fbpx
DCBOOKS
Malayalam News Literature Website

ഭിന്നശേഷിക്കാരായവരുടെ പ്രചോദനാത്മക ജീവിതകഥകള്‍

നമ്മുടെ സമൂഹത്തില്‍ വളരെ നോര്‍മല്‍ ആയി ജീവിക്കുന്നവരെയാണ് എല്ലാവരും അംഗീകരിക്കുന്നത്. എന്നാല്‍ ഭിന്നശേഷിക്കാരായി ജനിക്കുന്നവരോ, വിധി തളര്‍ത്തിയവരെയൊ, ഏതെങ്കിലും കാരണവശാല്‍ അങ്ങനെ ആയിത്തീരുന്നവരോ ആയ അനേകം ആളുകള്‍ കൂടിയുണ്ട് നമ്മുടെ സമൂഹത്തില്‍. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ നാം അവരെ ശ്രദ്ധിക്കാതെ പോയേക്കാം. എത്ര കഴിവുള്ളവരാണെങ്കിലും ഇവരെ മറ്റുള്ളവര്‍ അകറ്റിനിര്‍ത്തുകയാണ് പതിവ്. സമൂഹം ഇത്തരക്കാര്‍ക്ക് ഒരു രണ്ടാംകിടസ്ഥാനം മാത്രമാണ് നല്‍കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ആളുകള്‍ ഒരുപക്ഷേ നമ്മേക്കാളൊക്കെ കഴിവുള്ളവരും ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ പ്രാപ്തരുമായിരിക്കാം.

അന്ധയും മൂകയുമായ ഹെലന്‍ കെല്ലര്‍ സൂമൂഹ്യപ്രവര്‍ത്തനത്തിലും, ബധിരനായ ബിഥോവന്‍ സംഗീതത്തിലും, മാനസിക വൈകല്യമുണ്ടായിരുന്ന വിന്‍സന്റ് വാന്‍ഗോഗ് ചിത്രകലയിലും, പഠനവൈകല്യമുണ്ടായിരുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ശാസ്ത്ര മേഖലയിലും ലോകപ്രശസ്തരാകുക വഴി തെളിയിച്ചത് ആ വിജയനേട്ടമാണ്. ഇങ്ങനെ കഴിവും ആത്മവിശ്വാസവും കൊണ്ട് വൈകല്യത്തെ അതിജീവിച്ച് ജീവിത വിജയം നേടുന്ന ധാരാളം വ്യക്തികള്‍ ഇന്നും നമുക്കിടയിലുണ്ട്. അതുകൊണ്ടാണ് ഇത്തരക്കാരെ ‘വികലാംഗര്‍’ എന്ന് വിളിച്ച് നിന്ദിക്കുന്നതിന് പകരം ‘ഭിന്നശേഷിയുള്ളവര്‍’ എന്ന് വിശേഷിപ്പിച്ച് പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഈ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടത് അവഗണനയും സഹതാപവുമല്ല. മറിച്ച് പരിഗണനയും, സ്‌നേഹും സാന്ത്വനവും പിന്തുണയുമാണ്.

കൈയൊപ്പ്
കൈയൊപ്പ്

ജന്‍മ വൈകല്യങ്ങള്‍ക്കിടയിലും ജന്‍മസിദ്ധമായ മികവുകള്‍ സ്വന്തമായുള്ളവര്‍ നമുക്കിടയില്‍ ആരും അറിയാതെ, കാണപ്പെടാതെ ഒതുങ്ങിക്കിടപ്പുണ്ട്. ഇത്തരത്തില്‍ തങ്ങളുടെ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറിയ 15 പ്രചോദനാത്മക ജീവിതങ്ങളുടെ അനുഭകഥപറയുന്ന പുസ്തകമാണ് ഗിഫ്റ്റ്ഡ്. പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാ മേനോന്‍, സ്‌പെഷ്യലിസ്റ്റ് പീപ്പിള്‍ ഫൗണ്ടേഷന്റെ ഡയറക്ടറുമായ വി ആര്‍ ഫിറോസ് എന്നിവര്‍ചേര്‍ന്ന് തയ്യാറാക്കിയ പ്രശസ്ത പുസ്തകമാണിത്. കൈയൊപ്പ് എന്ന പേരില്‍ ഈ പുസ്തകമിപ്പോള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുകയാണ്. ശ്രീലത എസ് ആണ് വിര്‍ത്തക.

കാണുവാന്‍ കഴിയുന്നില്ലെങ്കില്‍കൂടി മഴവില്‍നിറമുള്ള കാഴ്ചപ്പാടുകള്‍ ഉണ്ടാകുമെന്നും, കൈകളില്ലെന്നാല്‍കൂടി സാധ്യതകളുടെ ഒരു വലിയ ക്യാന്‍വാസില്‍ ചിത്രം വരയ്ക്കുവാന്‍ സാധ്യമാണെന്നും, സംസാരിക്കുവാനും കേള്‍ക്കുവാനും ആവതില്ലെന്നാല്‍കൂടി ഹ്യദയംകൊണ്ട് ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുവാനും സംസാരിക്കുവാനും കഴിയുമെന്നും, ജീവിതം ഒരു ചക്രകസേരയില്‍ ആയിപ്പോയെങ്കില്‍കൂടി ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ജീവിതം നല്‍ക്കുന്നതിനും സാധ്യമെന്നും ഈ പുസ്തകം (കൈയൊപ്പ്) നമുക്ക് കാണിച്ചുതരുന്നു.

മാലതി ഹൊള്ള, മാള്‍വിക അയ്യര്‍, സുനില്‍ദേശായി, സന്ദീപ് റാവു, ജാവേദ് അബിദി, അങ്കിത് ജിണ്ടാല്‍, ഐഷാ ചൗധരി തുടങ്ങി ഒന്നുമില്ലായിമയില്‍നിന്നും ജീവിതം പിടിച്ചടക്കിയവരുടെ വിജയത്തിന്റെ അനുഭവത്തിന്റെ കണ്ണീരുപ്പുപടര്‍ന്ന ജീവിതകഥയാണ് കൈയൊപ്പ് .

Comments are closed.