DCBOOKS
Malayalam News Literature Website

ഒടുവില്‍ കുറ്റസമ്മതവുമായി ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്

ആരോപണങ്ങള്‍ ശരിയാണ്. കേംബ്രിജ് അനലിറ്റിക്കയുമായുള്ള ഇടപാടിലാണ് വിശ്വാസ്യതാപ്രശ്‌നം സംഭവിച്ചത്. ഒടുവില്‍ കുറ്റസമ്മതവുമായി ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് രംഗത്തെത്തി. തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ തെറ്റു പറ്റിയെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് തുടങ്ങിയ വ്യക്തിയെന്ന നിലയില്‍ ഇതിനു ഞാന്‍ ഉത്തരവാദിയാണ്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നത് ഞങ്ങളുടെ വിശ്വാസ്യതയ്ക്ക് കളങ്കം ചാര്‍ത്തി. ഇനി ഫെയ്‌സ്ബുക്കില്‍ നിന്നും വിവരശേഖരണം നടത്തുന്ന ആപ്ലിക്കേഷനുകളെ സൂക്ഷമമായി പരിശോധിക്കും- സക്കര്‍ബര്‍ഗ് വ്യക്തമാക്കി.

ബ്രിട്ടീഷ് ഡാറ്റ അനലിസ്റ്റ് സ്ഥാപനമായ കേംബ്രിജ് അനലിറ്റികയിലെ മുന്‍ റിസര്‍ച്ച് ഡയറക്ടറായിരുന്ന ക്രിസ്റ്റഫര്‍ വെയ്‌ലി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് പ്രചാരകര്‍ക്കുവേണ്ടി ഫെയ്‌സ്ബുക്കില്‍ നിന്ന് അഞ്ച് കോടിയിലേറെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത നേരെത്ത പുറത്തു വന്നിരുന്നു.

സ്വകാര്യത ചോര്‍ന്നെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഫെയ്‌സ്ബുക്കിന്റെ ഓഹരികള്‍ ഇടിഞ്ഞിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഫെയ്‌സ്ബുക്കിന്റെ ഏറ്റവും വലിയ ഓഹരിവിലയിലെ തിരിച്ചടിയാണിത്. കമ്പനിയുടെ വിപണിമൂല്യത്തിലും 537 ബില്യണ്‍ ഡോളറില്‍ നിന്നും 494 ബില്യണ്‍ ഡോളറിലേക്കുള്ള ഇടിവുണ്ടായി. 500 കോടി ഡോളറാണ് ഈയൊരൊറ്റ സംഭവവികാസം കൊണ്ട് ഫെയ്‌സ്ബുക്ക് ഉടമ സക്കര്‍ബര്‍ഗിന് നഷ്ടമായിരിക്കുന്നത്. കേംബ്രിജ് അനലിറ്റിക്കയെയും ബന്ധപ്പെട്ടവരെയും ഫെയ്‌സ്ബുക്ക് വിലക്കിയിട്ടുണ്ട്. വിവരങ്ങള്‍ പുറത്തായതോടെ ബ്രിട്ടനിലും അമേരിക്കയിലും ഫെയ്‌സ്ബുക്കിനും കേംബ്രിജ് അനലിറ്റിക്കിനുമെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Comments are closed.