DCBOOKS
Malayalam News Literature Website

നമ്മുടെ മുന്നിലുള്ള ജീവിതത്തെക്കുറിച്ച് ജെ. കൃഷ്ണമൂര്‍ത്തിയുടെ ദര്‍ശനങ്ങള്‍

തത്ത്വചിന്തകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജ്ജിച്ച ജെ. കൃഷ്ണമൂര്‍ത്തിയുടെ ജീവിതവും ദര്‍ശനങ്ങളും വിവരിക്കുന്ന പുസ്തകമാണ് ‘Life Ahead’. ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് മുമ്പിലുള്ള ജീവിതം. ജെ. കൃഷ്ണമൂര്‍ത്തി രചിച്ച ഈ പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത് ടി ഗോപാലനാണ്.

ജീവിതത്തിന്റെ അടിസ്ഥാനംതന്നെ വിദ്യാഭ്യാസമാണെന്ന തന്റെ കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തി ജെ. കൃഷ്ണമൂര്‍ത്തി വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും മാതാപിതാക്കളെയും അഭിസംബോധനചെയ്യുന്നകൃതിയാണ് മുമ്പിലുള്ള ജീവിതം. മാത്സര്യത്തിന്റെ അപകടം, അതുളവാക്കുന്ന ഭയം, അനുഭവങ്ങളില്‍നിന്ന് മനസ്സിനെ ശക്തമാക്കാന്‍ തുടങ്ങി അനവധി വിഷയങ്ങള്‍ ഈ പുസ്തകം ചര്‍ച്ചചെയ്യുന്നു. കരുത്തുറ്റ ശരീരവും മനസ്സും എങ്ങനെ വൈകാരികതയെ അതിജീവിക്കുന്നുവെന്നും ബോധാബോധങ്ങളെ മുന്‍നിര്‍ത്തി ആന്തരികവൈരുദ്ധ്യങ്ങളെ എപ്രകാരം മറികടക്കാമെന്നും വിദ്യാര്‍ത്ഥികളുടെ സ്വാഭാവികമായ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലൂടെ കൃഷ്ണമൂര്‍ത്തി വ്യക്തമാക്കുന്നു.

ജെ. കൃഷ്ണമൂര്‍ത്തിയെക്കുറിച്ച് അല്പം;

20-ാം നൂറ്റാണ്ടിന്റെ വലിയൊരു ഭാഗത്തോളം വ്യാപിച്ചുനില്ക്കുന്ന കൃഷ്ണമൂര്‍ത്തിയുടെ ജീവിതവും ദര്‍ശനവും ആധുനികയുഗത്തിന്റെ അവബോധത്തെ അഗാധമായി സ്പര്‍ശിക്കുകയുണ്ടായി. ജ്ഞാനി, തത്ത്വചിന്തകന്‍, പ്രബുദ്ധന്‍ എന്നീ നിലകളില്‍ അദ്ദേഹം ലോകത്തെങ്ങുമുള്ള ധിഷണാ
ശാലികളുടെ, സാധാരണക്കാരുടെ, ചെറുപ്പക്കാരുടെ, പ്രായമായവരുടെയൊക്കെ ജീവിതത്തെ പ്രകാശപൂര്‍ണ്ണമാക്കി. എല്ലാ മതങ്ങള്‍ക്കും അതീതമായ ഒരു ജീവിതരീതി ചൂണ്ടിക്കാട്ടുകവഴി കൃഷ്ണമൂര്‍ത്തി മതത്തിന് പുതിയൊരര്‍ത്ഥവും ഉള്ളടക്കവും നല്കി. സമകാലീനസമൂഹത്തിന്റെ പ്രശ്‌നങ്ങളെ ധീരമായി അഭിമുഖീകരിക്കാനും മനുഷ്യമനസ്സിന്റെ പ്രവര്‍ത്തനങ്ങളെ ശാസ്ത്രീയമായ അടിയുറപ്പോടെ വിശകലനം ചെയ്തുകാട്ടാനും അദ്ദേഹത്തിനു സാധിച്ചു. ”മനുഷ്യനെ പൂര്‍ണ്ണമായും നിരുപാധികമായും മുക്തനാക്കുക” എന്നതു മാത്രമാണ് തന്റെ ഒരേയൊരു പരിഗണന എന്നു പ്രഖ്യാപിച്ചുകൊണ്ട്, മനുഷ്യനെ അവന്റെ ദുഃഖം, ഭയം, ഹിംസാത്മകത, സ്വാര്‍ത്ഥത എന്നിവയില്‍നിന്നു വിമോചിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ജിദ്ദു കൃഷ്ണമൂര്‍ത്തി (11-5-1895–17-02-1986) ആന്ധ്രാപ്രദേശിലെ മദനപ്പള്ളി ഗ്രാമത്തില്‍ ധര്‍മ്മനിഷ്ഠയുള്ള ഒരിടത്തരം കുടുംബത്തില്‍ പിറവിയെടുത്തു. തിയോസഫിക്കല്‍ സൊസൈറ്റിയുടെ നേതാക്കള്‍ ബാലനായ കൃഷ്ണമൂര്‍ത്തിയെ കെണ്ടത്തുകയായിരുന്നു; അവര്‍ കൃഷ്ണമൂര്‍ത്തിയെ തങ്ങള്‍ കാത്തിരുന്ന ലോകഗുരുവാണെന്നു പ്രഘോഷിച്ചു. യുവാവായിരിക്കെത്തന്നെ കൃഷ്ണമൂര്‍ത്തി ഗൂഢമായ ചില അനുഭവങ്ങളിലൂടെ കടന്നുപോയത് അദ്ദേഹത്തെ ആഴത്തില്‍ മാറ്റുകയും ഇതദ്ദേഹത്തില്‍ ജീവിതത്തെപ്പറ്റിയുള്ള ഒരു പുതിയ ഉള്‍ക്കാഴ്ച പകരുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം തന്റെ തനിച്ചുള്ള ദൗത്യം ജനങ്ങളെ ഒരു ഗുരുവിന്റെ നിലയിലല്ല, ഒരു സുഹൃത്തിന്റെ നിലയില്‍ കാണുവാനും സംബോധന ചെയ്യുവാനും ആരംഭിച്ചു.

