DCBOOKS
Malayalam News Literature Website

ഭൂമി ചുട്ടുപഴുത്താല്‍…?

വളരെ കണിശമായ ചാക്രികസ്വഭാവമുള്ളതായിരുന്നു ഭൂമിയിലെ കാലാവസ്ഥ. പ്രത്യേകിച്ചും നമ്മുടെ ഉപഭൂഖണ്ഡത്തില്‍. കൃത്യമായ ഇടവേളകളില്‍ മഴയും വേനലും ശൈത്യവും വസന്തവും ആവര്‍ത്തിച്ചിരുന്നു. ഇന്നാകട്ടെ വേനല്‍ അധികരിക്കുന്നു, വര്‍ഷം വൈകുന്നു, മഴയുടെ അളവു കുറയുന്നു, വൃക്ഷങ്ങള്‍ കാലം തെറ്റി പൂക്കുന്നു, കൊടുങ്കാറ്റുകളും സമുദ്രക്ഷോഭങ്ങളും അപ്രവചനീയമാകുന്നു. എന്താണിതിന്റെയൊക്കെ അടിസ്ഥാന കാരണം. ഉത്തരം ആഗോളതാപനം. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, നീരാവി, മീഥേന്‍, നൈട്രന്‍ ഓക്‌സൈഡുകള്‍ തുടങ്ങിയ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ സ്വാഭാവികമായും അടങ്ങിയിരിക്കുന്നു. ഇവയുടെ സാന്നിദ്ധ്യമാണ് ഭൂമിയുടെ അന്തരീക്ഷത്തെ ജീവജാലങ്ങള്‍ക്ക് അനുയോജ്യമായ ഒരു താപനിലയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ശാസ്ത്രകാരന്മാര്‍ കണക്കാക്കിയിട്ടുള്ളത് ഈ വാതകങ്ങള്‍ ഇവിടെയില്ലായിരുന്നെങ്കില്‍ ഭൂമിയുടെ താപനില മൈനസ് 33 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും എന്നാണ്. പക്ഷെ, ഇന്ന് മനുഷ്യന്റെ പലവിധ ഇടപെടലുകള്‍ പ്രകൃതിയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടവരുത്തുകയും അന്തരീക്ഷത്തില്‍ ഈ വാതകങ്ങളില്‍ പലതിന്റെയും അളവ് വര്‍ധിക്കാനിടയാക്കി. അതിപ്പോഴും തുടരുകയും ചെയ്യുന്നു. അപ്പോള്‍ സ്വാഭാവികമായും ഭൂമിയില്‍ അനുഭവപ്പെടുന്ന താപനിലയ്ക്കും വര്‍ധനവ് അനുഭവപ്പെട്ടു തുടങ്ങി. ഇത് ഭൂമിയുടെ കാലാവസ്ഥയിലും പല ഭൗമപ്രക്രിയകളിലും സ്വാധീനം ചെലുത്താന്‍ തുടങ്ങി. ഇന്ന് അന്താരാഷ്ട്രസമൂഹം ആഗോളതാപനത്തെക്കുറിച്ചും അതിന്റെ ദൂരവ്യാപകഫലങ്ങളെക്കുറിച്ചും വളരെയധികം ആശങ്കാകുലരാണ്. ഇതിന്റെ വെളിച്ചത്തില്‍ ആഗോളതാപനം ഭൂമിയുടെ നിലനില്‍പ്പിനെ എങ്ങിനെ ബാധിക്കുമെന്നും അതിനെതിരെ എങ്ങിനെ പ്രതിരോധിക്കാമെന്നും വിശകലനം ചെയ്യുന്ന കൃതിയാണ് ഡി.വി. സിറിളിന്റെ ഭൂമി ചുട്ടുപഴുക്കുമ്പോള്‍.

