DCBOOKS
Malayalam News Literature Website

ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയെടുത്ത കഥ

 

വിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ മാസ്റ്റര്‍പീസ് നോവലാണ് ബാല്യകാല സഖി. മനസ്സിന്റെ കോണിലെവിടെയോ ഒരാത്മ നൊമ്പരമായ ബാല്യകാല സഖി മലയാളത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള നോവലുകളില്‍ നിന്നും തികച്ചും വ്യത്യാസപ്പെട്ടു നില്‍ക്കുന്നു. കഥാന്ത്യത്തില്‍ എല്ലാ പ്രശ്‌നങ്ങളെയും അതിജീവിച്ച് ഒത്തു ചേരുന്ന കമിതാക്കളെ നാം പല നോവലുകളിലും കണ്ടിട്ടുണ്ട്. എന്നാല്‍ ബഷീറിന്റെ ‘ബാല്യകാലസഖി’ ഇവിടെ വേറിട്ട് നില്‍ക്കുന്നു.

മജീദിന്റെയും അവന്റെ ബാല്യകാല സഖി സുഹറയുടേയും കഥയാണ് നോവല്‍ പങ്കുവയ്ക്കുന്നത്. സുഹറയും മജീദും ആദ്യകാലത്ത് ബദ്ധവൈരികളായിരുന്നു. മാങ്ങാ കൊതിച്ചിയായിരുന്ന സുഹറയ്ക്ക് മജീദ് മാങ്ങപറിച്ചു കൊടുക്കുന്നതോടെ അവര്‍ കൂട്ടുകാരാകുന്നു. പിന്നീട് കമിതാക്കളും. പക്ഷെ വിധി അവര്‍ക്കായി കാത്തു വെച്ചത് മറ്റൊന്നായിരുന്നു. സമ്പന്നനായിരുന്ന മജീദ് ഹോട്ടലിലെ എച്ചില്‍ പാത്രങ്ങള്‍ കഴുകാന്‍ വിധിക്കപ്പെടുന്നു. മിടുക്കിയായിട്ടും ദാരിദ്ര്യം മൂലം തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാതിരുന്ന സുഹ്‌റ ഒടുവില്‍ രണ്ടാം കെട്ടുകാരന്റെ ഭാര്യയായി തീരുകയും ദുരിതജീവിതം കഴിച്ചുകൂട്ടി രോഗിയായി ഒടുവില്‍ മരണത്തിന് കീഴടങ്ങുന്നു.

മനോഹരമായ ഒരു പ്രണയകഥയാണ് ബാല്യകാലസഖിയെന്ന് സധാരണയായി പറഞ്ഞുവരുന്നുണ്ടെങ്കിലും അതിദാരുണങ്ങളായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ചാണ് ഇത് രചിച്ചിരിയ്ക്കുന്നത്. ‘ബാല്യകാലസഖി ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേടാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു. ചിലര്‍ക്കു ചുടുചോര കാണുമ്പോള്‍ എന്തെന്നില്ലാത്ത ഒരു പേടിയും അറപ്പും തോന്നും. ബോധക്ഷയം സംഭവിച്ചേക്കാം.അങ്ങനെയുള്ളവര്‍ സൂക്ഷിച്ചു വേണം പുസ്തകം വായിക്കാന്‍ ‘ എന്നാണ് പുസ്തകത്തെക്കുറിച്ച് അവതാരികയില്‍ എം പി പോള്‍ പറഞ്ഞിരിക്കുന്നത്.

സ്വാതന്ത്ര്യസമരത്തില്‍ ആവേശം കൊണ്ട് നാട്‌വിട്ട ബഷീര്‍ കല്‍ക്കത്തയിലായിരിയ്ക്കുന്ന കാലത്താണ് ബാല്യകാല സഖി രചിച്ചത്. ആദ്യം ഇംഗ്ലീഷില്‍ രചിച്ച പുസ്തകം നാട്ടിലെത്തിയശേഷം അദ്ദേഹം മാതൃഭാഷയിലേയ്ക്ക് തര്‍ജ്ജമ ചെയ്തു. 1944ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യ ഡി സി പതിപ്പ് പുറത്തിറങ്ങുന്നത് 1982ലാണ്.

പ്രമോദ് പയ്യന്നൂര്‍ ഈ കഥ സിനിമയാക്കിയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് മജീദിനെ അവതരിപ്പിച്ചത്.

 

 

 

Comments are closed.