DCBOOKS
Malayalam News Literature Website

ഗോവിന്ദ് പന്‍സാരെയുടെ ജന്മവാര്‍ഷികദിനം

മഹാരാഷ്ട്ര സ്വദേശിയായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും ഗ്രന്ഥകാരനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (CPI) മുതിര്‍ന്ന നേതാവും ബുദ്ധിജീവിയുമായിരുന്ന വ്യക്തിയാണ് ഗോവിന്ദ് പന്‍സാരെ. പതിനേഴാം നൂറ്റാണ്ടിലെ മഹാരാഷ്ട്ര ഭരണാധികാരിയായിരുന്ന ശിവജിയെക്കുറിച്ച് വസ്തുനിഷ്ഠമായി രചിച്ച ആരായിരുന്നു ശിവജി? എന്ന അദ്ദേഹത്തിന്റെ പുസ്തകം ജനപ്രീതി നേടിയിരുന്നു. ഈ പുസ്തക രചന കാരണം വര്‍ഗ്ഗീയ തീവ്രവാദികളില്‍ നിന്ന് അദ്ദേഹം ഭീഷണി നേരിട്ടിരുന്നു.

ആറു ദശാബ്ദത്തിലേറെ കാലം മഹാരാഷ്ട്രയിലെ തൊഴിലാളികളുടെയും സാമാന്യ ജനങ്ങളുടെയും നിരവധി സമരങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ ദീര്‍ഘകാലം വഹിച്ചിട്ടുണ്ട്. കോല്‍ഹാപൂരിലെ കോള്‍വിരുദ്ധ സമരത്തില്‍ പന്‍സാരെ വഹിച്ച നേതൃത്വപരമായ പങ്ക് കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ അദ്ദേഹത്തിന് ശത്രുതയുണ്ടാക്കിയിരുന്നു. മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ ഹേമന്ത് കാക്കറെയുടെ വധത്തിന്റെ ഉള്ളറകള്‍ തുറന്നുകാണിക്കുന്ന ‘ഹു കില്‍ഡ് കാക്കറെ ?’ എന്ന പുസ്തകം ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അദ്ദേഹം മുന്‍കൈ എടുത്തതും വര്‍ഗീയ തീവ്രവാദികള്‍ക്ക് അദ്ദേഹത്തോട് ശത്രുതയുണ്ടാക്കി.

2015 ഫെബ്രുവരി 16ന് അദ്ദേഹത്തെയും ഭാര്യയേയും കൊലയാളികള്‍ വെടിവെച്ചുകൊല്ലാന്‍ ശ്രമിക്കുകയും ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ഫെബ്രുവരി 20ന് മരണപ്പെടുകയും ചെയ്തു.

Comments are closed.