DCBOOKS
Malayalam News Literature Website

കാന്‍സറിനെ അതിജീവിച്ച ക്രിസോസ്റ്റം തിരുമേനിയുടെ ഓര്‍മ്മക്കുറിപ്പുകള്‍

എനിക്കൊരാളെ അറിയാം. അദ്ദേഹത്തിന്റെ 100-ാം ജന്‍മദിനം ഇപ്പോള്‍ ആഘോഷിക്കാന്‍ പോവുകയാണ്. അയാള്‍ പറയുന്നു അയാള്‍ക്ക് കാന്‍സര്‍വന്നിട്ട് പൂര്‍ണ്ണ സൗഖ്യമായെന്ന് ഇപ്പോള്‍ നല്ല ആരോഗ്യമാ. ഒത്തിരി ഓടി നടക്കും. കണ്ടതൊത്തെ പ്രസംഗിക്കും. ആ ആളിനെ നിങ്ങള്‍ക്കു പരിചയമില്ലായിരിക്കും. എനിക്കു നല്ല പരിചയമാ. ആ ആളിന്റെ പേരാണ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്ന്..

ദൈവകൃപയുടെ ജീവിക്കുന്ന അടയാളം… ചരിത്രത്തെ നെഞ്ചിലേറ്റിയ ദൈവപുരുഷന്‍… കാലവും, ചരിത്രവും, ജനസഹസ്രങ്ങളും മനസ്സുകൊണ്ട് വാരിപ്പുണര്‍ന്ന മഹാനുഭാവന്‍..ഒരു സമൂഹത്തെയാകമാനം ചിന്തയുടേയും, അന്വേഷണത്തിന്റെയും, നാള്‍വഴികളിലേക്ക് നയിച്ച സന്യാസവര്യന്‍… സ്വയവിമര്‍ശനത്തിന്റെയും, തിരുത്തലിന്റെയും, രൂപാന്തരത്തിന്റെയുംയും പ്രവാചകന്‍… ഡധാരണം ചെയ്യപ്പെടേണ്ട ദൈവവചനത്തിന്റെ കാവല്‍ക്കാരന്‍… കണ്ടുമുട്ടിയവര്‍ക്കും, കേട്ടവര്‍ക്കും, അടുത്തറിഞ്ഞവര്‍ക്കും, അകലെയുള്ളവര്‍ക്കും ഒരു പോലെ സുഹൃത്തും, പിതാവും, പുരോഹിതനും, മെത്രാച്ചനും, വഴികാട്ടിയും ഒക്കെയായി മാറിയ ധിഷണാശാലി… വാക്കുകള്‍ പൊന്നാക്കിയ, ആശയവിനിമയ ത്തിന്റെകാണാപ്പുറങ്ങളിലേക്ക് ഒരു കാലഘട്ടത്തെ നയിച്ച സംവേദനത്തിന്റെ പുത്തന്‍ അധ്യായങ്ങള്‍ രചിച്ച യഥാര്‍ത്ഥ പ്രഭാഷകന്‍… വേദപുസ്തകത്തിന് പുത്തന്‍ വ്യാഖ്യാനത്തിന്റെ പണിപ്പുരകള്‍ പണിത വേദപണ്ഡിതന്‍… അതിലുപരിയായ ഒരു മനുഷ്യസ്‌നേഹി… ഇങ്ങനെ നിര്‍വ്വചനങ്ങളും വിശേഷണങ്ങളും ഒരുപാടുള്ള വ്യക്തിത്വത്തിന് ഉടമയായ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തന്റെ കാന്‍സര്‍ദിനങ്ങളെക്കുറിച്ച് ഓര്‍മ്മിക്കുകയാണ് കാന്‍സര്‍ എന്ന അനുഗ്രഹം എന്ന പുസ്തകത്തിലൂടെ.

