DCBOOKS
Malayalam News Literature Website

യേശുവിന്റെ അജ്ഞാതജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കൃതി

യേശു തന്റെ ജീവിതത്തിലെ സിംഹഭാഗവും ഇന്ത്യയിലാണ് ജീവിച്ചത് എന്ന വാദത്തില്‍ എന്തെങ്കിലും സത്യമുണ്ടോ? ഈ വാദത്തെ എന്തുകൊണ്ടാണ് ക്രിസ്തുമതനേതൃത്വം അവഗണിച്ചത്? ഇന്നും ഉത്തരം ലഭിക്കാത്ത ഇത്തരം നിരവധി ചോദ്യങ്ങല്‍ക്കുള്ള ഉത്തരങ്ങലാണ് പ്രശസ്ത ചരിത്രകാരനായ ഹോള്‍ഗര്‍ കേസ്റ്റന്‍യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു’ എന്ന പുസ്തകത്തിലൂടെ നല്‍കുന്നത്. പുസ്തകത്തിന്റെ ഏഴാം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

നിരന്തരമായ യാത്രകള്‍ക്കും തീവ്രമായ ഗവേഷണങ്ങള്‍ക്കുംശേഷം കേസ്റ്റന്‍ സ്ഥിരീക്കുന്ന ഞെട്ടിപ്പിക്കുന്ന വസ്തുതകളില്‍ ചിലതുമാത്രം താഴെ ചേര്‍ക്കുന്നു. പുരാതനമായ പട്ടുനൂല്‍ പാതയിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്തിയ യേശു ബുദ്ധമത തത്വങ്ങള്‍ പഠിക്കുകയും ഒരു ആധ്യാത്മികഗുരുവാകുകയും ചെയ്തു.യേശു കുരിശില്‍ മരിച്ചില്ല. കല്ലറയില്‍ നിന്നും രക്ഷപെട്ട് അദ്ദേഹം തിരികെ ഇന്ത്യയില്‍ എത്തി. ടൂറിനിലെ ശവക്കച്ച വ്യാജമാണ്. ഇന്ത്യയില്‍വെച്ച് മരണമടഞ്ഞ യേശുവിന്റെ ശവക്കല്ലറ ശ്രീനഗറില്‍ ഇപ്പോഴുമുണ്ട്. തദ്ദേശവാസികള്‍ ദിവ്യപുരുഷനായി അദ്ദേഹത്തെ ഇന്നും ആരാധിക്കുന്നു.

പുസ്തകത്തിന്റെ ആമുഖക്കുറിപ്പ്…

കഴിഞ്ഞ മൂന്നു നൂറ്റാണ്ടായി ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും ഉണ്ടായ മുന്നേറ്റത്തോടൊപ്പം നമ്മുടെ (പാശ്ചാത്യ) ലോകത്ത് ത്വരിതഗതിയിലുള്ള ലൗകികബോധം വേരൂന്നുകയും അതിന്റെ ഫലമായി മതവിശ്വാസം മന്ദീഭവിക്കുകയും ചെയ്തു. ഭൗതികയുക്തിയുടെ മഹത്ത്വപ്പെടുത്തലും മനുഷ്യാവസ്ഥയുടെ എല്ലാ ഘട്ടങ്ങളെയും വിശദീകരിക്കാനുള്ള പരിശ്രമവും ആത്മീയവും മതപരവും വൈകാരികവുമായ ജീവിതത്തിന്റെ തുടര്‍ശോഷണത്തിനും ആത്യന്തികമായി മാനവികതയിലുള്ള വിശ്വാസനഷ്ടത്തിനും നിമിത്തമായി. മതവും ശാസ്ത്രവും—വിശ്വാസവും വിജ്ഞാനവും—തമ്മിലുള്ള വിടവ് വര്‍ദ്ധിപ്പിക്കുന്നതില്‍ സഭാസ്ഥാപനങ്ങളുടെ രീതികളും കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ലൗകികമണ്ഡലങ്ങളില്‍ തങ്ങള്‍ക്കുള്ള മേല്‍ക്കൈ നഷ്ടമാകുമെന്ന ഭയംമൂലം തങ്ങള്‍ക്ക് അധികാരമില്ലാതിരുന്ന പ്രായോഗിക
ജ്ഞാനത്തിന്റെ മേഖലയിലും അവര്‍ അധികാരം സ്ഥാപിച്ചെടുത്തു .

