fbpx
DCBOOKS
Malayalam News Literature Website

കേരളത്തിലെ നാട്ടുവൈദ്യത്തെകുറിച്ച്..ഒരു പഠനം

എന്താണ് നാട്ടുവൈദ്യം..? മറ്റുള്ള ചികിത്സാരീതികളില്‍ നിന്നും നാട്ടുവൈദ്യത്തിനുള്ള പ്രത്യേകതയെന്ത്..? നാട്ടുവൈദ്യം ആചാരത്തിന്റെയോ അനുഷ്ഠാനത്തിന്റെയോ ഭാഗമാണോ, ഇതിന്റെ ചികിത്സാസമ്പ്രദായങ്ങള്‍ എന്തെല്ലാമാണ്..തുടങ്ങി കേരളത്തിലെ നാട്ടുവൈദ്യത്തെകുറിച്ചുള്ള അറിവു പകരുകയാണ് ഇ ഉണ്ണികൃഷ്ണന്‍ കേരളത്തിലെ നാട്ടുവൈദ്യം എന്ന പുസ്തകത്തിലൂടെ..! നാട്ടുവൈദ്യം, ഗൃഹചികിത്സ, വിഷചികിത്സ, ആദിവാസി വൈദ്യം, കേരളീയയാര്‍വ്വേദം, എന്നീ മേഖലകളില്‍ കേരളത്തിന്റെ തനതായ അറിവുകളെക്രോഡീകരിച്ച് പരിശോധിക്കുന്ന അപൂര്‍വ്വ പഠനമാണ് കേരളത്തിലെ നാട്ടുവൈദ്യം എന്ന പുസ്തകം.

പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം; ‘നാട്ടുവൈദ്യം: ഒരു ഫോക്‌ലോര്‍രൂപം എന്ന നിലയില്‍’

നാട്ടുകൂട്ടത്തെ ആദിവാസികള്‍, ഗ്രാമീണര്‍, നാഗരികര്‍ എന്നിങ്ങനെ തരം തിരിക്കാം. ഈ മൂന്നു വിഭാഗങ്ങളുടെയും ഔഷധജ്ഞാനത്തിന്റെ ആകെത്തുകയാണ് നാട്ടുചികിത്സ. ഒ.പി. ജഗ്ഗി നാട്ടുവൈദ്യത്തെ ആദിവാസിവൈദ്യം, ഗ്രാമീണവൈദ്യം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു (Jaggi 1973:3). പ്രകൃതിയില്‍നിന്നും അന്യവത്കരിക്കപ്പെട്ട നാഗരികന് നാട്ടുചികിത്സയുടെ സമൃദ്ധമായ ഒരു പാരമ്പര്യം അവകാശപ്പെടാനില്ല എന്ന മുന്‍വിധിയാകാം നാഗരികവൈദ്യം എന്ന ഒരു ഉപവിഭാഗത്തെ കണക്കിലെടുക്കാതെ പോയതിനു കാരണം. നാട്ടുവൈദ്യത്തിന്റെ അസംസ്‌കൃത വസ്തുക്കളായ ഔഷധദ്രവ്യങ്ങള്‍ ഭൂരിഭാഗവും കൈമാറ്റം ചെയ്യപ്പെടുന്നത് നഗരത്തിലെ ഔഷധച്ചന്തകളിലും അങ്ങാടിമരുന്നുകടകളിലുമാണ്. നഗരത്തിലെ പാതയോരങ്ങളാണ് നാടോടികളായ ലാടവൈദ്യന്‍മാരുടെ താവളങ്ങള്‍. ഔഷധച്ചന്തകളും നടപ്പാതകളിലെ കച്ചവടസ്ഥലങ്ങളും നാടോടി വിജ്ഞാനത്തെ സംബന്ധിച്ച് പ്രാധാന്യമേറിയ പഠനപരിസരങ്ങളാണ്. ദ്രവ്യങ്ങളുടെ ശേഖരണം, കൈമാറ്റം, സൂക്ഷിച്ചുവയ്ക്കല്‍ തുടങ്ങിയ ഘട്ടങ്ങളിലെല്ലാം ഇവിടെ ആര്‍ജ്ജിതാനുഭവങ്ങള്‍ പ്രയോഗിക്കപ്പെടുന്നു.