1920-ന്റെ തുടക്കംമുതല്‍ 1986-ല്‍ തന്റെ 91-ാം വയസ്സുവരെ ജെ. കൃഷ്ണമൂര്‍ത്തി ലോകം മുഴുവന്‍ ചുറ്റിസഞ്ചരിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും എഴുതുകയും പണ്ഡിതന്മാരും യതികളും ഉള്‍പ്പെടെ ജീവിതത്തിന്റെ പല ശ്രേണികളിലുള്ള വ്യക്തികളുമായി സംവാദങ്ങളിലേര്‍പ്പെടുകയും  ചെയ്തു; ചിലപ്പോള്‍ കരുണാപൂര്‍ണ്ണവും ദുഃഖശമനദായകവുമായ തന്റെ സാന്നിദ്ധ്യം തേടിയെത്തുന്ന സ്ത്രീപുരുഷന്മാര്‍ക്കു മുന്നില്‍ നിശ്ശബ്ദമായിരുന്നും അദ്ദേഹം ജീവിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ പുസ്തകാര്‍ജ്ജിതമായ അറിവുകളില്‍നിന്നോ പാണ്ഡിത്യത്തില്‍നിന്നോ ഉരുവായവയായിരുന്നില്ല. മറിച്ച്, മനുഷ്യാവസ്ഥയുടെ ആഴമേറിയ ഉള്‍ക്കാഴ്ചയില്‍നിന്നും പാവനമായതിനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ദര്‍ശനങ്ങളില്‍നിന്നും ഉണ്ടായവയായിരുന്നു. അദ്ദേഹം ഒരുതരത്തിലുള്ള ഒരു ‘തത്ത്വശാസ്ത്ര’ത്തെയും മുന്നോട്ടുവച്ചില്ല. മറിച്ച്, നാം നമ്മുടെ നിത്യജീവിതത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്ന കാര്യങ്ങളെപ്പറ്റി അദ്ദേഹം സംസാരിച്ചു. ആധുനികസമൂഹത്തില്‍ അതിന്റെ അഴിമതി, ഹിംസാത്മകത, സുരക്ഷിതത്വത്തിനും സന്തുഷ്ടിക്കും വേണ്ടിയുള്ള വ്യക്തിയുടെ അന്വേഷണം, മനുഷ്യനെ അവന്റെ കോപം, ആര്‍ത്തി, ഭയം, ദുഃഖം എന്നിവയില്‍നിന്നു മുക്തനാക്കേണ്ടതിന്റെ ആവശ്യകത എന്നിവയെപ്പറ്റിയൊക്കെ അദ്ദേഹം സംസാരിച്ചു.