അധികാരങ്ങള്‍ തമ്മിലുള്ള വിവേചനത്തിന്റെ ആവശ്യകതയ്ക്ക് കുറെക്കൂടി ഊന്നല്‍ നല്കാന്‍ മാത്രമാണ് ഇതു വഴിയൊരുക്കിയത്. തല്‍ഫലമായി, ശാസ്ത്രീയചിന്തയ്ക്കും മതവിശ്വാസത്തിനുംഇടയിലുണ്ടായ വിടവ് ചിന്താശേഷിയുള്ള ഓരോരുത്തര്‍ക്കും അപരിഹാര്യമായ ചിന്താക്കുഴപ്പം പ്രദാനം ചെയ്യുകയാണുണ്ടായത്. ക്രിസ്തുവിന്റെ സന്ദേശത്തിന്റെ സത്യസ്ഥിതിയെക്കുറിച്ച് പരസ്യമായി സംശയം ഉന്നയിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും ക്രൈസ്തവസിദ്ധാന്തം തര്‍ക്കവിഷയമായിത്തീരുകയും ചെയ്തതോടെ ആത്മീയവികാരങ്ങള്‍കൂടുതല്‍ ക്ലിപ്തമായിത്തുടങ്ങി. സഭാപാരമ്പര്യങ്ങളില്‍ അധിഷ്ഠിതപ്പെടു
ത്തിയിരുന്ന കാതലായ തത്ത്വങ്ങള്‍പോലും—ദൈവത്തിന്റെയും ക്രിസ്തുവിന്റെയും സഭയുടെയും പ്രകൃതം ദൈവികവെളിപാട് തുടങ്ങിയവപോലെയുള്ള—ദൈവശാസ്ത്രജ്ഞരുടെ മാത്രമല്ല സാധാരണക്കാരുടെയും ആവേശകരമായ ചര്‍ച്ചയ്ക്കുള്ള വിഷയങ്ങള്‍ മാത്രമായി മാറി.

ഒരു ക്രൈസ്തവസഭയുടെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ പ്രബോധനങ്ങള്‍, ആ സഭയുടെ മേധാവികളുടെയും ഭരണാധികാരികളുടെയും ഇടയില്‍പ്പോലും പരമസത്യമായി അംഗീകരിക്കപ്പെടാതെ വരുമ്പോള്‍ അതിന്റെ നാശം വിദൂരമല്ല എന്ന കാര്യം അവിതര്‍ക്കിതമാണ്. ശൂന്യമായ പള്ളിയിടങ്ങള്‍ നല്കുന്ന സന്ദേശം വളരെ വ്യക്തമാണ്. പഴയമതത്തിലെ യുക്തിഹീനരും അജ്ഞേയരുമായ ആളുകള്‍ പാശ്ചാത്യക്രൈസ്തവലോകം എന്നു പറയുന്ന മണ്ഡലത്തില്‍ ഒരു വിരോധാഭാസംതന്നെ സൃഷ്ടിക്കുകയുണ്ടായി: 2009-ല്‍ പടിഞ്ഞാറന്‍ ജര്‍മ്മനിയില്‍ മാത്രം 160,00 പ്രോട്ടസ്റ്റന്റുകാരും 120,000 കത്തോലിക്കരുമാണ് സഭ വിട്ടുപോയത്. 2007-ല്‍ ഇരുപത്തിയഞ്ച് ദശലക്ഷം ആളുകള്‍മാത്രമാണ് ജര്‍മ്മന്‍ പ്രോട്ടസ്റ്റന്റ് സഭയിലുണ്ടായിരുന്നത്, മുപ്പതുവര്‍ഷം മുമ്പുപോലും അതിലും അഞ്ചു ദശലക്ഷം പേരുണ്ടായിരുന്നു. ആ കാലയളവില്‍ കത്തോലിക്കവിശ്വാസികളുടെ എണ്ണത്തില്‍ നാലു ദശലക്ഷത്തിന്റെ കുറവാണുണ്ടായത്. മാര്‍പാപ്പയോട് വിധേയത്വം പുലര്‍ത്തുന്നവരായി ഇരുപത്തിയാറ് ദശലക്ഷം ആളുകള്‍ മാത്രമാണ് ഇപ്പോള്‍ ജര്‍മ്മനിയിലുള്ളത്. അത്രതന്നെയുണ്ട് ഒരു വിശ്വാസവുമില്ലാത്ത ആളുകളുടെ എണ്ണവും.

