fbpx
DCBOOKS
Malayalam News Literature Website

ദാരിദ്ര്യത്തിന്റെ കുപ്പക്കുഴിയില്‍ ജനിച്ച ഒരു പെണ്‍കുട്ടിയുടെ ജീവിതകഥ

‘എന്റെ ആത്മാവ് പൂര്‍ണ ആരോഗ്യത്തോടെ അവരെയെല്ലാം ഉറ്റുനോക്കി. എന്നെ പുനരുജ്ജീവിപ്പിക്കാന്‍ നിര്‍വ്യാജം അവര്‍ യത്‌നിക്കുന്നു. എനിക്കിപ്പോള്‍ അവരോട് ആദരവും വിധിയോട് അമര്‍ഷവും തോന്നി. പക്ഷേ, ഞാന്‍ വിശ്വസിച്ചില്ല! കണ്ണ് തുറന്ന് ചലിച്ചില്ല! ഒടുവിലവര്‍ എന്നെ തീവ്രപരിചരണ വിഭാഗത്തില്‍ കൃത്രിമ ശ്വാസകോശവുമായി ബന്ധിപ്പിച്ചു! എന്നിട്ടും എന്റെ ആത്മാവ് എന്റെ ശരീരത്തെ മുറുകെപ്പുണര്‍ന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് യാത്രപറഞ്ഞു!!!.

എന്റെ ശരീരത്തില്‍നിന്നും ഭാരമേറിയ ആത്മാവ് വിട്ടൊഴിഞ്ഞ് ഞാന്‍ അപ്പൂപ്പന്‍താടിയാവുന്നു. അക്കങ്ങള്‍ക്കു മുന്‍പില്‍ ചേര്‍ക്കുന്ന വിലയില്ലാത്ത പൂജ്യമാണ് ജീവിതം എന്ന് ബോധ്യം വന്നിരിക്കുന്നു. അപ്പോള്‍ തീര്‍ച്ച… ഇത് മരണംതന്നെ..!’

കഠിനമായ ജീവിതയാഥാര്‍ത്ഥ്യത്തെ കുറിച്ചും അനിവാര്യമായ മരണത്തെ കുറിച്ചും നവീനമായ ഉള്‍ക്കാഴ്ചകളുമായി ഷെമി എഴുതിയ നോവല്‍, നടവഴിയിലെ നേരുകള്‍ അനുവാചകര്‍ക്ക് യാഥാര്‍ത്ഥ്യത്തിന്റെ പൊള്ളുന്ന അനുഭവമായി മാറുകയാണ്. ദാരിദ്യത്തിന്റെ കുപ്പക്കുഴിയില്‍ ജനിച്ച് അനാഥത്വത്തിന്റെ നീണ്ട പാതകള്‍ താണ്ടേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതകഥയാണ് നടവഴിയിലെ നേരുകള്‍ പറയുന്നത്. വടക്കേ മലബാറിലെ മുസ്ലീം കുടുംബത്തില്‍ പിറന്ന്, ദാരിദ്ര്യത്തിലും, കഷ്ടപ്പാടിലും വളര്‍ന്ന്, തെരുവിന്റെ ക്രൗര്യങ്ങള്‍ അനുഭവിച്ച് അനാഥാലയത്തിലെ അതികഠിനമായ യാതനകളിലൂടെ കടന്നുപോയിട്ടും വായിക്കാനും പഠിക്കാനും ജോലി നേടാനുമുള്ള അദമ്യമായ ആഗ്രഹംകൊണ്ട് അവയെല്ലാം നേടിയ ഷെമി എന്ന പെണ്‍കുട്ടി അവര്‍ കടന്നുപോയ ജീവിതത്തെയാണ് നോവല്‍ രൂപത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ കൃതിയെ ഷെമിയുടെ ആത്മകഥാപരമായ നോവലെന്ന് വിശേഷിപ്പിക്കാം.

ഷെമിയുടെ ജീവിതത്തോടൊപ്പം തന്നെ വടക്കന്‍ മലബാറിലെ യാഥാസ്തിതികരായ മുസ്ലീം ജീവിതാവസ്ഥയുടെയും തെരുവോരങ്ങളില്‍ ജനിച്ച് വളര്‍ന്ന് ആര്‍ക്കും വേണ്ടാതെ അവിടെത്തന്നെ കൊഴിഞ്ഞുപോവുകയും ചെയ്ത കുറേ ജീവിതങ്ങളുടെ നൊമ്പരപ്പടുത്തുന്ന കഥയും ഈ നോവലിനെ ഹൃദയസ്പര്‍ശിയാക്കുന്നു.

നൊമ്പരപ്പെടുത്തുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ വാക്കുകളില്‍ കൊരുത്തിട്ട് പുതിയ തലമുറയിലെ എഴുത്തുകാരുടെ ഇടയിലേക്ക് കടന്നുവന്ന എഴുത്തുകാരിയാണ് ഷെമി. സ്വന്തം ജീവിതാനുഭവങ്ങളെ തന്‍മയത്തത്തോടെ ആവിഷ്‌കരിക്കുന്ന നോവലാണ് നടവഴിയിലെ നേരുകള്‍. ആകുലതകളുടെ പെരും വെള്ളപ്പാച്ചിലിലും സ്വന്തം ജീവിതത്തെ നോക്കിക്കാണാനും കാരുണ്യത്തോടും സഹതാപത്തോടും സമൂഹത്തെ കാണാനും ഷെമിക്ക് ഈ ആഖ്യാനത്തിലൂടെ സാധിക്കുന്നുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ ജനിച്ച ഷെമി കണ്ണൂര്‍, കോഴിക്കോട്, കോട്ടയം എന്നിവടങ്ങില്‍ നിന്ന് പഠനംപൂര്‍ത്തിയാക്കി. അഞ്ച് വര്‍ഷത്തോളം ആരോഗ്യ വകുപ്പില്‍ ജോലിചെയിതു. തുടര്‍ന്ന് കുടുംബത്തോടൊപ്പം ദുബായിയില്‍ സ്ഥിരതാമസമാക്കിയ അവര്‍ ഈ നോവലിലൂടെ വീണ്ടും കേരളത്തിന്റ മണ്ണില്‍ എത്തിയിരിക്കുകയാണ്.

2015 ല്‍ ഡി സി ബുക്‌സിന്റെ അക്ഷരമണ്ഡലം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടവഴിയിലെ നേരുകള്‍ പ്രസിദ്ധീകരിച്ചത്. വായനാലോകം ആവേശത്തോടെ ഏറ്റെടുത്ത ഈ കൃതിയുടെ പത്താം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

Comments are closed.