ഫെബ്രുവരി 13 ലോക റേഡിയോ ദിനം

radio
ഫെബ്രുവരി 13.. ലോക റേഡിയോ ദിനം..! വിരല്‍തുമ്പില്‍ ലോകത്തിലെ ഏതുകോണിലെ വാര്‍ത്തയും സിനിമയും പാട്ടും കേള്‍ക്കാമെന്നായി. പുതിയതലമുറ ഇന്ന് സമൂഹത്തില്‍ തിരയടിക്കുന്ന സ്മര്‍ട്ട് ഫോണുകളിലേക്ക് കുനിഞ്ഞിരിപ്പാണ്. എന്നാല്‍ അങ്ങ് വയലോരത്തെ ചായപ്പീടികയില്‍ മലയാളിയുടെ കാതോരത്ത് റേഡിയോ പാടിക്കൊണ്ടിരിക്കുന്നു..

അതേ..ഇറ്റലിക്കാരനായ മാര്‍ക്കോണി വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടുപിടിച്ച റേഡിയോ വര്‍ഷങ്ങള്‍ക്കിപ്പുറം കാതങ്ങള്‍ കടന്ന്, കാതോരമെത്തുന്ന മധുര ശബ്ദസാന്നിധ്യമായി നമ്മുടെ മനം കവര്‍ന്നു.  ടെലിവിഷന്‍ ചാനലുകളുടെയും നവമാധ്യമങ്ങളുടെയും തള്ളിക്കയറ്റത്തിനിടയിലും ഓഫ് ചെയ്തുവെക്കാനാകാത്ത ഗൃഹാതുരതയായി റേഡിയോ മലയാളിയെ പിന്തുടരുകയാണ്.

 ഇന്ത്യയില്‍ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത് 1927 ല്‍ രണ്ടു സ്വകാര്യ പ്രക്ഷേപണ ഉപകരണങ്ങളുടെ സഹായത്തോടു കൂടെയാണ്. കല്‍ക്കത്തയിലും മുംബൈയിലും ആയിരുന്നു ആദ്യത്തെ പ്രക്ഷേപണം. ഈ നിലയങ്ങള്‍ 1930 ല്‍ ദേശസാല്‍കരിക്കുകയും, ഇന്ത്യാ പ്രക്ഷേപണ നിലയം (India Broadcasting Service) എന്ന പേരില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1936 ല്‍ അഖിലേന്ത്യാ റേഡിയോ എന്ന പേര് സ്വീകരിച്ചു. 1957ല്‍ ഔദ്യോഗിക നാമം’ആകാശവാണി’എന്നാക്കിയെങ്കിലും ഇന്നും ജനകീയമായ പേര് ‘അഖിലേന്ത്യാ റേഡിയോ’എന്നു തന്നെയാണ്. ഇന്ത്യയുടെ ഏറ്റവും വിദൂരമേഖലകളില്‍ പോലും എത്താന്‍ സാധിക്കുന്നതും, ഏറ്റവും കൂടുതല്‍ പ്രചാരമുള്ളതുമായമാധ്യമവും അഖിലേന്ത്യാ റേഡിയോ തന്നെ.

സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യയില്‍ ആറു റേഡിയോ സ്‌റ്റേഷനുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചശേഷം രൂപം കൊണ്ട ആദ്യത്തെ റേഡിയോ നിലയം വിജയവാഡ നിലയമാണ്. അതിനുമുന്‍പ് തെലുങ്കു പരിപാടികള്‍ മദ്രാസ് നിലയത്തില്‍ നിന്നുസംപ്രേഷണം ചെയ്യുകയായിരുന്നുപതിവ്. ആകാശവാണി എന്നപേര് ആദ്യം ബാംഗ്ലൂര്‍ നിലയത്തില്‍ നിന്നും കടം കൊണ്ടതാണ്. 200 പ്രക്ഷേപണ കേന്ദ്രങ്ങളിലൂടെ 24ഭാഷകളില്‍ അഖിലെന്ത്യാ റേഡിയോ പ്രക്‌ഷേപണം ചെയ്യപ്പെടുന്നു. ടി വി, എഫ്.എമ് ചാനലുകളുടെ കടന്നുകയറ്റത്തിലും സാധാരണക്കാരന്റെ  മാധ്യമമായി അഖിലേന്ത്യാ റേഡിയോനിലകൊള്ളുന്നു. ഏകാന്തതയിലും പാട്ടായും , നാടകമായും ,വാര്‍ത്തകളായും , അറിവിന്റെയുംആനന്ദത്തിന്റെയും ജാലകങ്ങള്‍ ശബ്ദവീചികളിലൂടെ തുറന്നു തന്നു.