അതേസമയം നവീന മതരൂപങ്ങളോടും ആത്മീയതയോടും താത്പര്യം വര്‍ദ്ധിച്ചു വരുന്നതും നമ്മള്‍ കാണുന്നുണ്ട്. ഒരു വിശ്വാസവും പിന്തുടരാത്ത ഇരുപതു ദശലക്ഷം ആളുകളില്‍ മൂന്നിനൊന്നു വീതം മതബോധമുള്ളവരാണെന്നാണ് ജര്‍മ്മനിയിലെ സാമൂഹ്യശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍; ജര്‍മ്മനിയിലെ അറുപതു ദശലക്ഷം മുതിര്‍ന്ന പൗരന്മാരില്‍ നാലിലൊന്നു വീതം വിവിധ മതാശയങ്ങളുടെ ചുവടുപിടിച്ച് തങ്ങളുടേതായ വിശ്വാസങ്ങള്‍ക്കു രൂപം നല്കുകയും ചെയ്തിട്ടുണ്ട്. ‘വിധേയരഹിതമായ വിശ്വാസം’ എന്നാണ് ശാസ്ത്രജ്ഞര്‍ ഇതിനു പേരിട്ടിരിക്കുന്നത്. ‘മതത്തില്‍നിന്നു മതബോധത്തിലേക്കുള്ള പരിണാമമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്’ എന്നാണ് സാമൂഹ്യശാസ്ത്രജ്ഞനായ ഉള്‍റിച്ച് ബെക്ക് പറയുന്നത്. അതായത്, ദശലക്ഷക്കണക്കിന് അന്വേഷകരുണ്ടെങ്കിലും അവരൊന്നും വ്യവസ്ഥാപിതമതങ്ങളെ അഭയം പ്രാപിക്കുന്നില്ല. എന്നാല്‍, ക്രിസ്തുവിന്റെ വാക്കുകളല്ല ഇന്നത്തെ ക്രിസ്തുമതത്തിന്റെ അടിസ്ഥാനം, മറ്റൊന്നാണ്: പൗലോസിന്റെ മതമാണത്–കാരണം ഇന്നു നാമറിയുന്ന തത്ത്വചിന്തയുടെ പ്രധാന വാദമുഖങ്ങള്‍ യേശുവിന്റെ സന്ദേശത്തെയല്ല അടിസ്ഥാനമാക്കിയിരിക്കുന്നത്, മറിച്ച്—പൗലോസിന്റെ തികച്ചും വ്യത്യസ്തമായ പ്രബോധനങ്ങളെയാണ്.

പൗലോസിന്റെ മതത്തെ ദേശീയമതമായി പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ് ആധുനിക ക്രിസ്തുമതം വികസിച്ചത്. ഈ വിഷയത്തെ സംബന്ധിച്ച് സ്വിസ് പ്രോട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞനായ എമില്‍ ബ്രണ്ണറെ ഉദ്ധരിക്കുന്നു മാന്‍ഫ്രെഡ് മെസ്ഗര്‍: ഒരു തെറ്റിദ്ധാരണയാണ് സഭ എന്നാണ് എമില്‍ ബ്രണ്ണര്‍ പറയുന്നത്. ഒരാഹ്വാനത്തില്‍നിന്ന് ഒരു പ്രമാണവും ഒരു കൂട്ടായ്മയില്‍നിന്ന് നിയമാധിഷ്ഠിതമായ ഒരു സംഘവും സ്വതന്ത്രമായ ഒരു സംഘടനയില്‍നിന്ന് പാരമ്പര്യാധിഷ്ഠിതമായ ഒരു യന്ത്രസംവിധാനവും നിര്‍മ്മിക്കപ്പെട്ടു. അതിന്റെ എല്ലാ ഘടകങ്ങളിലും അതിന്റെ ആകമാനമായ പ്രകൃതത്തിലും അതുകൊണ്ട് എന്തുദ്ദേശിച്ചോ അതിന്റെ നേര്‍വിപരീതമായി അത് മാറ്റപ്പെട്ടു എന്നു പറയേണ്ടിവരും.

