DCBOOKS
Malayalam News Literature Website

ഹിമാലയത്തിലെ ഗുരുക്കന്മാരോടൊപ്പം….

ഹിമാലയം എന്ന നാമം ഓരോ വ്യക്തിയിലും ഉണര്‍ത്തുന്നത് തികച്ചും വിഭിന്നമായ ചിന്തകളാവും. ഇന്ത്യയുടെ ഉത്തരദിക്കില്‍ പ്രകൃതികെട്ടിയുയര്‍ത്തിയ പര്‍വ്വതക്കോട്ടയാണ് ചിലരുടെ മനസ്സില്‍ ഉദിയ്ക്കുന്നതെങ്കില്‍ മറ്റുചിലരില്‍ മഞ്ഞിന്റെ ധവളാഭയണിഞ്ഞ ഗിരിശൃംഗങ്ങളാകും. ഇനിയും ചിലരില്‍ ദേവതാരുവും ഭൂര്‍ജ്ജസാലവൃക്ഷങ്ങളും നിറഞ്ഞ ഇടതൂര്‍ന്ന ഹരിതാഭയാണെങ്കില്‍ മറ്റൊരു കൂട്ടരില്‍ ഗംഗാ, യമുനാ, സിന്ധു തുടങ്ങിയ മഹാനദികള്‍ പകരുന്ന കുളിര്‍മ്മയായിരിക്കും. ഇവയെല്ലാം അടങ്ങിയ കഥകളുടെയും സംഭവങ്ങളുടെയും സ്മൃതികളാവും ചരിത്ര പുരാണേതിഹാസങ്ങളുടെ പഠിതാക്കളുടെ ഉള്ളില്‍ തെളിയുക. യാത്രികര്‍ക്കു മലകയറ്റത്തിന്റെയും സാഹസികതയുടെയും ആവേശമാണ് ഈ പദം സമ്മാനിക്കുന്നതെങ്കില്‍ ഭക്തിഭാവത്തില്‍ കേള്‍ക്കുന്നവര്‍ക്കു കൈലാസ മാനസസരസ്സും ചതുര്‍ഥാമങ്ങളുമടങ്ങിയ പുണ്യസങ്കേതങ്ങളുടെയും നിര്‍മ്മലതീര്‍ത്ഥങ്ങളുടെയും സ്മരണയാണിത് നല്‍കുക. ഏതു ഭാവത്തില്‍ നോക്കിയാലും അതേഭാവത്തില്‍ പ്രൗഢവശ്യത തിരിച്ചുനല്‍കുന്നു എന്നതാണ് ആ പര്‍വ്വതരാജന്റെ സവിശേഷത. ഹിമാലയാനുഭവങ്ങളെ പങ്കുവയ്ക്കുമ്പോള്‍ അതിനെയും സവിശേഷമാക്കിത്തീര്‍ക്കുന്നത് ഈയൊരു സ്വഭാവം തന്നെയാണ്.

ലോകത്തിലെ ഏറ്റവും പഴക്കംചെന്ന നാഗരികതകളിലൊന്നായ സിന്ധു-സരസ്വതി നാഗരികത ഉടലെടുത്തതും ഈ ഹിമാലയത്തിന്റെ മടിത്തട്ടിലാണ്. ഒപ്പം ഇന്ന് ലോകം മുഴുവന്‍ പ്രചുരപ്രചാരം നേടുന്ന യോഗ, ആദ്ധ്യാത്മിക വിദ്യകള്‍ക്കും തന്ത്രശാസ്ത്രത്തിനും ഒക്കെ ഉറവിടമായതും ഇവിടംതന്നെ. അത്രമാത്രമല്ല ഇവയുടെ പാരമ്പര്യത്തില്‍ പഠിച്ചവരും വളര്‍ന്നുവരുമായ ഒട്ടനവധി ആചാര്യന്‍മാര്‍ക്കും ഈ പ്രദേശം ജന്‍മഭൂമിയായിത്തീര്‍ന്നിട്ടുണ്ട്. അവരുടെ തുടര്‍ച്ചയായി ആത്മസാക്ഷാത്കാരത്തിന്റെയും യോഗദര്‍ശനത്തിന്റെയും അറിവുകള്‍ ലോകത്തിനുമുന്നില്‍ പകര്‍ന്നു നല്‍കുകയും കിഴക്കന്‍ രാജ്യങ്ങള്‍ക്കും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും ഇടയില്‍ ശാസ്ത്രത്തിനും അദ്ധ്യാത്മവിദ്യയ്ക്കുമിടയില്‍ പാലം പണിയാന്‍ പരിശ്രമിക്കുകയും ചെയ്ത ആധുനിക ആചാര്യന്മാരില്‍ പ്രമുഖനായിരുന്നുസ്വാമി രാമ.

