DCBOOKS
Malayalam News Literature Website

ബീര്‍ബലിന്റെ ബുദ്ധികൗശലങ്ങളെക്കുറിച്ച് മനോഹരമായ ഒരു കഥ

മാന്ത്രികവടികള്‍

അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ ഒരു ദിവസം ധനികനായ ഒരു വ്യാപാരിയെത്തി. ഒരു പ്രശ്‌നത്തിനു പരിഹാരം തേടിയാണ് അയാള്‍ ചക്രവര്‍ത്തിയെ കണ്ടത്. 
”തിരുമേനീ, എന്റെ വീട്ടിലെ അലമാരയ്ക്കുള്ളില്‍ ഒരു സഞ്ചി നിറയെ സ്വര്‍ണ്ണനാണയങ്ങള്‍ സൂക്ഷിച്ചിരുന്നു. വേലക്കാരെ വീടുനോക്കാന്‍ ഏല്
പിച്ചിട്ട് കഴിഞ്ഞ ഞായറാഴ്ച ഞാനും കുടുംബവും അടുത്ത ദേശത്തുള്ള ബന്ധുവീട്ടില്‍ പോയി. ഇന്നലെയാണു മടങ്ങിവന്നത്. പൂട്ടിവച്ചിരുന്ന അലമാര തുറന്നു കിടക്കുന്നതാണ് അപ്പോള്‍ കണ്ടത്. സ്വര്‍ണ്ണം നഷ്ടപ്പെട്ടി
രുന്നു. വീട്ടില്‍ അഞ്ചു വേലക്കാരുണ്ട്. തീര്‍ച്ചയായും അവരില്‍ ഒരുത്ത
നാണ് മോഷണം നടത്തിയത്. ഞാന്‍ ചോദ്യം ചെയ്തിട്ട് ആരും കുറ്റം സമ്മതിക്കുന്നില്ല. തിരുമേനി കുറ്റവാളിയെ കണ്ടുപിടിച്ചുതരണം.” അയാള്‍ അപേക്ഷിച്ചു.
”യഥാര്‍ത്ഥ മോഷ്ടാവിനെ കണ്ടെത്താനുള്ള മാര്‍ഗ്ഗമെന്താണ് ബീര്‍ബല്‍?” ചക്രവര്‍ത്തി പ്രിയമന്ത്രിയുടെ നേരേ നോക്കി.
”നമുക്കു നോക്കാം.” ബീര്‍ബല്‍ വ്യാപാരിയോടു നിര്‍ദ്ദേശിച്ചു: ”നിങ്ങളുടെ അഞ്ചു ഭൃത്യന്മാരെയും നാളെ ഈ നേരത്ത് ഇവിടെ ഹാജരാക്കുക.”
പിറ്റേദിവസം അഞ്ചു ഭൃത്യന്മാരും കൊട്ടാരത്തില്‍ ഹാജരായി. ഒരടി വീതം നീളം വരുന്ന ഓരോ വടി ബീര്‍ബല്‍ അവരുടെ കൈയില്‍ കൊടുത്തു. അതിനുശേഷം ഏതോ മന്ത്രം ജപിച്ചിട്ട് അദ്ദേഹം ഭൃത്യന്മാരുടെ കൈകളിലും ഏല്പിച്ച വടികളിലും മൂന്നു പ്രാവശ്യം വീതം ഊതി.
”മാന്ത്രികവടികളാണിവ. ഭദ്രമായി സൂക്ഷിക്കണം. നാളെ കൃത്യം ഈ സമയത്ത് എന്നെ തിരിച്ചേല്പിക്കുകയും വേണം. സ്വര്‍ണ്ണം മോഷ്ടിച്ചവന്റെ കൈവശമുള്ള വടി മാത്രം അവന്റെ ചൂണ്ടുവിരല്‍ നീളത്തില്‍ വളര്‍ന്നിട്ടുണ്ടാവും.” അദ്ദേഹം അവരെ പറഞ്ഞുവിട്ടു.
അടുത്ത ദിവസം ഭൃത്യന്മാര്‍ കൊട്ടാരത്തിലെത്തി. അവരുടെ കൈയിലുള്ള വടികള്‍ ബീര്‍ബല്‍ പരിശോധിച്ചു. ഒരുവടിക്ക് ചൂണ്ടുവിരല്‍ നീളം കുറവായിരുന്നു. ആ വടി കൊണ്ടുവന്നവനോടു ബീര്‍ബല്‍ പറഞ്ഞു:
”നീയാണ് കുറ്റവാളി. ഈ വടികള്‍ക്ക് യാതൊരു മാന്ത്രികശക്തിയുമില്ല. വെറും സാധാരണ വടികളാണ് ഇവ. കൈവശമുള്ള വടി വിരലോളം നീളം വളരുമെന്നു പേടിച്ച് കുറ്റം ചെയ്തവന്‍ അത്രയും നീളം മുന്‍കൂട്ടി മുറിച്ചു നീക്കുമെന്ന് ഞാന്‍ ഊഹിച്ചു. കൃത്യമായി അതുതന്നെയാണു നീ ചെയ്തത്. അതുകൊണ്ടല്ലേ മറ്റുള്ളവരുടേതിനെക്കാള്‍ നിന്റെ വടിക്കു നീളം കുറഞ്ഞത്?”
കുറ്റം സമ്മതിച്ചുകൊണ്ട് ആ ഭൃത്യന്‍ ബീര്‍ബലിന്റെ പാദങ്ങളില്‍ വീണു. മാപ്പു നല്കണമെന്ന് കേണപേക്ഷിച്ചു.

”നിന്റെ യജമാനന്റെ സ്വര്‍ണ്ണം മടക്കിക്കൊടുക്കുക.”
ബീര്‍ബലിന്റെ നിര്‍ദ്ദേശപ്രകാരം അവന്‍ ഓടിപ്പോയി സ്വര്‍ണ്ണം നിറച്ച സഞ്ചി കൊണ്ടുവന്ന് വ്യാപാരിയെ ഏല്പിച്ചു. അതീവ സന്തുഷ്ടനായ വ്യാപാരി ബീര്‍ബലിനു പാരിതോഷികങ്ങള്‍ നല്കി നന്ദി പറഞ്ഞു.
”ഈ കള്ളനും എന്തെങ്കിലും സമ്മാനം നല്‌കേണ്ടേ?” അക്ബര്‍ ഭടനെ വിളിച്ച് കല്പന കൊടുത്തു: ”സ്വന്തം യജമാനനെ വഞ്ചിച്ച ഈ വേലക്കാരന് മുക്കാലിയില്‍ കെട്ടി പന്ത്രണ്ട് അടി കൊടുക്കുക.”

( ഇ കെ കരുണാകരന്‍ എഴുതിയ ബീര്‍ബലിന്റെ ബുദ്ധികൗശലങ്ങള്‍ എന്ന കഥാസമാഹാരത്തില്‍ നിന്ന്‌)

Comments are closed.