രണ്ട് ലോകയുദ്ധങ്ങള്‍, ആറ്റത്തിന്റെ വിഭജനം, പ്രത്യയശാസ്ത്രങ്ങളുടെ പതനം, ഭൂമിക്കു നേരേ മനുഷ്യന്‍ നടത്തിയ രാക്ഷസീയസംഹാരം, മനുഷ്യജീവിതത്തിന്റെ സര്‍വ്വതലങ്ങളെയും ഗ്രസിച്ച ജീര്‍ണ്ണത എന്നിവയൊക്കെ കണ്ട കൃഷ്ണമൂര്‍ത്തി ഒരു നൂറ്റാണ്ടിന്റെ ഏറ്റവും പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തില്‍ ജീവിച്ചു. വിവിധ സാങ്കേതികവിദ്യകളില്‍ വളരെയധികം പുരോഗതി നേടിയ ഒരു നൂറ്റാണ്ടുകൂടിയായിരുന്നു അത്.കൃഷ്ണമൂര്‍ത്തി തന്റെ ദീര്‍ഘദര്‍ശനത്തിലൂടെ വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് നമുക്ക് മുന്നറിയിപ്പു നല്കി. ഭൂമിക്കു സംഭവിക്കാന്‍ പോകുന്ന മഹാവിനാശത്തെപ്പറ്റി നാം ബോധവാന്മാരാകുന്നതിനും ദശകങ്ങള്‍ക്കുമുമ്പുതന്നെ ഭൂമിയെ സംരക്ഷിക്കേതിനെപ്പറ്റി, അതില്‍ പതുക്കെ കാലടിവയ്‌ക്കേണ്ടതിനെപ്പറ്റി, സ്‌കൂളുകളിലെ കുട്ടികളെ അദ്ദേഹം ഉപദേശിച്ചു. 1970-ാമാണ്ടോടുകൂടി അദ്ദേഹം ചോദിക്കുകയുണ്ടായി: ”തലച്ചോറിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും കമ്പ്യൂട്ടര്‍ ചെയ്യാന്‍ തുടങ്ങുന്നതോടെ മനുഷ്യന് എന്തു സംഭവിക്കും?”  കൃഷ്ണമൂര്‍ത്തിയുടെ സമീപനത്തിലെ ചേതസ്സമാകര്‍ഷകമായ ഘടകം, കാലഘട്ടത്തിലെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തികകാര്യങ്ങളുമായി ബന്ധപ്പെട്ട് സംബോധന ചെയ്യുമ്പോള്‍പോലും അദ്ദേഹത്തിന്റെ ഉത്തരങ്ങള്‍ ജീവിതത്തിന്റെയും സത്യത്തിന്റെയും കാലാതീതമായ ദര്‍ശനത്തില്‍ വേരൂന്നിയതായിരുന്നു എന്നതത്രേ.

രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ മറ്റേതു വ്യക്തിയെക്കാളുമേറെ കൃഷ്ണമൂര്‍ത്തി ലോകത്തില്‍ ഏറെ വ്യക്തികളുമായി സംസാരിച്ചുവെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ആറു പതിറ്റാണ്ടുകളോളം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍, പ്രത്യേകിച്ച് ഇന്ത്യയില്‍ ചെന്നൈ, ന്യൂഡല്‍ഹി, മുംബൈ തുടങ്ങിയ വന്‍നഗരങ്ങളില്‍, കാലിഫോര്‍ണിയയിലെ ഓഹായ്‌വാലിയില്‍, സ്വിറ്റ്‌സര്‍ലിലെ സാനെനില്‍, ദക്ഷിണഇംഗ്ലണ്ടിലെ ബ്രോക്ക്‌വുഡ് പാര്‍ക്കില്‍ അദ്ദേഹത്തെ കേള്‍ക്കാന്‍, ആയിരങ്ങളെത്തി. കൃഷ്ണമൂര്‍ത്തി ലോകാരാധ്യരായ പല വ്യക്തികളുമായി സ്വകാര്യമായും പരസ്യമായും സംസാരിച്ചു. വിഖ്യാത ശാസ്ത്രകാരന്മാരായ ഡോ. ഡേവിഡ്‌ബോം, ഫ്രിജോ കാപ്രെ, നോവലിസ്റ്റായ ആല്‍ഡസ് ഹക്‌സ്‌ലി,
പോളിയോ വാക്‌സിന്‍ കുണ്ടപിടിച്ച ഡോ. ജോനസ് സാല്‍ക് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. നാടകരചയിതാവായിരുന്ന ജോര്‍ജ് ബര്‍ണാഡ് ഷാ, കവിയായിരുന്ന ഖലീല്‍ ജിബ്രാന്‍, പ്രശസ്ത രാഷ്ട്രീയ നേതാക്കള്‍, സാഹിത്യകാരന്മാര്‍, മതനേതാക്കള്‍ ഇവരൊക്കെ കൃഷ്ണമൂര്‍ത്തിയുടെ പ്രഭാഷണങ്ങളിലും ആശയങ്ങളിലും ആകര്‍ഷിതരായി.

