fbpx
DCBOOKS
Malayalam News Literature Website

ശതാഭിഷേകത്തിന്റെ ‘മധു’രം

തിരുവനന്തപുരം മേയറായിരുന്ന ആര്‍. പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടെയും മകനായി 1933 സപ്തംബര്‍ 23നാണ് ആര്‍. മാധവന്‍നായരെന്ന മധു ജനിച്ചത്. കോളജധ്യാപകന്‍, നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, സ്റ്റുഡിയോ ഉടമ ഇങ്ങനെ വിശേഷണങ്ങളേറെയാണ് മലയാള സിനിമയിലെ ഈ കാരണവര്‍ക്ക്..

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹിന്ദിയില്‍ ബിരുദമെടുത്ത് തിരുവനന്തപുരത്ത് മടങ്ങിയെത്തിയപ്പോള്‍ വീട്ടുകാരുടെ ഇംഗിതമനുസരിച്ചാണ് മധു കോളേജധ്യാപകനായത്.തിരുവനന്തപുരത്ത് പാറ്റൂരുള്ള ട്യൂട്ടോറിയല്‍ കോളേജിലാണ് ആദ്യം പഠിപ്പിക്കാന്‍ ചേര്‍ന്നത്. അധ്യാപനത്തോടൊപ്പം തിരുവനന്തപുരത്തെ ചില അമേച്വര്‍ നാടക സംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തു. ഇതിനിടയില്‍ നാഗര്‍കോവിലിലെ ഹിന്ദുകോളേജിലും, അവിടുത്തെ തന്നെ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലും ഹിന്ദി അധ്യാപകനായി. ഈ സമയത്താണ് ദല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമയുടെ പരസ്യം കാണുന്നത്.

അവിടെ പ്രവേശനം നേടി ജോലി രാജിവച്ച് ദല്‍ഹിക്ക് വണ്ടികയറി. പ്രതിഭാശാലിയായ ഒരു നടന്റെ ജീവിതത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായിരുന്നു അത്.. ദല്‍ഹിയിലെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് നാടകങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മധു മുന്നിലുണ്ടായിരുന്നു. ദല്‍ഹി കോര്‍പ്പറേഷന്‍ എല്ലാ വര്‍ഷവും വിവിധ ഭാഷകളില്‍ നിന്നുള്ള നാടകങ്ങള്‍ ഉള്‍പ്പെടുത്തി നാടക മത്സരം നടത്തിയിരുന്നു. 1961 ല്‍ അത്തരത്തില്‍ സംഘടിപ്പിക്കപ്പെട്ട മത്സരത്തില്‍ പതിനാല് ഭാഷകളില്‍ നിന്നുള്ള നാടകങ്ങളെ പിന്‍തള്ളി മധു സംവിധാനം ചെയ്ത ‘മെഴുകുതിരി’ എന്ന നാടകം മികച്ചതായി.

അടൂര്‍ ഭാസിയുമായുണ്ടായിരുന്ന അടുപ്പമാണ് മധുവിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. അടൂര്‍ ഭാസിയാണ് രാമുകാര്യാട്ടിനെ പരിചയപ്പെടുത്തുന്നത്. ആ സമയത്താണ് ‘നിണമണിഞ്ഞ കാല്‍പാടുക’ളുടെ ചിത്രീകരണം മദിരാശിയില്‍ നടക്കുന്നത്. നിര്‍മ്മാതാവ് ശോഭനാ പരമേശ്വരന്‍നായര്‍ ആ ചിത്രത്തിലേക്ക് ക്ഷണിച്ചു. അത് ആദ്യ സിനിമയായി. ആദ്യ സിനിമയില്‍തന്നെ മാധവന്‍നായരുടെ പേര് മധുവെന്നായി. കവിയും സംവിധായകനുമായ പി. ഭാസ്‌കരനാണ് മധു എന്ന പേര് നിര്‍ദ്ദേശിച്ചത്.

പിന്നീട് ഇങ്ങോട്ട് മധുവിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. മലയാള സിനിമാചരിത്രം മധുവിന്റെ തന്നെ ചരിത്രമായി. നടനെന്ന നിലയില്‍ മാത്രമല്ല, നിര്‍മ്മാതാവും സംവിധായകനും സ്റ്റുഡിയോ ഉടമയുമായി അദ്ദേഹം തിളങ്ങി. തകഴി, ബഷീര്‍, എംടി, പത്മരാജന്‍, സി.രാധാകൃഷ്ണന്‍, ജി.വിവേകാനന്ദന്‍ എന്നിവരുടെയെല്ലാം സാഹിത്യ സൃഷ്ടികള്‍ ചലച്ചിത്രങ്ങളായപ്പോള്‍ അതില്‍ പ്രധാനവേഷം ചെയ്യാന്‍ കഴിഞ്ഞു. ചെമ്മീനിലെ പരീക്കുട്ടിയുള്‍പ്പടെ പ്രധാനപ്പെട്ട നിരവധി കഥാപാത്രങ്ങള്‍ മധുവിലൂടെ ജീവന്‍ വച്ചു. ‘ഭാര്‍ഗവീനിലയം, ‘ഓളവും തീരവും’ സ്വയംവരംയുദ്ധകാണ്ഡം, തീക്കനല്‍്, ഇതാ ഒരു മനുഷ്യന്‍, വെള്ളം, ഹൃദയം ഒരു ക്ഷേത്രം..അങ്ങനെ നീളുന്ന പട്ടിക രഞ്ജിത് സംവിധാനം ചെയ്ത സ്പിരിറ്റിലെ ക്യാപ്റ്റന്‍ എന്ന കഥാപാത്രവും കടന്ന് നീളുന്നു. ആറ് അന്യഭാഷാ ചിത്രങ്ങളിലും മധു അഭിനയിച്ചു.

അഭിനേതാവെന്ന നിലയില്‍ തിരക്കും പ്രശസ്തിയുമുള്ള കാലത്തു തന്നെയാണ് സംവിധായകനായും മധു മാറുന്നത്. പ്രിയ ആയിരുന്നു ആദ്യ ചിത്രം. 12 ചിത്രങ്ങള്‍ മധു സംവിധാനം ചെയതു. മിക്കതും പ്രമുഖ സാഹിത്യകാരന്മാരുടെ കൃതികളായിരുന്നു.’സതി’ എന്ന ചിത്രത്തിലൂടെയാണ് മധു നിര്‍മ്മാതാവാകുന്നത്. 1972 ലായിരുന്നു അത്. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. അക്കാലത്ത് മലയാള ചലച്ചിത്ര നിര്‍മ്മാണം മുഖ്യമായും തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് നടന്നിരുന്നത്. തമിഴ്‌നാട്ടിലെ സ്റ്റുഡിയോകളെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനാണ് തിരുവനന്തപുരത്തെ പുളിയറക്കോണത്ത് മധു, ഉമാ സ്റ്റുഡിയോ സ്ഥാപിക്കുന്നത്. ഉമാ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച ആദ്യ ചിത്രം ‘ധീരസമീരെ യമുനാതീരേ’ ആയിരുന്നു. പിന്നീട് മധു നിര്‍മ്മിച്ചതും മറ്റുള്ളവരുടെ നിര്‍മ്മാണത്തിലുമായി നിരവധി ചിത്രങ്ങള്‍ ഉമാ സ്റ്റുഡിയോയില്‍ നിന്നുണ്ടായി. എണ്‍പത്തിനാലിലും അഭിനയത്തില്‍ സജീവി നിലകൊള്ളുകയാണ് അദ്ദേഹം..

Comments are closed.