കൂട്ടായ്മ കൊണ്ടുനടത്തുന്ന ഒരു ഫോക്‌ലോര്‍ രൂപമാണ് നാട്ടുവൈദ്യം. ഫോക്‌ലോര്‍ രൂപങ്ങള്‍ക്ക് ഭൗതികസംസ്‌കൃതികള്‍ (Artefacts), മനോനിര്‍മ്മിതികള്‍ (Mentifacts), കൂട്ടായ്മാശാസ്ത്രങ്ങള്‍ (Sociofacts) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട്. കൂട്ടായ്മയുടെ മനസ്സിന്റെ ഉത്പന്നമായ വാങ്മയരൂപങ്ങളും കലാരൂപങ്ങളും മനോനിര്‍മ്മിതികളില്‍പെടുന്നു. സമ്പുഷ്ടമായ ഒരു വാമൊഴിപാരമ്പര്യം നാട്ടുവൈദ്യത്തിനുണ്ട്. നാട്ടുവൈദ്യത്തിന്റെ ശിക്ഷണരീതിതന്നെ വാമൊഴിവഴക്കത്തിലാണ്. ഈ ദായക്രമത്തെയും മനോനിര്‍മ്മിതിയായി കണക്കാക്കാം. നാട്ടുവൈദ്യത്തിന് പ്രാകൃതികവും അഭൗമവുമായ രണ്ടു ചികിത്സാമാര്‍ഗ്ഗങ്ങളുണ്ട്. പ്രത്യക്ഷലക്ഷണത്തിലൂന്നിയുള്ളതാണ് പ്രാകൃതികചികിത്സ. അഭൗമചികിത്സയെന്നത് ഒരു തരത്തില്‍ നിദാനചികിത്സതന്നെ. ആയുര്‍വേദത്തെപ്പോലെ ശാസ്ത്രീയമായ നിദാനശോധകങ്ങള്‍ അഭൗമചികിത്സയ്ക്കില്ല. മതപരവും അനുഷ്ഠാനപരവുമായ ചില കര്‍മ്മങ്ങളിലൂടെയാണ് നിദാനചികിത്സ നടത്തുന്നത്.

