DCBOOKS
Malayalam News Literature Website

ബുധിനി ഒരു ഇന്ത്യന്‍ പ്രതീകം

നാടിന്റെ ഉന്നമനത്തിനായി വികസനം വേണം, എന്നാല്‍ വിനാശം വേണ്ടെന്ന് സിവിക് ചന്ദ്രന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാം ദിനത്തില്‍ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫുമായുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു ഇപ്രകാരം പറഞ്ഞത്. സാറാ ജോസഫിന്റെ ഏറ്റവും പുതിയ നോവല്‍ ബുധിനിയും അതിലെ കഥാപാത്രങ്ങളും സംവാദത്തില്‍ ചര്‍ച്ചയായി.

മലയാളത്തിലെ പെണ്ണെഴുത്തെന്ന് സാറാ ജോസഫിന്റെ രചനകളെ വിശേഷിപ്പിച്ച സിവിക് ചന്ദ്രന്‍ എണ്‍പതുകളില്‍ ഉരുത്തിരിഞ്ഞുവന്ന അടുക്കള തിരിച്ചുപിടിക്കല്‍ എന്ന ആശയത്തെക്കുറിച്ചും സംസാരിച്ചു. ചര്‍ച്ചയില്‍ ബുധിനി എന്ന നോവലിനെക്കുറിച്ചും ബുധിനിയുടെ രചനയിലേക്കെത്തിയ വഴിയെക്കുറിച്ചും സാറാ ജോസഫ് വിശദീകരിച്ചു. വികസനത്തില്‍ ആരാണ് ബുധിനി എന്നാരാഞ്ഞ സിവിക് ചന്ദ്രന്‍ പിന്നീട് ഇതുതന്നെയാണ് ബുധിനി എന്നും കൂട്ടിച്ചേര്‍ത്തു.

ജാര്‍ഖണ്ഡിലെ ഒരു സന്താള സമൂഹത്തില്‍ ജനിച്ച ബുധിനി 15-ാം വയസ്സില്‍ പഞ്ചേത് അണക്കെട്ടിന്റെ ഉദ്ഘാടനത്തിനെത്തിയ നെഹ്‌റുവിനെ സ്വീകരിക്കാനായി കഴുത്തില്‍ മാലയിട്ടുവെന്നും തിരിച്ച് സ്വന്തം നാട്ടിലെത്തിയ ബുധിനിയെ മറ്റൊരു ഗോത്രത്തില്‍പെട്ടയാളുടെ കഴുത്തില്‍ മാലയിട്ടതിന് അവിടെ നിന്നും പുറത്താക്കിയെന്നുമാണ് കഥ. ചരിത്രസംഭവത്തെ ഒരു നോവലാക്കിയപ്പോള്‍ തന്റെ ഭാവനയും ഇതിനായി ചേര്‍ത്തുവെന്ന് പറഞ്ഞ സാറ ജോസഫ്, ഇതൊരു വെല്ലുവിളിയായിരുന്നുവെന്ന് പറയാതെ പറഞ്ഞു. സന്താള്‍ ആചാരപ്രകാരമുള്ള മനുഷ്യന്‍ പ്രസക്തമല്ലെന്നും മറിച്ച് മണ്ണിരയാണെന്ന് പറഞ്ഞ അവര്‍ ഗോത്രവര്‍ഗ്ഗആചാരങ്ങളും വിവരിച്ചു.

ഒരു ഖണ്ഡികയില്‍ താന്‍ എഴുതിയ ബുധിനിയുടെ കഥ എങ്ങനെ മുപ്പതിലധികം അധ്യായങ്ങളുള്ള നോവലാക്കി മാറ്റിയെന്ന സിവിക് ചന്ദ്രന്റെ ചോദ്യത്തിന് സാറാ ജോസഫ് താന്‍ നടത്തിയ ഗവേഷണങ്ങളെക്കുറിച്ചും അതിനായി ചെയ്ത യാത്രകളെ കുറിച്ചും പ്രതിപാദിച്ചു. ജാര്‍ഖണ്ഡിലേക്ക് താന്‍ നടത്തിയ യാത്രയില്‍ ബുധിനിയുടെ ഒപ്പം നെഹ്‌റുവിനെ സ്വീകരിച്ച റാവണ്‍ മാഞ്ചിയെ സന്ദര്‍ശിച്ചപ്പോള്‍ അവിടെയെല്ലാവരും പട്ടിണിയിലാണെന്നും ഇന്ന് അല്‍ഷിമേഴ്‌സ് ബാധിച്ച റാവണ്‍, നെഹ്‌റു തങ്ങളുടെ ഗ്രാമത്തിന് സൗജന്യ പുനരധിവാസം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അത് നെഹ്‌റുവിനെ ഓര്‍മ്മപ്പെടുത്താന്‍ പറഞ്ഞതായും സാറ ജോസഫ് വിശദീകരിച്ചു.

വികസത്തിന്റെ പേരില്‍ ജനങ്ങള്‍ തങ്ങളുടെ കിടപ്പാടം വിട്ട് പോകേണ്ടി വരുമ്പോള്‍ അവരുടെ പുനരധിവാസം ഒരു വലിയ പ്രശ്‌നമാണെന്നു പറഞ്ഞ സാറ ജോസഫിനോട് അവരെല്ലാം വികസനത്തിന്റെ അഭയാര്‍ത്ഥികളാണ് എന്നായിരുന്നു സിവികിന്റെ മറുപടി.

Comments are closed.