അന്ധകാരത്തിന്റെ യുഗത്തില്‍ പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും നന്മയുടെയും സന്ദേശവുമായി ഒരു മനുഷ്യന്‍ പ്രത്യക്ഷപ്പെടുന്നു–എന്താണ് അതുകൊണ്ട് ആളുകള്‍ ചെയ്യുന്നത്? അവരതിനെ രേഖപ്പെടുത്തുകയും തുടര്‍ന്നു ചര്‍ച്ചയായും കലഹമായും വാണിജ്യമായും അതിനെ മാറ്റുകയും ചെയ്യുന്നു. തന്റെ നാമത്തില്‍ പിന്നീട് നടന്നവയൊക്കെ യേശു ആഗ്രഹിച്ചിരുന്നവയായിരുന്നോ? ഒരിക്കലുമല്ല. പലസ്തീനിലെ തന്റെ ജീവിതകാലത്ത്, സഭാനിയമങ്ങളോടും വേദാധികാരങ്ങളോടും പരസ്പരവിരുദ്ധങ്ങളായ വ്യാഖ്യാനങ്ങളോടെ വാചകക്കസര്‍ത്ത് നടത്തുന്ന രീതിയോടും സങ്കീര്‍ണ്ണമായ അധികാരശ്രേണിയോടും വിഗ്രഹാരാധനയോടും അകല്‍ച്ച പാലിച്ചുകൊണ്ട് (യഹൂദ) സഭാധികാരികളോട് തനിക്കുള്ള അപ്രതിപത്തി വളരെ സ്പഷ്ടമായിത്തന്നെ യേശു പ്രകടിപ്പിച്ചിരുന്നു.

ഔദ്യോഗികചട്ടക്കൂടുകള്‍ നിര്‍മ്മിക്കാനല്ല, ദൈവവും മാനവരാശിയും തമ്മില്‍ വളരെ അടുത്ത ഒരു ബന്ധം സൃഷ്ടിക്കാനാണ് യേശു ശ്രമിച്ചത്. എന്നാല്‍ യേശുവിന്റെ വാക്കുകള്‍ സ്വാഭാവികമായ നേര്‍രീതിയില്‍ നമ്മളിലെത്തുന്നില്ല. ഒരു വരേണ്യവര്‍ഗ്ഗത്തിന്റെ മധ്യവര്‍ത്തിത്വത്തിലൂടെ മാത്രമാണ് അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ നമുക്കു ലഭ്യമാകുന്നത്. യേശുവിനെ അധീനത്തിലാക്കുകയും കുത്തകവല്‍ക്കരിക്കുകയും ദുര്‍ഗ്രഹമാക്കുകയും ചെയ്തിരിക്കുന്നു. സത്യവും ജീവത്തുമായ വിശ്വാസം ഇല്ലാതായ ഇടങ്ങളിലെല്ലാം ഇടുങ്ങിയ, മുരട്ടുതത്ത്വങ്ങള്‍ കുത്തിനിറയ്ക്കുന്നു, തന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണമെന്നും സഹിഷ്ണുതയുള്ളവനായിരിക്കണമെന്നുമുള്ള യേശുവിന്റെ ഉപദേശത്തിന്റെ സ്ഥാനത്ത് മതഭ്രാന്ത് കുത്തിനിറച്ചിരിക്കുന്നു. എന്താണ് ‘ശരിയായ’ വിശ്വാസത്തിന്റെ കൃത്യനിര്‍വചനം എന്നതിനെ പ്രതിയുള്ള കലഹം ക്രിസ്തീയസഭകള്‍ക്ക് ദുരിതത്തിന്റെയും പോരിന്റെയും രക്തച്ചൊരിച്ചിലിന്റെയും ഒരു ജീര്‍ണ്ണക്കൂമ്പാരമാണ് എക്കാലവും സമ്മാനിച്ചിട്ടുള്ളത്.