ഭൂഗോളം ഒട്ടാകെ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചാല്‍ത്തന്നെ എത്രമാത്രം ആപത്തുകളുണ്ടാകുമെന്നു മനസ്സിലാക്കിയാല്‍ മതി ഈ ലോകസമൂഹത്തിന്റെ ആശങ്കയുടെ അടിസ്ഥാനം മനസ്സിലാക്കാന്‍. ഈ നൂറ്റാണ്ട്് അവസാനിക്കുമ്പോള്‍ ഭൗമാന്തരീക്ഷതാപനില ഇന്നത്തേതിലും 6 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന രാജ്യാന്തര സമിതി വിലയിരുത്തിയിട്ടുണ്ട്. അതിന്റെ ഫലം അത്ര സുഖരമായ ഒന്നായിരിക്കില്ല. ഇന്നത്തെ ഭൂപ്രകൃതിയെയും ജനജീവിതത്തെയും തകിടം മറിക്കുന്ന ഒന്നായിരിക്കും അത്. അന്തരീക്ഷതാപം ഉയരുമ്പോള്‍ ആല്‍പ്‌സ് പര്‍വതത്തിന്റെ ഹിമാവരണവും ആര്‍ട്ടിക് മഞ്ഞുമലകളും ഹിമാലയന്‍ ഹിമാനികളും ഗ്രീന്‍ലന്‍ഡ് ഹിമസമൂഹവും ഉത്തരസമുദ്രഹിമാവരണവും ഒക്കെ ഉരുകി അപ്രത്യക്ഷമായേക്കും. സമുദ്ര ആവാസവ്യവസ്ഥ ചേതനയറ്റുപോകും. യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ സിംഹഭാഗവും മരുപ്രദേശമായിത്തീരാന്‍ താപവര്‍ധന ഇടയാക്കിയേക്കാം. അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ ഭാഗങ്ങള്‍ കടലില്‍ മുങ്ങിപ്പോയെന്നുവരും. പ്രകൃതിദുരന്തങ്ങള്‍ ലോകമെമ്പാടും നാശം വിതയ്ക്കും.

അത്‌ലാന്റിക് സമുദ്രത്തിനപ്പുറത്തുള്ള ഏറ്റവും കൂടിയ ചൂട് അനുഭവെപ്പടുന്ന സഹാറാമരുഭൂമി ആഗോളതാപനില ശരാശരി ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഴയില്‍ നനഞ്ഞുകുതിര്‍ന്ന് ഹരിതാവരണത്തിനു വഴിയൊരുക്കിയേക്കും. 6000 വര്‍ഷം മുമ്പ് സഹാറാ ഹരിതാഭമായ ഒരു പറുദീസ ആയിരുന്നു. ഛാഡ്, നൈജീരിയ, കാമറൂണ്‍ എന്നീ പ്രദേശങ്ങള്‍പോലെയാകും സഹാറാ മരുപ്രദേശം. കിളിമഞ്ചാരോ പര്‍വതമേഖല തീര്‍ത്തും മഞ്ഞുരഹിതപ്രദേശമായി രൂപാന്തരപ്പെടും. ആല്‍പ്‌സ് ഗിരിശൃംഗങ്ങളിലെ മഞ്ഞുരുകി മണ്ണിടിച്ചിലും മലയിടിച്ചിലും ഉാകും. ആര്‍ട്ടിക്‌മേഖലയില്‍ സമുദ്രത്തെ ആവരണം ചെയ്യുന്ന മഞ്ഞ് ഇല്ലാതാകുന്നതോടെ ധ്രുവക്കരടി, വാല്‍റസുകള്‍, സീലുകള്‍ (കടല്‍പ്പശുക്കള്‍) എന്നിവ ധ്രുവമേഖലയുടെ ഏറ്റവും ഉയര്‍ന്ന പ്രദേശത്തേക്കു മാറി ക്രമേണ ഉന്മൂലനാശത്തിനിരയാകും. ആവാസനാശമാണ് ഏറ്റവും വിനാശകരമായത്. ഉഷ്ണമേഖലാ പവിഴപ്പുറ്റുകള്‍ നശിച്ച് സമുദ്ര ത്തിലെ ജൈവവൈവിധ്യത്തിനു നിദാനമായ സ്പീഷീസ് നല്ലൊരു പങ്കും തുടച്ചുനീക്കപ്പെടും. ഗ്രേറ്റ് ബാരിയര്‍ റീഫിനു മകുടംചാര്‍ത്തുന്ന പവിഴപ്പുറ്റുകള്‍ ചേതനയറ്റുപോകും.

