fbpx
DCBOOKS
Malayalam News Literature Website

ഗുരുവിന്റെ ദൈവദശകത്തിന് ജസ്റ്റിസ് കെ റ്റി തോമസ് എഴുതിയ ആമുഖം….

ശ്രീനാരായണഗുരുദേവന്‍ പൈതങ്ങള്‍ക്കുവേണ്ടി തയ്യാറാക്കിയ ലളിതമായ പ്രാര്‍ത്ഥനാഗീതമാണ് ‘ദൈവദശകം‘ എന്ന സംജ്ഞയോടുകൂടി ഇപ്പോള്‍ സര്‍വ്വസ്വീകാര്യമായി തീര്‍ന്നിട്ടുള്ളത്. ആ പ്രാര്‍ത്ഥനാഗീതത്തിന്റെ ഹൃദ്യമായ ഒരു വ്യാഖ്യാനമാണ് എസ്. രമേശന്‍നായര്‍ രചിച്ച ഈ ചെറു ഗ്രന്ഥം.
ഗുരുദേവന്‍ പാകംചെയ്‌തെടുത്ത ദൈവദശകം കേരളത്തിലെ ജനങ്ങള്‍ക്ക് ലഭ്യമായതിന്റെ ശതാബ്ദിയോടനുബന്ധിച്ച് കോട്ടയം തിരുനക്കര മഹാദേവര്‍ ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തില്‍വച്ച് ആയിരം കുട്ടികള്‍ ചേര്‍ന്ന് ആ പ്രാര്‍ത്ഥനാഗാനം ഭക്തിപുരസ്സരം ചൊല്ലിയ ചടങ്ങില്‍ ഞാനും സന്നിഹിതനായിരുന്നു. അതിനോട് അനുബന്ധിച്ചു നടന്ന യോഗം ഉദ്ഘാടനം ചെയ്യുവാന്‍ എനിക്കു ലഭിച്ച പദവിയെക്കാള്‍ അന്ന് എനിക്കു കിട്ടിയ ഭാഗ്യം എസ്. രമേശന്‍നായര്‍ നടത്തിയ പ്രഭാഷണം ശ്രവിക്കുന്നതിന് സാധിച്ച അവസരമായിരുന്നു. മുന്‍കൂട്ടി, അതീവശ്രദ്ധയോടെ തയ്യാറാക്കിയ അനുഗൃഹീതമായ അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിച്ചുകഴിഞ്ഞപ്പോള്‍ എനിക്കുണ്ടായ അനുഭൂതി അവാച്യമായിരുന്നു. ദൈവദശകത്തിന് ഇപ്പോള്‍ രമേശന്‍നായര്‍ രചിച്ച ഈ ലളിതമായ വ്യാഖ്യാനം ഒരു പ്രാവശ്യം എങ്കിലും വായിക്കുന്നവര്‍ക്ക് വിശാലമായ ആത്മീയ പ്രപഞ്ചത്തിലേക്ക് തുറക്കപ്പെട്ട ഒരു കിളിവാതിലായി അതിനെ ദര്‍ശിക്കുവാന്‍ കഴിയും. പുഴകളും മരങ്ങളും കിളികളും മൃഗങ്ങളും അവരവരുടെ സ്വന്തം ഭാഷയില്‍ സ്രഷ്ടാവായ ദൈവത്തോടു നിരന്തരം പ്രാര്‍ത്ഥന നടത്തുന്നുവെന്ന ഗ്രന്ഥകാരന്റെ വിചാരഗതിയാണ് പ്രകൃതിതന്നെ ഒരു പ്രാര്‍ത്ഥനയാണെന്നു വിശേഷിപ്പിക്കാന്‍ അദ്ദേഹത്തെ സ്വാധീനിച്ചത്. പ്രാര്‍ത്ഥനയ്ക്ക് ഒരു ഭാഷയുടെ ആവശ്യമില്ലെന്നും എന്നാല്‍ ഭാഷയ്ക്ക് അതീതമായ മാധ്യമത്തിലൂടെയാണ് പ്രാര്‍ത്ഥന നടത്തപ്പെടുന്നത് എന്നു മുള്ള ഗ്രന്ഥകാരന്റെ വീക്ഷണം അത്യന്തം മഹത്തായ ഒരു തത്ത്വചിന്തയുടെ ആവിര്‍ഭാവമായി ഞാന്‍ കണക്കാക്കുന്നു.

