് വരേണം’ എന്നത് തന്റെ ജീവിതംകൊണ്ട് തെളിയിച്ചിട്ടുള്ള ജോര്‍ജ്ജ്.  ഗിരിഷ എച്ച്.എന്‍. ന്റെ ജീവിതകഥ തുലോം വിഭിന്നമാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന, കാലിനു മുടന്തുള്ള ഗിരിഷ എന്ന ഒരു ഗ്രാമീണ പയ്യന്‍ ലണ്ടന്‍ പാരാലിംപിക്‌സില്‍ വെള്ളിമെഡല്‍ ജേതാവായി, ഇന്‍ഡ്യയുടെ അഭിമാനഭാജനമായിത്തീര്‍ന്നത് യാദൃഛ്ചികമല്ല, കഠിനാദ്ധ്വാനത്തിന് കിട്ടിയ അംഗീകാരമായിരുന്നു അത്. ഇനിയുമൊരു പാരാലിംപിക്‌സിലെ സ്വര്‍ണ്ണമെഡലാണ് ഗിരിഷയുടെ ലക്ഷ്യം.

ഹാന്‍സ് ദലാല്‍ ജനിച്ച് ദിവസങ്ങള്‍ക്കകം സെറീബ്രല്‍ പാല്‍സിക്കു ഇരയാകുകയായിരുന്നു. ആ രോഗാവശതകള്‍ തരണം ചെയ്ത് സൗണ്ട് എഞ്ചിനീയറായി, സ്വന്തം സ്റ്റുഡിയോ തുടങ്ങി, പിന്നെ അതുപേക്ഷിച്ച് മനസ്സിന്റെ വിളി ഉള്‍ക്കൊണ്ട് ഇപ്പോള്‍ ‘അഴകുള്ള പൂച്ചകളായ’ കടുവകളെ പിന്തുടരുകയാണ്! ഹിമാലയ വനപ്രാന്തങ്ങളില്‍ വച്ച് കടുവ ഓടിക്കുക കൂടി ചെയ്തിട്ടും തന്റെ അഭിനിവേശം വിട്ടുകളയാന്‍ തയ്യാറാകാത്ത ഹാന്‍സിന്റെ ജീവിതകഥ ഒരു ഉള്‍ക്കിടിലത്തോടെയല്ലാതെ വായിച്ചു തീര്‍ക്കാനാവില്ല. ജാവേദ് അബിദി ജനിച്ചത് മുതുകില്‍ ഒരു മുഴയുമായിട്ടാണ്. പക്ഷേ ചക്രക്കസാലയില്‍ ഇരുന്നുകൊണ്ടും ജീവിതത്തില്‍ വിജയഗാഥ രചിക്കുന്നതിന് ഇതൊന്നും തടസ്സമായതേയില്ല. പ്രസക്തിയുള്ളത് നിങ്ങളുടെ പരിമിതിക്കില്ല, മറിച്ച് നിങ്ങളുടെ മനോഭാവത്തിനും നിശ്ചയദാര്‍ഢ്യത്തിനും മാത്രമാണ് എന്ന് എല്ലാ അംഗപരിമിതരേയും ഉദ്‌ബോധിപ്പിക്കുന്ന ജാവേദ് സ്വന്തം ജീവിതംകൊണ്ട് അതു തെളിയിക്കുകയും ചെയ്തു. അംഗപരിമിതര്‍ക്ക് സര്‍വ്വകലാശാലകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗങ്ങളിലും സംവരണം നടപ്പാക്കിയെടുക്കുന്നതില്‍ സ്തുര്‍ഹമായ പങ്കു വഹിച്ച, ഇപ്പോഴും ഏറ്റവും കര്‍മ്മനിരതനായ മനുഷ്യനും കൂടിയാണ് അദ്ദേഹം.