ആഗോളതലത്തില്‍ താപനില 1oC ഉയര്‍ന്നാല്‍ ആര്‍ട്ടിക് മേഖലയില്‍ 2oC താപവര്‍ധനയുണ്ടാകും. ആര്‍ട്ടിക്‌സമുദ്രത്തെ ആവരണം ചെയ്യുന്ന മഞ്ഞുപാളി സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ഒരു കൂറ്റന്‍ സ്ഫടികത്തിന്റെ ധര്‍മമാണു നിറവേറ്റിക്കൊണ്ടിരിക്കുന്നത്. ആ കണ്ണാടിയുടെ അഭാവത്തില്‍ അത്രയും സൗരോര്‍ജം ഭൂമി ആഗിരണം ചെയ്യും. അത് ഭൂമിയുടെ ഉപരിതലതാപത്തെ വര്‍ധിപ്പിക്കും.മഞ്ഞുമൂടിയ ആല്‍പ്‌സ് പര്‍വതനിരകളിലെ സ്ഥിരം മഞ്ഞുപാളികള്‍ ഉരുകിത്തുടങ്ങും. തത്ഫലമായി മഞ്ഞുമലകളും പാറക്കെട്ടുകളും ഇടിഞ്ഞുവീണ് സഞ്ചാരപാതകളും സമീപഭവനങ്ങളും നിലംപരിശാകും. ആള്‍നാശവും ജീവജാലങ്ങളുടെ നാശവും സംഭവിക്കും. ആസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ് മഴക്കാടുകള്‍ 120 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഗോണ്ട്വാനാ ഭൂഖണ്ഡത്തില്‍ നിലനിന്ന അത്യധികം പ്രാച്യപ്രാചീനമായ അത്യപൂര്‍വം സസ്യ-ജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ്. അമൂല്യമായ ഈ ജൈവവൈവിധ്യം വംശനാശഭീഷണി നേരിടും.