ഇന്ന് നമ്മുടെയെല്ലാം കൈയിലുള്ള മൊബൈലിലൂടെ ഇഷ്ടപ്പെട്ട ഗാനം തൊട്ടെടുക്കാം. എന്നിട്ടും കേരളത്തിലെ റേഡിയോ ശ്രോതാക്കളില്‍ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത് സംഗീതപരിപാടികളാണെന്ന് ആകാശവാണിയുടെ ഓഡിയന്‍സ് റിസര്‍ച് യൂനിറ്റ് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. 43.7 ശതമാനം പേരും ഇഷ്ടപ്പെടുന്നത് സംഗീതപരിപാടികളാണ്. ഇതില്‍തന്നെ ചലച്ചിത്രഗാനങ്ങള്‍ക്കാണ് ഇപ്പോഴും ശ്രോതാക്കള്‍ കൂടുതല്‍ 22.9 ശതമാനം. രണ്ടാംസ്ഥാനത്ത് ശാസ്ത്രീയ സംഗീതമാണ് 12.1 ശതമാനം. 3.6 ശതമാനം ശ്രോതാക്കള്‍ ഭക്തിഗാനങ്ങളും 1.9 ശതമാനം ലളിതസംഗീതവും ആസ്വദിക്കുന്നവരാണ്.

എട്ടോളം വാര്‍ത്തചാനലുകളുള്ള മലയാളത്തില്‍ ആകാശവാണി ശ്രോതാക്കളില്‍ 22.9 ശതമാനംപേര്‍ വാര്‍ത്തകള്‍ കേള്‍ക്കുന്നവരാണ്. മലയാളത്തെ അപേക്ഷിച്ച് ഇംഗ്‌ളീഷ് വാര്‍ത്തകള്‍ക്കാണ് ശ്രോതാക്കള്‍ കൂടുതല്‍ എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. 3.4 ശതമാനംപേര്‍ വീതം മലയാളം പ്രാദേശിക വാര്‍ത്തകളും ഡല്‍ഹിയില്‍നിന്നുള്ള മലയാളം വാര്‍ത്തകളും കേള്‍ക്കുമ്പോള്‍ 9.0 ശതമാനം പേര്‍ കേള്‍ക്കുന്നത് ഇംഗ്‌ളീഷ് വാര്‍ത്തകളാണ്. 3.4 ശതമാനംപേര്‍ ഹിന്ദി വാര്‍ത്തകളും 1.1 ശതമാനം പേര്‍ സംസ്‌കൃത വാര്‍ത്തകളും കേള്‍ക്കുന്നു. 2.4 ശതമാനം പേര്‍ വാര്‍ത്താധിഷ്ഠിത പരിപാടികള്‍ ഇഷ്ടപ്പെടുന്നവരാണ്. ആധികാരികതയും വിശ്വാസ്യതയുമാണ് ആകാശവാണി വാര്‍ത്തകളുടെ ജനപ്രീതി നിലനിര്‍ത്തുന്ന പ്രധാന ഘടകം. ഗ്രാമീണ മേഖലയുമായി ബന്ധപ്പെട്ട പരിപാടികള്‍ കേള്‍ക്കാന്‍ താല്‍പര്യമുള്ളവരാണ് 4.5 ശതമാനം ശ്രോതാക്കള്‍. 1.8 ശതമാനം ശ്രോതാക്കള്‍ നാടകവും 1.4 ശതമാനംപേര്‍ സാഹിത്യ പരിപാടികളും 2.9 ശതമാനംപേര്‍ ചര്‍ച്ച, പ്രഭാഷണം എന്നിവയും ആസ്വദിക്കുന്നവരാണെന്നും പഠനം സൂചിപ്പിക്കുന്നു. ആകാശവാണി നിലയങ്ങളും സ്വകാര്യ എഫ്.എം സ്‌റ്റേഷനുകളും ഉള്‍പ്പെടെ 15ഓളം റേഡിയോ നിലയങ്ങളാണ് കേരളത്തിലുള്ളത്.

 

 

Categories: GENERAL, MUSIC

Related Articles