നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിട്ട് അറുപത് വര്‍ഷം
On 5 Dec, 2012 At 12:00 PM | Categorized As Art and Culture

Ningal Enne Communistകേരളത്തില്‍ ചെങ്കൊടിയുടെ പടയോട്ടത്തിന് വിത്തുകള്‍ പാകിയ കെ പി എ സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന് ഷഷ്ടിപൂര്‍ത്തി. അറുപതു വര്‍ഷങ്ങള്‍ കൊണ്ട് പതിനായിരത്തിലധികം സ്റ്റേജുകള്‍ കടന്നാണ് തോപ്പില്‍ ഭാസിയുടെ പടക്കുതിര അശ്വമേധം തുടരുന്നത്. പ്രമുഖരും പ്രഗത്ഭരുമായ പലരും ഇതിനിടയില്‍ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു. അവരില്‍ പലരും കഥാവശേഷരായിട്ടും പരമുപിള്ളയും കേശവന്‍ നായരും പപ്പുവും ഗോപാലനും മാലയുമെല്ലാം ജനഹൃദയങ്ങളിലൂടെ അവരുടെ യാത്ര തുടരുന്നു.
എന്റെ മകനാണ് ശരി എന്ന ആദ്യനാടകത്തിനു ശേഷമാണ് കെ പി എ സി യുടെ ശ്രദ്ധ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയില്‍ പതിയുന്നത്. ഒളിവില്‍ കഴിഞ്ഞിരുന്ന തോപ്പില്‍ ഭാസി സോമന്‍ എന്ന പേരിലായിരുന്നു ജന്മിത്വത്തിനെതിരെ അടിയാളന്മാര്‍ നടത്തുന്ന മുന്നേറ്റത്തിന്റെ കഥ പറയുന്ന നാടകത്തിന്റെ രചന നിര്‍വഹിച്ചത്. ജി ജനാര്‍ദ്ദനക്കുറുപ്പും എന്‍ രാജഗോപാലന്‍ നായരും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ചു. ഒ എന്‍ വി കുറുപ്പ് രചിച്ച് ജി ദേവരാജന്‍ ഈണം പകര്‍ന്ന് കെ എസ് ജോര്‍ജ്ജും സുലോചനയും പാടിയ മനോഹര ഗാനങ്ങള്‍ ഇന്നും മലയാളവും മലയാളിയുമുള്ളിടത്തെല്ലാം മുഴങ്ങുന്നു.
പ്രധാന കഥാപാത്രമായ പരമുപിള്ളയെ അവതരിപ്പിച്ചത് കാമ്പിശ്ശേരി കരുണാകരനായിരുന്നു. സംവിധായകന്‍ ജനാര്‍ദ്ദനക്കുറുപ്പ് തന്നെ ജന്മി കേശവന്‍ നായരായപ്പോള്‍ പാട്ടക്കാരനായ പപ്പു എന്ന കഥാപാത്രത്തെ ഒ മാധവനും ഗോപാലനെ കാഥികന്‍ വി സാംബശിവനും അവതരിപ്പിച്ചു. തോപ്പില്‍ ഭാസിയുടെ സഹോദരന്‍ തോപ്പില്‍ കൃഷ്ണപിള്ള, സുലോചന, സുധര്‍മ, ഭാര്‍ഗവി, ഒ മാധവന്റെ ഭാര്യ വിജയകുമാരി തുടങ്ങിയവരായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
1952 ഡിസംബര്‍ ആറാം തീയതി ചവറയില്‍ നാടകം അരങ്ങേറി. ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ 36 വേദികളിലേക്കായിരുന്നു കരാര്‍ ആയത്. എന്നാല്‍ ജന്മിത്വത്തിന്റെയും സര്‍ക്കാരിന്റെയും കണ്ണുകള്‍ നാടകത്തിനു പിന്നാലേയുണ്ടായിരുന്നു. നാടകം അരങ്ങേറി എണ്‍പത്തഞ്ചാം ദിവസം ഡ്രമാറ്റിക് പെര്‍ഫോമന്‍സ് ആക്ട് പ്രകാരം നാടകം നിരോധിച്ചു. കോവളത്ത് നടന്നുകൊണ്ടിരുന്ന നാടകവേദിയില്‍ നിന്ന് അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്തു.
മാസങ്ങളോളം ഹൈക്കോടതിയില്‍ നടത്തിയ നിയമ പോരാട്ടങ്ങള്‍ക്കു ശേഷം നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെ അശ്വമേധം പുനരാരംഭിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ജനകീയവല്‍ക്കരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച നാടകം കെ പി എ സിയെ കേരളത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. പില്‍ക്കാലത്ത് പി ജെ ആന്റണി, സി ജി ഗോപിനാഥ്, അഡ്വക്കേറ്റ് കുമരകം ശങ്കുണ്ണി മേനോന്‍ തുടങ്ങി പലരും ഈ നാടകത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. 1970ല്‍ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി വെള്ളിത്തിരയിലും എത്തി.
ഷഷ്ടിപൂര്‍ത്തി പ്രമാണിച്ച് ഡിസംബര്‍ ആറിന് നാടകം ആദ്യം അരങ്ങേറിയ ചവറയില്‍ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വീണ്ടും അവതരിപ്പിക്കും. തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മയും മക്കളും ഈ ചടങ്ങിലെത്തും. തോപ്പില്‍ ഭാസി തിയേറ്റഴ്‌സിലൂടെ തോപ്പില്‍ ഭാസിയുടെ മകന്‍ സോമന്‍ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയുടെ തുടര്‍ച്ച ഏനും എന്റെ തമ്പുരാനും എന്ന പേരില്‍ അവതരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>4 + 3 =