അപ്പോസ്‌തോലന്മാരുടെ കാലംമുതല്‍ക്കേയുള്ള തര്‍ക്കം ഇന്നും തുടരുന്നു; ഇന്ത്യതന്നെയാണ് വിവിധക്രിസ്ത്യന്‍ സഭകള്‍ തമ്മില്‍ സമവായത്തിലെത്തുന്നതിനുള്ള ഏറ്റവും വലിയ തടസ്സവും.
പ്രോട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞനായ ഹീന്‍സ് സ്രന്റ് എഴുതുകയുണ്ടായി: ദൈവശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ അഗാധമായ വേദന എനിക്കു സഹിക്കേണ്ടി വന്നിട്ടുണ്ടെനിക്ക്. എനിക്ക് അപമാനവും നാണക്കേടും ഉണ്ടായിട്ടുണ്ട്—എന്നാല്‍ ദൈവത്തെ നിഷേധിക്കുന്ന നിരീശ്വരവാദികളാലോ ദൈവമില്ലാത്തവരെങ്കിലും പലപ്പോഴും മനുഷ്യത്വമുള്ള പരിഹാസികളാലോ സംശയാലുക്കളാലോ അല്ല– മറിച്ച്, വരട്ടു തത്ത്വവാദികളാലാണ്: ഉപദേശങ്ങളുടെ വാച്യാര്‍ത്ഥത്തില്‍മാത്രം ജീവിക്കുന്ന അവര്‍, തങ്ങള്‍ക്കു ദൈവത്തെക്കുറിച്ചുള്ള നേര്‍ക്കാഴ്ച അതിലൂടെ ലഭിക്കുന്നു എന്നു കരുതുന്നു. എന്റെ ഹൃദയത്തില്‍ മുറിവേറ്റിരിക്കുന്നു, എന്റെ ദുഃഖത്തിലും എന്നെ ജീവിപ്പിക്കുന്നത് ദൈവത്തിലുള്ള എന്റെ വിശ്വാസമാണ്…

zആധുനികസമൂഹത്തില്‍ പുലരുന്നതിന് മതബോധം എത്രത്തോളം ആവശ്യമാണോ, അത്രത്തോളംതന്നെ യുക്തിഹീനമെന്ന് പലപ്പോഴും അതു തരംതാഴ്ത്തപ്പെടുകയും ചെയ്യുന്നുണ്ട്. അങ്ങനെയാകുമ്പോള്‍ അതു തെളിയിക്കാന്‍ പറ്റാത്തതാണെന്നും അതുകൊണ്ട് അത് അയ
ഥാര്‍ത്ഥമാണെന്നും വരുന്നു. യുക്തിപൂര്‍വ്വമായ വിചാരവും പ്രവൃത്തിയും മാത്രമാണെന്നു തോന്നുന്നു യാഥാര്‍ത്ഥ്യം കണ്ടെത്തുന്നതിനുള്ള ഏകമാര്‍ഗ്ഗം. വൈയക്തികമായ അനുഭവമായി മാറാത്തതിനാല്‍ ഈ അതീന്ദ്രാവസ്ഥയുടെ പ്രാധാന്യം ക്രമേണ കുറയുകയും ചെയ്യുന്നു. ഇതിന്റെ പ്രധാന കാരണമാകട്ടെ ദൈവത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ഒരു തെറ്റിദ്ധാരണയും. നമ്മില്‍നിന്ന് നിഗൂഢവും അനന്തവുമായ ദൂരത്തല്ല ദൈവം സ്ഥിതിചെയ്യുന്നത്, നാം ഓരോരുത്തരുടെയും ഉള്ളില്‍ത്തന്നെയാണ്. അനന്തതയുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ നമുക്കതു പ്രേരണയാകണം–ഭൂമിയിലെ നമ്മുടെ ഹ്രസ്വമായ ജീവിതം അനാദിയായ ആ പൂര്‍ണ്ണതയുടെ ഭാഗമാണ് എന്നു തിരിച്ചറിയണം.

ദൈവത്തില്‍നിന്നു വേറിട്ടുള്ള ഒന്നാണ് വ്യക്തി എന്നൊരു തെറ്റായ കാഴ്ചപ്പാടാണ് നൂറ്റാണ്ടുകളായി പടിഞ്ഞാറന്‍ ആശയലോകം വെച്ചുപുലര്‍ത്തിയിരുന്നത്. ദൈവത്തെക്കുറിച്ചും ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചും മനുഷ്യനുള്ള പുരാതനസംശയങ്ങള്‍ക്ക് ‘ജ്ഞാനോദയം’ കൈവരിച്ചിരിക്കുന്ന ഇരുപതാം നൂറ്റാണ്ടിലും പടിഞ്ഞാറന്‍ ചിന്തയുടെ കൈവശം ഉത്തരങ്ങളുണ്ടെന്നു തോന്നുന്നില്ല. സഭയുടെ ഔദ്യോഗികകേന്ദ്രങ്ങളുടെ കര്‍ക്കശമായ നിയമസൂത്രങ്ങള്‍ക്ക് ഉത്തരമേകാന്‍ കഴിയാത്ത ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാനുള്ള ശ്രമമെന്നോണം പുതിയ ആത്മീയകേന്ദ്രങ്ങള്‍ ലോകത്തെമ്പാടും പൊട്ടിമുളച്ചിട്ടുണ്ട്. ഭാവിയിലെ സാര്‍വ്വലോകമതത്തിന്റെ ഉദയം ആരംഭിച്ചുകഴിഞ്ഞു. സ്വയാവബോധത്തിലേക്കും ജ്ഞാനോദയത്തിലേക്കും വ്യക്തിസത്തയുടെ പ്രാപഞ്ചികപ്രകരണത്തെ സംബന്ധിച്ച അതീന്ദ്രിയവും പൂര്‍ണ്ണവുമായ ദര്‍ശനത്തിലേക്കുമാണ് അതു നീങ്ങിക്കൊണ്ടിരിക്കുന്നത്; മനനത്തിലൂടെയും ധ്യാനത്തിലൂടെയും ആത്മജ്ഞാനത്തിലൂടെയുമാണ് അതു നിറവേറ്റപ്പെടുന്നതും.