ഒരു പുരുഷായുസ്സിന്റെ ഏറിയപങ്കും ഹിമാലയത്തില്‍ ചെലവഴിക്കാന്‍ സവിശേഷഭാഗ്യം സിദ്ധിച്ച ആളാണ് സ്വാമി രാമ. തന്റെ ജീവിതാനുഭവങ്ങളും അറിവുകളും ലോകജനതയ്ക്കുമുന്നില്‍ രണ്ടു ഗ്രന്ഥങ്ങളിലൂടെ അദ്ദേഹം പങ്കുവയ്ക്കുകയാണ്. കുട്ടിത്തം നിറഞ്ഞ ബാല്യവും അശ്രദ്ധമായ യൗവനവും പക്വമതിയായിത്തീര്‍ന്ന കാലവും സന്ന്യാസിയായിട്ടും ഒക്കെ ഹിമാലയത്തിന്റെ മടിത്തട്ടില്‍ ജീവിച്ച കാലം അനുഭവക്കുറിപ്പുകളിലൂടെ ആവിഷ്‌കരിക്കുന്നു ഹിമാലയത്തിലെ ഗുരുക്കന്‍മാരോടൊപ്പം എന്ന ഗ്രന്ഥം. തികച്ചും വന്യമായ ഒരു അന്തരീക്ഷത്തില്‍ ഗുഹാവാസം നയിച്ചുകൊണ്ടാണ് സ്വാമി രാമ കുട്ടിക്കാലം മുതല്‍ ഗുരുദേവനോടൊപ്പം കഴിയുന്നത്. പിതൃനിര്‍വ്വിശേഷമായ വാത്സല്യം പകര്‍ന്നു നല്‍കുന്ന ഗുരുനാഥന്‍ ബംഗാളിബാബ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായ ഒരു സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്. ഈ സ്മരണയിലുടനീളം നിറഞ്ഞുനില്‍ക്കുന്നതും ഈ ഗുരുശിഷ്യ ബന്ധവും അതിന്റെ പവിത്രവും അനുപമവുമായ ശൈലിയുമാണ്.

പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ സ്വാമി രാമയുടെ ജീവിത്തിലുടനീളം നടക്കുന്നത് മഹാഗുരുക്കന്‍മാരുമായുള്ള സമ്പര്‍ക്കംതന്നെയാണ്. അതിനായി ഗുരുനാഥന്‍ ബോധപൂര്‍വ്വം ഒരുക്കിക്കൊടുത്ത സന്ദര്‍ഭങ്ങളാണ് ഒട്ടുമിക്കവയും. സിദ്ധികളും തപശ്ശക്തിയും നേടിയവരും ആദ്ധ്യാത്മികമാര്‍ഗ്ഗത്തില്‍ വളരെ ഏറെ മുന്നേറിക്കഴിഞ്ഞവരുമായ ഇവര്‍ ഓരോരുത്തരും അദ്ദേഹത്തിനു പകര്‍ന്നു നല്‍കുന്ന അനുഭവങ്ങള്‍ ഹൃദയസ്പൃക്കായി ഇവിടെ വിവരിക്കുന്നു.ഗുഡാരി ബാബ, നീം കരോലി ബാബ, അഘോരി ബാബ, കാമാഖ്യയിലെ മാതാജി, ആനന്ദമയിമാ, സോംബാരിബാബ, ഹരിയഖന്‍ ബാബ, ഫല്‍ഹാരിബാബ, രാജകുമാരന്‍സ്വാമി തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.യോഗമാര്‍ഗ്ഗത്തിന്റെ നിഗൂഢവഴികള്‍ പിന്തുടരുകവഴി ഏതൊക്കെ തലങ്ങളിലേക്കുയരാമെന്നും അതിനിടയില്‍ കൈവരുന്ന സിദ്ധികളെ നിര്‍വികാരമായി എങ്ങനെ കൈകാര്യം ചെയ്യാമെന്നും ജീവിതം ഈശ്വരോന്‍മുഖമായിമാത്രം എപ്പോഴും നിലനിര്‍ത്തുന്നതെങ്ങിനെ എന്നും അവര്‍ പ്രായോഗികമായിത്തന്നെ കാട്ടിക്കൊടുക്കുന്നു. അതില്‍ പല അനുഭവങ്ങളും സാധാരണ മനുഷ്യനെ സംബന്ധിച്ച് അത്ഭുതവും അസാധാരണവും അണെന്നു തോന്നിപ്പോകുക സ്വാഭാവികംതന്നെ. ആ മഹായോഗികള്‍ കൂടാതെ സാമൂഹ്യജീവിതം നയിക്കുന്ന, ഋഷിതുല്യരും ആചാര്യന്മാരുമായ, രവീന്ദ്രനാഥ ടാഗോര്‍, മഹാത്മാഗാന്ധി, രമണമഹര്‍ഷി തുടങ്ങിയവര്‍ക്കൊപ്പം പങ്കിട്ട അപൂര്‍വ്വ നിമിഷങ്ങളും ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു.

അത്ഭുതങ്ങളുടെ കലവറയായ ഹിമാലയത്തില്‍ മനുഷ്യന്റെ കൈകടത്തല്‍ തീര്‍ത്തും അന്യമായിരുന്ന ഒരുകാലത്ത് അവിടെ താമസിച്ചിരുന്ന വ്യക്തി എന്ന നിലയിലും സ്വാമി രാമയുടെ അനുഭവങ്ങളെ നമുക്കുകാണാം. അതുകൊണ്ടുതന്നെ തികച്ചും അത്ഭുതാവഹവും സാധാരണക്കാരന്റെ യുക്തിയ്ക്കു പുറത്തുള്ളതെന്നു തോന്നുന്നതുമായ ഒട്ടേറെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുകയും അതിന്റെ കാര്യകാരണങ്ങള്‍ വിശദമാക്കുകയും ചെയ്യുന്നുണ്ട്. താന്ത്രികസാധനകളെയും യോഗസിദ്ധികളെയും കേവലം പ്രകടനങ്ങള്‍ക്കപ്പുറം അദ്ധ്യാത്മവിദ്യയില്‍ എവിടെ നില്‍ക്കുന്നുവെന്നുകൂടി സൂചിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ അനുഭവങ്ങള്‍.

പരമഹംസ യോഗാനന്ദയുടെ ഒരു യോഗിയുടെ ആത്മകഥയും ശ്രീ എമ്മിന്റെ ഗുരുസമക്ഷം:ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥയും പോലെ ഇംഗ്ലിഷിലും മലയാളത്തിലും ഇതിനകം ഒട്ടേറെ ആരാധകരുള്ള വിശ്വസാഹിത്യത്തിലെതന്നെ മികച്ച ആത്മകഥകളിലൊന്നാണ് ‘ഹിമാലയത്തിലെ ഗുരുക്കന്‍മാരോടൊപ്പം എന്ന പുസ്തകവും. രമാ മേനോന്‍ ആണ് ഈ പ്രസിദ്ധഗ്രന്ഥത്തിന്റെ മൊഴിമാറ്റം നിര്‍വഹിച്ചിരിക്കുന്നത്.

 

Comments are closed.