ദൈവകോപം, മാനുഷികമോ അമാനുഷികമോ ആയ ആത്മാക്കള്‍, ദുര്‍മ്മന്ത്രവാദം, കണ്ണേറ്, വിലക്കുലംഘിക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ രോഗം പിടിപെടാം എന്നാണ് വിശ്വാസം. ഇതിന് പ്രതിക്രിയകളായി നിരവധി അനുഷ്ഠാനകര്‍മ്മങ്ങളുണ്ട്. കെന്ത്രോന്‍പാട്ട്, മലയറാട്ടം, സര്‍പ്പംതുള്ളല്‍ തുടങ്ങിയ അനുഷ്ഠാനകലാരൂപങ്ങളുടെ പിറവിതന്നെ നാട്ടുവൈദ്യത്തിലെ നിദാന ചികിത്സയുമായി ബന്ധപ്പെട്ടാണ് ഉണ്ടായിട്ടുള്ളത്. ഗര്‍ഭം അലസുന്നത് ഗന്ധര്‍വ്വനും കരുകലക്കിയുംപോലുള്ള ചില ദുര്‍മൂര്‍ത്തികള്‍മൂലമാണെന്ന വിശ്വാസമാണ് കെന്ത്രോന്‍പാട്ടിനും മലയറാട്ടത്തിനും നിദാനം. അനപത്യതയ്ക്കും ചര്‍മ്മരോഗങ്ങള്‍ക്കും കാരണം സര്‍പ്പകോപമാണെന്ന വിശ്വാസമാണ് സര്‍പ്പംതുള്ളലിനു പിന്നില്‍. രോഗം മാറാന്‍ ഉറുക്കെഴുതുന്നതും സോറിയാസിസ് ശമിപ്പിക്കാന്‍ പാമ്പിന് മുട്ട നേദിക്കുന്നതും ഈ ചികിത്സാമാര്‍ഗ്ഗത്തിനുദാഹരണംതന്നെ. ഇവ വിശാലാര്‍ത്ഥത്തില്‍ ഒരുതരം മാനസികചികിത്സകൂടിയാണ്. ദേഹം ചുവന്നു തുടുക്കുന്ന ‘ചോപ്പ്’ എന്ന രോഗത്തിന് ഉത്തര കേരളത്തിലെ മലയര്‍ തച്ചുമന്ത്രം എന്ന അനുഷ്ഠാനകര്‍മ്മം നടത്താറുണ്ട്. തച്ചുമന്ത്രത്തിന് നൊച്ചിത്തോലുകൊണ്ട് രോഗിയെ ഉഴിയുകയും ചില അനുഷ്ഠാനഗാനങ്ങള്‍ പാടുകയും ചെയ്യുന്നു. നൊച്ചി ദേഹത്തുണ്ടാകുന്ന തിണര്‍പ്പുകള്‍ മാറ്റാന്‍ ശക്തിയുള്ള നാട്ടുമരുന്നത്രേ. അനുഷ്ഠാനകര്‍മ്മങ്ങള്‍ രോഗിയില്‍ ശമനബോധമുണ്ടാക്കുമ്പോള്‍ തൂപ്പുകള്‍ രോഗശമനം വരുത്തുന്നു. മരുന്നും മന്ത്രവും ഒരേ സമയം പ്രവര്‍ത്തി ക്കുകയാണിവിടെ. നാട്ടുചികിത്സയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന/നിലനിന്നിരുന്ന ഇത്തരം അവതരണങ്ങളും മനോനിര്‍മ്മിതികളത്രേ.നാട്ടാചാരങ്ങളും (Folk custom) തൊഴിലറിവുകളും (Professional folklore) ഉള്‍പ്പെടുന്ന നാടന്‍ ശാസ്ത്രപദ്ധതിയാണ് കൂട്ടായ്മാശാസ്ത്രങ്ങള്‍. ഏതെങ്കിലും ഒരു വിശ്വാസത്തിലധിഷ്ഠിതമായി പരമ്പരാഗത രീതിയില്‍ നടന്നുവരുന്ന ക്രിയകളെയാണ് ആചാരം എന്നു പറയുന്നത്. വിശ്വാസമാണ് നാട്ടുവൈദ്യത്തിന്റെ അടിത്തറ. അതുകൊണ്ട് ഇതൊരു ആചാരംകൂടിയാവുന്നു. വൈദ്യം ഒരു ജീവിതവൃത്തിയായതുകൊണ്ട് ഇതൊരു തൊഴിലറിവാണ്. ഈ നിലയില്‍ നാട്ടു വൈദ്യം ഒരു കൂട്ടായ്മാശാസ്ത്രമാണ്. വൈദ്യത്തെ ഒട്ടു മിക്ക ഫോക്‌ലോറിസ്റ്റുകളും ഈ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.

പ്രത്യക്ഷലക്ഷണത്തിലൂന്നിക്കൊണ്ടുള്ളതാണ് പ്രാകൃതിക ചികിത്സയെന്നു കണ്ടു. വിവിധങ്ങളായ ഔഷധികളിലൂടെയാണ് ഇത് സാധിക്കുന്നത്. ഔഷധദ്രവ്യങ്ങള്‍ പാകപ്പെടുത്താനും ഔഷധ പ്രയോഗത്തിനും പലതരം ഉപകരണങ്ങളും പാത്രങ്ങളും ഉപയോഗിക്കുന്നു. ഇവയെല്ലാം നാട്ടുചികിത്സയുമായി ബന്ധപ്പെട്ട ഭൗതികസംസ്‌കൃതിയുടെ ഭാഗമാണ്. സിദ്ധാന്തങ്ങള്‍, പ്രയോഗങ്ങള്‍, ചികിത്സാദ്രവ്യങ്ങള്‍, ചികിത്സയുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ തുടങ്ങിയവയിലെ വൈവിധ്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ നാട്ടുവൈദ്യത്തെ ഒരു പ്രത്യേക കള്ളിയിലൊതുക്കി നിര്‍ത്താനാവില്ല എന്നാണ് ഇവയെല്ലാം കാണിക്കുന്നത്..

 

Comments are closed.