DCBOOKS
Malayalam News Literature Website

അനില്‍ ദേവസ്സിയുടെ ‘യാ ഇലാഹി ടൈംസ്’ വായനക്കാരിലേക്ക്

2018-ലെ ഡി.സി നോവല്‍ സാഹിത്യ പുരസ്‌കാരം ലഭിച്ച അനില്‍ ദേവസ്സിയുടെ യാ ഇലാഹി ടൈംസ് വായനക്കാരിലേക്കെത്തുന്നു. പ്രവാസജീവിതത്തിലൂടെ ലഭിച്ച അറിവും അനുഭവങ്ങളും പശ്ചാത്തലമാക്കിയാണ് അനില്‍ ദേവസ്സി ഈ നോവല്‍ എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസിദ്ധീകൃതമാകുന്ന ആദ്യ നോവലാണ് ‘യാ ഇലാഹി ടൈംസ്’. നാളെ മുതല്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഈ കൃതി പ്രദര്‍ശനത്തിനെത്തിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കേരളത്തിലെ ഡി.സി ബുക്‌സ്- കറന്റ് ബുക്‌സ് ശാഖകളിലും നോവല്‍ ലഭ്യമാകും.

ദുബായ് നഗരത്തെ കേന്ദ്രമാക്കിയാണെങ്കിലും സിറിയ, തുര്‍ക്കി, കാനഡ, ഈജിപ്റ്റ്, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ വിവിധ ദേശങ്ങളിലെ മനുഷ്യാവസ്ഥകളെ പ്രമേയമാക്കുന്ന പല അടരുകളുള്ള ആഖ്യാനമാണ് യാ ഇലാഹി ടൈംസ് എന്ന നോവലിന്റേത്. പലവിധ സ്വത്വങ്ങളുള്ള കഥാപാത്രങ്ങളുടെ ജീവിതവ്യഗ്രതകള്‍ കൃതിയുടെ ഭാവതലത്തെ സാന്ദ്രമാക്കുന്ന കാഴ്ചയാണ് വായനക്കാരനു മുന്നില്‍ തെളിയുന്നത്. ദുരന്തങ്ങളിലൂടെ നീങ്ങുന്ന കഥാഗതിയില്‍ ഉപാഖ്യാനങ്ങള്‍ ഇടകലരുന്നു. ഇവയ്ക്കിടയിലൂടെ പുതിയ കാലത്തിന്റെ സംഘര്‍ഷങ്ങളും ഈ നോവലില്‍ സമര്‍ത്ഥമായി ആവിഷ്‌ക്കരിച്ചിരിക്കുന്നു.

Comments are closed.