കിഴക്ക്, പ്രധാനമായും ഇന്ത്യയില്‍നിന്നാണ് മതത്തിന്റെ, ഇത്തരത്തിലുള്ള സാര്‍വ്വദേശീയതയ്ക്കുള്ള ഏറ്റവും ശക്തമായ പ്രചോദനം വന്നിട്ടുള്ളതും ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നതും. കിഴക്കുനിന്നുള്ള ഈ ഉദയത്തിലേക്ക് പാശ്ചാത്യന്‍ ഇനി തിരിയേണ്ടിയിരിക്കുന്നു. ആത്മസത്തയെ കുറിച്ചുള്ള നമ്മുടെ അറിവിന്റെ ഉറവിടം പൂര്‍വ്വദേശംതന്നെയാണ്. ദൈവത്തിലുള്ള വിശ്വാസം ആത്യന്തികമായി തുടച്ചു നീക്കപ്പെടുമെന്ന് നമ്മള്‍ പ്രതീക്ഷിക്കാന്‍ പാടില്ല. ആത്മീയവും സദാചാരപരവുമായ അപചയം സംഭവിക്കുമെന്ന് ആശങ്കപ്പെടേണ്ടതുമില്ല. ആത്മാവിന്റെ ബീജം മുളപൊട്ടുമെന്നും ആന്തരികജീവിതം തളിര്‍ക്കുമെന്നും ഉറപ്പായും നമുക്ക് പ്രത്യാശിക്കാവുന്നതാണ്. മതവിശ്വാസം പൂര്‍ണ്ണമായും ക്രമേണ ഇല്ലാതാകുന്ന ഒരവസ്ഥ സംജാതമാകാന്‍ പോകുന്നില്ല. മറിച്ച്, ആത്മീയബോധത്തിന്റെ പുഷ്പിക്കലാണ് സംഭവിക്കാന്‍ പോകുന്നത്; തിരഞ്ഞെടുക്കപ്പെട്ട ഏതാനുംപേര്‍ക്കു മാത്രമായിട്ടല്ല സര്‍വ്വരേയും ഉള്‍ക്കൊള്ളുന്ന ലോകമതങ്ങളില്‍പെടുന്നവര്‍ക്കെല്ലാവര്‍ക്കുമായിട്ടാണ് ഈ പുഷ്പിക്കല്‍. തന്നെയുമല്ല, ഉപരിപ്ലവതകളുടെ നശ്വരലോകമല്ല ഇത് ലക്ഷ്യമാക്കുന്നത്, ബൃഹത്തായ ഒരു ആത്മീയോണര്‍വ്വിനെ, അതീന്ദ്രിയമൂല്യങ്ങളിലേക്കുള്ള ഒരു മാറ്റത്തെ, ‘പാപമോചന’ത്തിനായുള്ള സത്യമാര്‍ഗ്ഗത്തെയാണത് പ്രതിനിധീകരിക്കുന്നത്.

(സത്യ)ജ്ഞാനത്തിലൂടെ
എല്ലാ പാപങ്ങളും മായിക്കപ്പെടുന്നു;
ശരിയായ ജ്ഞാനോദയം പ്രാപിച്ചവന്‍
മായാമേഘങ്ങളെ ഛിന്നിച്ച്,
മേഘശൂന്യമായ വാനിലെ
സൂര്യനെപ്പോലെ,
സ്ഥൈര്യത്തോടെ നിലകൊള്ളുന്നു.
-ശ്രീബുദ്ധന്‍

 

Comments are closed.