സമുദ്രനിരപ്പുതൊട്ട് ആന്‍ഡീസ്പര്‍വതത്തിന്റെ കിഴക്കന്‍ ചെരിവുകള്‍വരെയുള്ള 1500 മീറ്റര്‍ ഉയരംവരുന്ന പ്രദേശമാകെ വ്യാപിച്ചുകിടക്കുന്നതാണ് ഈ അതിവിശിഷ്ട ആവാസമേഖല. 800 മീറ്ററിനുമേല്‍ ഉയരമുള്ള ആവാസമേഖലയില്‍മാത്രം കാണപ്പെടുന്നപക്ഷികള്‍, ഉരഗങ്ങള്‍, മരത്തവളകള്‍ ഇവയെല്ലാം താപവര്‍ധനയുടെ ആഘാതത്താല്‍ ക്രമേണ ശോഷിച്ച് ഒടുവില്‍ വംശനാശത്തിനുതന്നെ ഇടവരുത്തും. ജൈവവൈവിധ്യത്തില്‍ കാതലായ പങ്കുള്ള, സമുദ്രജലതാപനിലയും തിരമാലകളുടെ സംഹാരശേഷിയും കാലാവസ്ഥയും നിയന്ത്രിക്കുന്ന, സമുദ്രജലപ്രവാഹങ്ങളെ സ്വാധീനിക്കുന്ന, ഏറ്റവും ബൃഹത്തും വൈവിധ്യംകൊണ്ടും വ്യാപ്തികൊണ്ടും വര്‍ണശബളിമകൊണ്ടും ആകര്‍ഷകമായ ഗ്രേറ്റ് ബാരിയര്‍ റീഫ് എന്ന പവിഴപ്പുറ്റുമേഖല ആസ്‌ട്രേലിയയുടെ മാത്രമല്ല പ്രകൃതിയുടെതന്നെ സമ്പത്താണ്. താപവര്‍ധന ഈ അനിതരസാധാരണമായ ആവാസമേഖലയുടെ നിലനില്പിനു ഭീഷണിയാണ്. ഫിജിയുടെ പവിഴപ്പുറ്റ് ഇപ്പോള്‍ത്തന്നെ നാമാവശേഷമായിക്കഴിഞ്ഞു. വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ പെട്ട ദക്ഷിണാഫ്രിക്കയിലെ കേപ് ഫ്‌ളോറിസ്റ്റിക് പ്രദേശവും താപവര്‍ധനയുടെ ഭീഷണി നേരിടുകയാണ്. ഇവിടെ കാണപ്പെടുന്ന ഒമ്പതിനായിരത്തോളം വരുന്ന സസ്യയിനങ്ങളില്‍ ആറായിരം ഇനങ്ങളും ലോകത്തിന്റെ മറ്റൊരു ഭാഗത്തും കാണാത്തവയാണ്. മത്സ്യസമ്പത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമായ പവിഴപ്പുറ്റുകള്‍ കൊടുങ്കാറ്റുകളുടെ സംഹാരശേഷിക്കു കടിഞ്ഞാണിടാന്‍ കെല്പുള്ളവയാണെന്നോര്‍ക്കുക. പവിഴപ്പുറ്റ് നശിക്കുന്നു എന്നതിനര്‍ത്ഥം പ്രകൃതിക്ഷോഭത്തില്‍ മനുഷ്യനും മറ്റു ജീവജാലങ്ങളും സ്ഥാവരജംഗമസ്വത്തുക്കളും നശിക്കുന്ന കൂറ്റന്‍ തിരമാലകളുടെ രൗദ്രതയും സംഹാരശേഷിയും വര്‍ധിക്കുന്നതിനു വഴിയൊരുക്കുന്നു എന്നാണ്. കാരണം തിരമാലകളുടെയും കൊടുങ്കാറ്റിന്റെയും ശക്തിയും സംഹാരശേഷിയും കുറയ്ക്കാന്‍ ഇവയ്ക്കു കഴിയും. ചുഴലിക്കൊടുങ്കാറ്റുകളില്‍ സംഹാരശേഷിയുടെ ആധിക്യമനുസരിച്ച് നാലും അഞ്ചും ഇനങ്ങളില്‍പ്പെട്ട ഹരിക്കേന്‍ കൊടുങ്കാറ്റുകളുടെ സംഹാരതാണ്ഡവത്തില്‍പെട്ട് സ്വത്തും ജീവനും കിടപ്പാടങ്ങളും റോഡും പാലവും വാര്‍ത്താവിനിമയ ഉപാധികളുമെല്ലാം തകര്‍ത്തുതരിപ്പണമാക്കിയ സംഭവങ്ങള്‍ 1970-നും 2004-നുമിടയ്ക്കുള്ള കഴിഞ്ഞ മുപ്പതാണ്ടുകൊണ്ട് ഇരട്ടിച്ചു. ഇതോടൊപ്പം പ്രകൃതിയുടെ ഗതിവിഗതികള്‍ രോഗങ്ങള്‍ സൃഷ്ടിക്കുന്നതിനും പടര്‍ന്നുപിടിക്കുന്നതിനും ഭക്ഷ്യക്ഷാമങ്ങള്‍ ഉണ്ടാകുന്നതിനും ഒക്കെ ഇടയാക്കുന്നു.

പാരിസ്ഥിതികമായ അവബോധം വളര്‍ത്താനും നമ്മുടെ പ്രവര്‍ത്തികള്‍ പരിസ്ഥിതിസൗഹൃദമാക്കാനും ആഹ്വാനം നല്‍കുന്ന ഈ പുസ്തകം വളരെ സൂക്ഷ്മമായി, അന്താരാഷ്ട്ര സ്ഥിതിവിവരക്കണക്കുകളെ ഉപജീവിച്ച് തയ്യാറാക്കിയിട്ടുള്ളതാണ്. മലയാളത്തിന്റെ പരിസ്ഥിതി സാഹിത്യത്തില്‍ വളരെയേറെ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ട ഈ പുസ്തകം മനുഷ്യന്റെ പ്രവര്‍ത്തികളോടുള്ള വിരോധമല്ല, മറിച്ച് പ്രകൃതിയോടുള്ള സൗഹൃദമാണ് പ്രതിബിംബിക്കുന്നത്. ഭൂമി ചുട്ടുപഴുക്കുമ്പോള്‍ എന്ന കൃതിയുടെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ പ്രസിദ്ധീകൃതമായിട്ടുള്ളത്.

Comments are closed.