മാലതി ഹൊള്ളയുടെ ജീവിതഗതി വഴിതിരിച്ചുവിട്ടത് ഒരു വയസ്സു പ്രായമുള്ളപ്പോള്‍ ബാധിച്ച പോളിയോ ആണ്. കഴുത്തു മാത്രം ചലിപ്പിക്കാനാവുമായിരുന്ന അവസ്ഥയില്‍ നിന്ന് അരയ്ക്കു മുകളിലേക്ക് ചലനശേഷി വീണ്ടെക്കുവാന്‍ കഴിഞ്ഞ അവസ്ഥയിലേക്ക് മാലതിക്ക് എത്താനായത് മാതാപിതാക്കളുടെ അശ്രാന്തപരിശ്രമവും ചികിത്സയുംകൊണ്ട് മാത്രമാണ്. അര്‍ജ്ജുന പത്മശ്രീ പുരസ്‌ക്കാരങ്ങളും പാരാലിംപികസ് മുതല്‍ പലേ അന്തര്‍ദ്ദേശീയ മത്സരങ്ങളിലും മെഡലുകളും നേടിയ മാലതി ബാങ്ക് മാനേജരായി ജോലിയും ചെയ്യുന്നുണ്ട്. ബംഗളരുവിന്റെ പ്രാന്തപ്രദേശങ്ങളിലെ അംഗപരിമിതരായ കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന മാതൃ ഫൗണ്ടേഷന്‍ മാലതി സ്ഥാപിച്ചതാണ്. സ്വന്തം വരുമാനത്തിന്റെ നല്ലൊരു ഭാഗം മാലതി ആ സ്ഥാപനത്തിനു വേണ്ടി ചെലവാക്കുന്നു.മാള്‍വിക അയ്യര്‍ 8-ാം തരത്തില്‍ പഠിക്കുമ്പോഴാണ് ഒരു കളിക്കോപ്പായി കരുതിയ ഗ്രെനേഡ് കഷണം പൊട്ടിത്തെറിച്ച് 80 ശതമനം രക്തം വാര്‍ന്ന് മാള്‍വികയ്ക്ക് മരണത്തെ മുഖാമുഖം കാണേണ്ടി വന്നത്. പക്ഷേ തളര്‍ന്ന കാലുകളോടും മുറിച്ചു നീക്കം ചെയ്യപ്പെട്ട കൈകളോടും കൂടിയെങ്കിലും മാള്‍വിക 2 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സാധാരണ ജീവിതത്തിലേക്കു മടങ്ങി. പക്ഷേ പിന്നീട് അശ്രാന്തപരിശ്രമങ്ങളുടെ കാലമായിരുന്നു. ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്ന ഉദ്യോഗവും മാള്‍വിക നേടി. കൂടാതെ അംഗപരിമിതര്‍ക്കുവേണ്ടി പ്രത്യേക വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ആന്റ് എബിലിറ്റി ഫൗണ്ടേഷന്റെ ‘കൃത്യമായി എന്റെ കുപ്പായക്കൈ വരെ ‘ എന്ന പദ്ധതിയുടെ മോഡലും ഉപദേശകയും കൂടിയാണ് സാമൂഹ്യസേവനം ലക്ഷ്യമായി കാണുന്ന മാള്‍വിക.

മുഹമ്മദ് ഷറീഫ് എന്ന ഉത്തര്‍പ്രദേശുകാരന്‍ കുഞ്ഞിപ്പയ്യന്‍, ഗോതമ്പു പൊടിക്കുന്ന മില്ലില്‍ പെട്ട് വലതുകൈ മുറിച്ചുനീക്കേണ്ടി വരുംവരെ പട്ടിണിയെങ്കിലും അല്ലലില്ലാത്ത തനി ഗ്രാമീണജീവിതമാണ് നയിച്ചുവന്നിരുന്നത്. പിന്നീട് മുഹമ്മദിനു വേണ്ടി ഡല്‍ഹിയിലെ ചേരിയിലേക്ക് കുടുംബം ചേക്കേറിയപ്പോള്‍, മുഹമ്മദ് തന്റെ അഭിനിവേശമായ സംഗീതലോകത്തേക്ക് കടക്കുകയായിരുന്നു. ഒറ്റക്കൈകൊണ്ട് ഡോലക് വായിക്കുവാന്‍ പിതാവു തന്നെ പഠിപ്പിച്ചു, അര്‍ജ്ജുന്‍ കുമാര്‍ എന്ന ഹൃദയാലുവായ അദ്ധാപകന്‍ സംഗീതം അഭ്യസിപ്പിക്കുവാനും തയ്യാറായി. ഇന്ന് നവജ്യോതി ഫൗണ്ടേഷന്‍ ചേരിപ്രദേശത്തു നടത്തുന്ന സംഗീതസ്‌കൂളിലെ അദ്ധ്യാപകനായി ജോലി ചെയ്യുകയാണ്, അനേകം കുട്ടികളെ സംഗീതം അഭ്യസിപ്പിച്ച് ജീവിതം സാര്‍ത്ഥകമാക്കുന്ന മുഹമ്മദ്.