ജെ. കൃഷ്ണമൂര്‍ത്തിയുടെ തത്ത്വചിന്ത പ്രായമായവര്‍ക്കും ധൈഷണികമായ ഔന്നത്യം പുലര്‍ത്തുന്നവര്‍ക്കും മാത്രമുള്ളതാണെന്നു ചിന്തിക്കുന്നത് ഗുരുതരമായ ഒരു പാളിച്ചയാണ്. മറിച്ച്, കൃഷ്ണമൂര്‍ത്തി ഇന്ത്യയിലും പുറത്തും സ്ഥാപിച്ച സ്‌കൂളുകളിലെ കുട്ടികളുമായി നടത്തിയ സംഭാഷണങ്ങള്‍ ഏറെ താല്‍പര്യത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. ഭയരഹിതമായും മാത്സര്യങ്ങളില്ലാതെയും അവനവനെപ്പറ്റിയുള്ള അഗാധമായ ധാരണയോടെയും കുട്ടികള്‍ വളര്‍ന്നുവരണമെന്ന് ഇത്തരം സ്‌കൂളുകള്‍കൊദ്ദേഹം ഉദ്ദേശിച്ചു. മഹാനായ ഒരു ഗുരുവായിരുന്ന അദ്ദേഹത്തിന് യുവജനങ്ങളിലേക്കെത്താന്‍ പ്രയാസമുായില്ല. ഭൂമിയുടെ സൗന്ദര്യത്തിനു നേരെയും ഒപ്പം മനുഷ്യന്റെ യാതനയ്ക്കു നേരെയും അവരുടെ സംവേദനപരതയെ ഉണര്‍ത്തിക്കൊ് ഏറെ സങ്കീര്‍ണ്ണമായ മനുഷ്യമനസ്സിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിവരെയുള്ള ജീവസ്സുറ്റ ചര്‍ച്ചകളില്‍ അദ്ദേഹം അവരെ പങ്കാളികളാക്കി. ഇംഗ്ലിഷില്‍ മാത്രമാണ് കൃഷ്ണമൂര്‍ത്തി സംസാരിച്ചതും എഴുതിയതുമെങ്കിലും അദ്ദേഹത്തിന്റെ രചനകള്‍ 50-ലേറെ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. ഏതാനും ദശകങ്ങളോളം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ഏകാധിപത്യരാജ്യങ്ങളില്‍ ഗൂഢമായാണ് വിതരണം ചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ലക്ഷക്കണക്കിനു പുസ്തകങ്ങള്‍ ലോകമെമ്പാടും വിറ്റഴിക്കപ്പെട്ടു. ഒരുലക്ഷം പേജുകളോളം വരുന്ന അച്ചടിച്ച രചനകള്‍ കൃഷ്ണമൂര്‍ത്തിയുടേതായുണ്ട്. 2500 ഓഡിയോ ടേപ്പുകളും 600 വീഡിയോ ടേപ്പുകളും.ഇത്രയുമാണദ്ദേഹത്തിന്റെ ഭൗതികമായ പൈതൃകം. അദ്ദേഹത്തിന്റെ ജീവിച്ചിരിക്കുന്ന പൈതൃകം ലോകത്തിലെ എണ്ണമറ്റ മനുഷ്യഹൃദയങ്ങളില്‍, മനസ്സുകളില്‍ കുടികൊള്ളുന്നു. അവരുടെ ജീവിതത്തെ തന്റെ അളവറ്റ വിവേകംകൊണ്ടും സര്‍വജീവജാലങ്ങളോടുള്ള അതിരറ്റ സ്‌നേഹംകൊണ്ടും അദ്ദേഹം സ്പര്‍ശിക്കുകയും മാറ്റുകയും ചെയ്തു.  ജീവിതത്തിന്റെ അന്ത്യവേളയോടടുത്ത് തന്റെ തത്ത്വചിന്തയുടെ സംഗ്രഹമെന്നു പറയുന്നതെന്തായിരിക്കുമെന്ന ചോദ്യത്തിനുത്തരമായി  കൃഷ്ണമൂര്‍ത്തി  ദൃഢസ്വരത്തില്‍ മൊഴിഞ്ഞു: ”എവിടെ നീയുണ്ടോ, അവിടെ ‘അത്’ ഇല്ല.” ‘അത്’ എന്നത് അദ്ദേഹം തന്റെ ജീവിതത്തിലെ ചിന്തയിലും വ്യാപിച്ചുകിടന്നിരുന്ന പാവനമായതിനെ ഉദ്ദേശിച്ചുകൊണ്ട് ഉപയോഗിച്ചിരുന്ന ഒരു വാക്കത്രെ.

 

Comments are closed.