രൂപമില്ലാത്ത ദൈവത്തെ രൂപക്കൂട്ടിലാക്കുന്നതും വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും അതീതനായ ദൈവത്തെ വാക്കുകള്‍കൊണ്ടും വാചകങ്ങള്‍കൊണ്ടും പരിമിതപ്പെടുത്തുന്നതും, മുഖസ്തുതികൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താമെന്നു ധരിച്ചുകൊണ്ട് ആ പരാശക്തിയെ മുഖസ്തുതിക്കു വിധേയനാക്കുന്നതും ഇങ്ങനെ ഒരു സാധാരണ മനുഷ്യനെക്കാള്‍ ദൈവത്തെ തരംതാഴ്ത്തുന്ന മനുഷ്യന്റെ സ്വാര്‍ത്ഥ ചിന്തകള്‍ കണ്ട് മനംമടുത്ത ആദിശങ്കരാചാര്യര്‍ അതേപ്പറ്റി നടത്തിയ രൂക്ഷമായ വിമര്‍ശനം ഒരുപക്ഷേ, ഗ്രന്ഥകാരന് വളരെ പ്രചോദനം നല്കിയിട്ടുണ്ടാവണം. ദൈവം മനുഷ്യനോട് അതേപ്പറ്റി ചോദിക്കുന്ന ചിത്രീകരണം രമേശന്‍നായര്‍ അവതരിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
”രൂപമില്ലാത്ത എനിക്ക് രൂപമുണ്ടാക്കാന്‍ നിന്നോട്
ആരുപറഞ്ഞു? എന്റെ പേരില്‍ ഇല്ലാത്ത മതങ്ങള്‍ ഉണ്ടാക്കാന്‍ നിന്നോട് ആരുപറഞ്ഞു? ലോകംമുഴുവന്‍ ഭവനമായ എനിക്കു കാണുന്നിടത്തെല്ലാം മഹാസൗധങ്ങള്‍ കെട്ടിപ്പൊക്കി അതില്‍ എന്നെ കുടിയിരുത്തി ശ്വാസം മുട്ടിക്കുവാന്‍ നിന്നോട് ആരുപറഞ്ഞു?”
ദൈവത്തിന്റെ പേരില്‍ മനുഷ്യസമൂഹത്തെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന അധികാര പൗരോഹിത്യമേധാ ശക്തികളുടെ നേരേ വിരല്‍ ചൂണ്ടിക്കൊണ്ട് ജറുസലേം ക്ഷേത്രനടയില്‍ വച്ച് യേശുക്രിസ്തു നടത്തിയ മിന്നലാക്രമണത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ഗ്രന്ഥകാരന്‍ ആധു
നിക ലോകത്തില്‍ മതം കയ്യാളുന്ന പുരോഹിതര്‍ നടത്തുന്ന ചൂഷണപ്രവൃത്തികളെ കടുത്ത ഭാഷയില്‍തന്നെ വിമര്‍ശിച്ചിരിക്കുന്നത്. സ്വര്‍ണ്ണംകൊണ്ട് തുലാഭാരം നടത്തിയാല്‍, ലക്ഷങ്ങള്‍ ആരാധനാലയങ്ങള്‍ക്കു സംഭാവന നല്കിയാല്‍ അതിനുള്ള സ്രോതസ്സ് എതു പാപത്തില്‍നിന്ന് ഉളവായതാണെങ്കിലും ദൈവം പ്രസാദിക്കുമെന്നു സമ്പന്നരെ വിശ്വസിപ്പിക്കുന്ന മതാധിപന്മാരോട് ഗ്രന്ഥകാരന് യാതൊരു രാജിയും ഇല്ല. കഠിന പ്രയത്‌നം ചെയ്യുന്നവന്റെയും വിയര്‍പ്പൊഴുക്കി പണിനടത്തുന്നവന്റെയും സമീപത്ത് ദൈവത്തെ കാണാന്‍ സാധിക്കുമെന്നുള്ള ഉന്നതമായ ദൈവശാസ്ത്രം പ്രതിപാദനത്തിലൂടെ ഹൃദ്യമായി ഗ്രന്ഥകാരന്‍ അവതരിപ്പിച്ചിരിക്കുന്നു.

ദൈവദശകത്തിലെ പ്രാര്‍ത്ഥനാശ്ലോകങ്ങള്‍ പത്തായി തിരിച്ച് ഓരോന്നിനും അദ്ദേഹം ലളിതമായ വ്യാഖ്യാനം നല്കി യിരിക്കുന്നു. ഓരോ ശ്ലോകവും ഏവര്‍ക്കും പ്രയാസമില്ലാതെ ഹൃദിസ്ഥമാകുന്നതിന് ഈ വ്യാഖ്യാനം സഹായകരമാവുമെന്നു കരുതുന്നു. എന്റെ എല്ലാ ആശംസകളും.  ആസ്വാദകരുടെ സ്വീകരണം അധികമായി ഉണ്ടാകുമെന്നുള്ള പ്രതീക്ഷയോടുകൂടി ചെറുതെങ്കിലും മനോഹരമായ ഈ ഗ്രന്ഥം ഞാന്‍ പൊതുജനസമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു.

കടപ്പാട്;- ഡി സി ബുക്‌സ് സാധന ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച ദൈവദശകം, വ്യാഖ്യാനം എസ് രമേശന്‍നായര്‍

Comments are closed.