ഋത്വിക് രാജന്‍ റോഷന്‍ രാജന്‍ സഹോദരന്മാര്‍ കേരളീയര്‍ക്ക് സുപരിചിതരാണ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പാട്ടു പാടി അവര്‍ നമ്മള്‍ മലയാളികളുടെ മനം കവര്‍ന്നവരാണ്. ഋത്വിക് അന്ധതയെ അതിജീവിച്ചെങ്കില്‍ റോഷന് നേരിടേണ്ടി വന്ന കഠിനപരീക്ഷണം അന്ധതയ്‌ക്കൊപ്പം ഓട്ടിസം കൂടി നേരിടുക എന്നതായിരുന്നു. അവരുടെ നിശ്ചയദാര്‍ഢ്യത്തിനും മക്കളെ സ്വയം ജീവിക്കാന്‍ പ്രാപ്തരാക്കിയിരിക്കും എന്നുള്ള അവരുടെ അമ്മയുടെ ദൃഢനിശ്ചയവും കൂടിയായപ്പോള്‍ അവര്‍ വിദ്യാഭ്യാസം നേടി, ഋത്വിക് ജോലിയും നേടി, അവര്‍ ഇരുവരും ചേര്‍ന്ന് ബംഗളുരുവില്‍ സംഗീതസ്‌കൂളും വിജയകരമായി നടത്തുന്നുമുണ്ട്. ഈ സഹോദരന്മാരുടെ അമ്മയുടെ പരിശ്രമങ്ങള്‍ പ്രത്യേകിച്ചും രാജനുവേണ്ടി, വായിക്കുമ്പോള്‍ മാന്യവായനക്കാര്‍ കൈകൂപ്പിപ്പോയെന്നു വരാം. ജനിച്ചു മൂന്നാം ദിവസം മഞ്ഞപ്പിത്തവും തുടര്‍ന്ന് സെറീബ്രല്‍ പാല്‍സിയും പിടിപെട്ട സിദ്ധാര്‍ത്ഥ് ജി.ജെ ഇന്ന് മള്‍ട്ടിനാഷണല്‍ കമ്പനികളിലെ ഉന്നതനേതൃനിരയുടെ വരെ ഉത്സാഹവും ആത്മവീര്യവും ഉയര്‍ത്തുന്ന പ്രചോദനാത്മക പ്രഭാഷകനാണ്. ബാങ്കിംഗ് മേഖലയിലെ തൊഴിലിലും ക്രമമായ ഉയര്‍ച്ച നേടിയിട്ടുണ്ട്. ‘ലോകം എന്നെ മനസ്സിലാക്കണമെന്ന് പ്രതീക്ഷിക്കയല്ല വേണ്ടത്, മറിച്ച് ലോകത്തെ മനസ്സിലാക്കുന്നതിന് ഞാന്‍ ശ്രമിക്കയാണ് എളുപ്പം എന്നു ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്’ എന്നു പറയുന്ന പ്രായോഗികമതിയാണ് സിദ്ധാര്‍ത്ഥ്.

സന്ദീപ് റാവു വിന് 89 വയസ്സുള്ളപ്പോഴാണ് കണ്ണിന് ക്രമേണ കാഴ്ച്ചശക്തി കുറഞ്ഞു വരുന്ന മാക്കുലര്‍ ഡീജനറേഷന്‍ എന്ന കഠിനരോഗം പിടിപെട്ടത്. ‘ഒന്നുകില്‍ നിനിക്ക് ഒന്നും ചെയ്യാനാകാതെ കുത്തിയിരിക്കാം, അതല്ലെങ്കില്‍ നീയാഗ്രഹിച്ച ഒരു ജീവിതം നിനക്കു നേടാം ‘ എന്ന് അമ്മ പറഞ്ഞത് പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട മകന്‍ പക്ഷേ സ്‌പോര്‍ട്ട്‌സിലും പിയാനോയിലും പഠനത്തിലും എല്ലാം മികവു കാട്ടി. സ്‌കൂള്‍ സ്‌പോര്‍ട്ട്‌സ് ക്യാപ്റ്റനാകാന്‍ ഇലക്ഷനു ജയിച്ചിട്ടും അന്ധത ചൂണ്ടിക്കാട്ടി ആ പദവി നിഷേധിച്ചത് മനസ്സിലെ ഉണങ്ങാത്ത വ്രണമായി കിടന്നതിനാലാവണം തികച്ചും അസാമ്പ്രദായിക തൊഴിലിലേക്കാണ് സന്ദീപ് തിരിഞ്ഞത്. ലാഫ് ഫാക്ടറി ഉള്‍പ്പടെയുള്ള കോമഡി സ്‌റ്റോറുകളില്‍ കോമഡി അവതരിപ്പിച്ചിട്ടുള്ള സന്ദീപ് ഇന്നു അറിയപ്പെടുന്ന സ്റ്റാന്‍ഡ് അപ് കൊമേഡിയനാണ്.