2002 ല്‍ എന്റെ 84-ാം വയസ്സിലാണ് എനിക്ക് വയറ്റില്‍ ചില അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നത്. ഹീമോഗോബിന്റെ കുറവുമൂലമുള്ള വിളര്‍ച്ചയായിരുന്നു തുടക്കം. അന്നു ഞാന്‍ മാര്‍ത്തോമ്മ സഭയുടെ പരമാദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. അപ്പോള്‍ എന്റെ അനുജന്‍ ഡോ ജേക്കബ് ഉമ്മന്‍ കുവറ്റില്‍ നിന്നും തിരികെ വന്ന് കോഴഞ്ചേരിക്കടുത്തുള്ള കുമ്പനാട് ഫെല്ലോഷിപ് ആശുപത്രിില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു. ഞാന്‍ അവനോട് കാര്യം പറഞ്ഞു. അവന്റെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ എറണാകുളത്തെ ഉദരരോഗവിദഗ്ദ്ധനായ ഡോ ഫിലിപ് അഗസ്റ്റിനെ കണ്ടു. അദ്ദേഹം ചില പരിശേധനകളൊക്കെ നടത്തിയിട്ടുപറഞ്ഞു ഫലങ്ങള്‍ അത്ര ശുഭോദര്‍ക്കമല്ല.എനിക്ക് ചില സംശയങ്ങളുണ്ട്. എന്നാല്‍ കൂടുതല്‍ വ്യക്തതവരുത്തണം. അതിന് രക്തം തിരുവനന്തപുരത്തയച്ച് വിദഗ്ദ്ധപരിശോധന നടത്തണം. അതിന്റെ ഫലം വന്നിട്ടേ എന്തെങ്കിലും പറയാനാകൂ..രക്തം അയച്ചു.റിസള്‍ട്ട് വന്നപ്പോള്‍ അനുജന്‍ അധികം വളച്ചുകൊട്ടില്ലാതെ കാര്യം പറഞ്ഞു തിരുമേനിക്ക് കാന്‍സറാണ്. ഇതുകേട്ടപ്പോള്‍ ആദ്യമെനിക്ക് അല്പം പരിഭ്രമമവും നിരാശയും ഉണ്ടായി എന്ന് പറയുന്നതില്‍ എനിക്ക് ഒരു ലജ്ജയുമില്ല. തിരുമേനിയാണെങ്കിലും ബലഹീനനും ദുര്‍ബ്ബലനുമായ ഒരു സാധാരണ മുനുഷ്യനാണ്.. ഇന്നത്തെപ്പോലെ അന്നും എനിക്ക് മരണഭയമുണ്ട്..!

തനിക്ക് കാന്‍സര്‍ എന്ന മാരകമായ അസുഖമാണെന്ന് അറിഞ്ഞ നിമിഷത്തെക്കുറിച്ചും പിന്നീട് വിദഗ്ദ്ധചികിത്സയ്ക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ പോയതും അവിടുത്തെ അനുഭവങ്ങളും കണ്ടുമുട്ടിയ ആളുകളുടെ അനുഭവങ്ങളും നര്‍മ്മംകലര്‍ന്ന ഭാഷയില്‍ അദ്ദേഹം വിവരിക്കുന്നു. കൂടാതെ അനുബന്ധമായി കാര്‍സറിനെ ഭയക്കേണ്ട, കാന്‍സറിനെ എങ്ങനെപ്രതിരോധിക്കാം, കാന്‍സര്‍-രോഗനിദാനവും ചികിത്സയും ആയുര്‍വ്വേദകാഴ്ചപ്പാടില്‍, കാന്‍സറിനു പ്രകൃതി ചികിത്സ, കാന്‍സര്‍ ചികിത്സയില്‍ ഹോമിയോപ്പതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും

പ്രത്യാശയും ആത്മവിശ്വാസവും പ്രാര്‍ത്ഥനയും കൊണ്ട് കാന്‍സറിനെ അതിജീവിച്ച ഫിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറാക്കിയത് പത്തനംതിട്ട സ്വദേശിയായ ബാബു ജോണ്‍ ആണ്. പ്രതിസന്ധികളെ ഒരു വെല്ലുവിളിയായി സ്വീകരിച്ച് കാന്‍സറിനെ ഒരു അനുഗ്രഹമായിക്കണ്ട വിശുദ്ധ ജീവിതത്തിന്റെ ഹൃദയസ്പര്‍ശിയായ അനുഭവസാക്ഷ്യമായ കാന്‍സര്‍ എന്ന അനുഗ്രഹം കാന്‍സര്‍രോഗത്താല്‍ ദുര്‍ബലമായ മനസ്സുകള്‍ക്ക് ഒരാശ്വാസമാകുമെന്നുറപ്പാണ്…

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കാന്‍സര്‍ എന്ന അനുഗ്രഹം എന്ന ഓര്‍മ്മക്കുറിപ്പിന്റെ രണ്ടാമത് പതിപ്പ് വിപണികളില്‍ ലഭ്യമാണ്.

 

Comments are closed.