DCBOOKS
Malayalam News Literature Website

ലോക റെഡ്‌ക്രോസ് ദിനം

മെയ് എട്ട് റെഡ്‌ക്രോസ് ദിനമായി ആചരിക്കുന്നു. റെഡ്‌ക്രോസിന്റെ സ്ഥാപകന്‍ ഷോണ്‍ ഹെന്റി ഡ്യൂനന്റിന്റെ ജന്മദിനമാണ് മെയ് എട്ട്. അന്തര്‍ദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകനായിരുന്നു ഷോണ്‍ ഹെന്റി ഡ്യൂനന്റ്. 1828 മെയ് 8ന് ജനീവയില്‍ ജനിച്ചു. 1859ല്‍ ഇറ്റലിയില്‍ സോള്‍ഫെറിനോ യുദ്ധത്തിന്റെ ദുരന്തങ്ങള്‍ക്കു ദൃക്‌സാക്ഷിയാകേണ്ടി വന്നപ്പോഴാണ് റെഡ് ക്രോസ് സൊസൈറ്റിയെക്കുറിച്ചുള്ള ആശയം ഡ്യൂനനുണ്ടായത്. സോള്‍ ഫെറിനോ യുദ്ധത്തില്‍ ഇരുപക്ഷത്തുമായി പരിക്കേറ്റ അനേകായിരങ്ങളെ ചികിത്സിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമായി ഒരു ക്രൈസ്തവ ദേവാലയത്തില്‍ ഒരു താത്ക്കാലിക ആശുപത്രി സ്ഥാപിച്ചു കൊണ്ടാണ് ഡ്യൂനന്‍ ഈ രംഗത്തേക്കു കടന്നുവന്നത്.

ജനീവയില്‍ തിരിച്ചെത്തിയ ഡ്യൂനന്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് 1862ല്‍ എ മെമ്മറി ഒഫ് സോള്‍ ഫെറിനോ എന്ന കൃതി പ്രസിദ്ധീകരിച്ചു. യുദ്ധങ്ങളില്‍ പരിക്കേല്‍ക്കുന്ന സൈനികരെ ചികിത്സിക്കുന്നതിനുവേണ്ടി ഒരു സ്ഥിരം സംഘടന ആവശ്യമാണെന്ന ആശയം ഈ കൃതിയിലൂടെ ഡ്യൂനന്‍ അവതരിപ്പിച്ചു.

1863ല്‍ ജനീവയില്‍ ചേര്‍ന്ന സമ്മേളനം അന്തര്‍ദേശീയ റെഡ് ക്രോസ് കമ്മിറ്റിക്ക് രൂപംനല്‍കി. 1864ല്‍ ജനീവയില്‍ നടന്ന രണ്ടാമതു സമ്മേളനത്തില്‍ 12 രാഷ്ട്രങ്ങള്‍ പങ്കെടുത്തിരുന്നു. ഈ സമ്മേളനം അംഗീകരിച്ച പ്രഖ്യാപനം ജനീവ കണ്‍വെന്‍ഷന്‍ എന്നാണറിയപ്പെടുന്നത്. തുടര്‍ന്ന് 1906ല്‍ നാവികയുദ്ധങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ സംബന്ധിച്ചും 1929ല്‍ യുദ്ധത്തടവുകാരെ സംബന്ധിച്ചുമുള്ള ജനീവ കണ്‍വെന്‍ഷനുകള്‍ നിലവില്‍വന്നു.

1949ല്‍ സിവിലിയന്‍ ജനതയെ സംബന്ധിച്ചുള്ള ജനീവ കണ്‍വെന്‍ഷനും പ്രഖ്യാപിക്കപ്പെട്ടു. ഇന്ന് ലോകത്തെ എല്ലാ രാജ്യങ്ങളും ഈ നാല് ജനീവ കണ്‍വെന്‍ഷനുകളിലും അംഗങ്ങളാണ്. ഓരോ രാജ്യത്തും ദേശീയ റെഡ് ക്രോസ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. 1919ല്‍ രൂപീകൃതമായ ലീഗ് ഓഫ് റെഡ് ക്രോസ് സൊസൈറ്റീസിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതിദുരന്തങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും സഹായമെത്തിക്കുന്നുണ്ട്.1901ല്‍ ഫ്രെഡറിക് ചാസിക്കും ജീന്‍ ഹെന്റി ഡ്യൂനനുമാണ് ആദ്യത്തെ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചത്.

1910 ഒക്ടോബറില്‍. ഡ്യൂനന്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഷോണ്‍ ഹെന്റി ഡ്യൂനന്റ് ജന്മദിനമായ മെയ് 8 റെഡ് ക്രോസ് ദിനമായി ആചരിക്കുന്നു.

Comments are closed.