സുനില്‍ ദേശായി യെ ശയ്യാവലംബിയാക്കി മാറ്റിയത് 34ാം വയസ്സില്‍ സംഭവിച്ച ഒരു ബസ് അപകടമാണ്. ജീവിതതാളം അപതാളമായി പരിണമിക്കപ്പെട്ടപ്പോള്‍ നിരാശയുടെ കൊടുമുടി കയറിയെങ്കിലും ബോധപൂര്‍വ്വം ജീവിതത്തിലേക്കു തിരികെ വന്നു സുനില്‍. തന്നെപ്പോലെ അവശതയനുഭവിക്കുന്നവരെ ശുശ്രൂഷിക്കുന്നതിനായി സ്വയം ഒരു സ്ഥാപനം തുടങ്ങി. സേവനമനോഭാവമുള്ളവരെ മാത്രം പരിശീലനം കൊടുത്ത് രോഗീപരിചരണത്തിനു നിയോഗിച്ചു. ഇന്ന് പലര്‍ക്കും സ്വാന്തനമേകുന്ന സ്ഥാപനമായി അതു വികസിച്ചിട്ടുണ്ട്. ചക്രക്കസാല സ്വന്തം ആവശ്യാനുസരണം ശരിയാക്കിയെടുത്ത് വീട്ടിലേക്കു വേണ്ടുന്നതെല്ലാം വാങ്ങുന്നതുവരെ ഇപ്പോള്‍ സന്ദീപ് തന്നെ ചെയ്യുന്നു.സുരേഷ് അദ്വാനി പോളിയോ ബാധിതനായത് 8ാം വയസ്സിലാണ്. ഇരുകാലുകളും തളര്‍ന്നുപോയിട്ടും ഡോക്ടറാകണമെന്ന ആഗ്രഹത്തില്‍ ഉറച്ചു നിന്നു സുരേഷ്. യോഗ്യതകള്‍ ഉണ്ടായിട്ടും മെഡിക്കല്‍ കോളേജില്‍ പ്രവേശനം നിഷേധിക്കപ്പെട്ടപ്പോള്‍ പിന്മാറിയില്ല, പൊരുതി നേടുക തന്നെ ചെയ്തു. പിന്നീട് ഇന്‍ഡ്യാ മഹാരാജ്യത്തെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ പിതാവായി മാറിയത് പില്‍ക്കാല ചരിത്രം. പക്ഷേ അവിടെവരെ എത്തിച്ചേര്‍ന്നതിനു പിന്നില്‍ പലേ നിരാസങ്ങളുടെ പൂര്‍വ്വകഥകളുണ്ട്. നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ തടസ്സങ്ങളെല്ലാം വഴിമാറിക്കൊടുത്തു.
ഇവരെല്ലാം ഒന്നുപോലെ നമ്മളോട് ആവശ്യപ്പെടുന്നത് പെരുമാറ്റ സമത്വം മാത്രമാണ്, അംഗപരിമിതര്‍ അല്ലാത്തവരോട് എങ്ങനെ പെരുമാറുന്നുവോ അതേ രീതിയില്‍, യാതൊരു പ്രത്യേക പരിഗണനയും ഇല്ലാതെ, സഹതാപം വച്ചുനീട്ടാതെ, സാധാരണ മട്ടില്‍, അവരോടും ഇടപെടണം എന്നു മാത്രം.

മൊഴിമാറ്റ സമയത്ത് ഉള്ളില്‍ തട്ടിയ മറ്റൊരു കാര്യം ഇവരുടെ അംഗപരിമിതികളെ അംഗീകരിച്ച്, അതിജീവനപാഠങ്ങള്‍ ചൊല്ലിക്കൊടുത്ത അവരുടെ മാതാപിതാക്കളുടെ, പ്രത്യേകിച്ചും അമ്മമാരുടെ സഹനവും ത്യാഗമനോഭാവവുമാണ്. അമ്മ എന്നാല്‍ ബുദ്ധി ഉപദേശക(മെന്റര്‍)യാണ് എന്ന് പേര്‍ത്തും പേര്‍ത്തും പറയുന്നു ഇവരുടെ ജീവിതാനുഭവങ്ങള്‍. ഈ ജീവിതങ്ങള്‍ എല്ലാവര്‍ക്കും പ്രചോദനകരവും പ്രേരണാത്മകവും ആയിത്തീരും എന്ന് പ്രത്യാശിക്കുന്നു.

 

Comments are closed.