DCBOOKS
Malayalam News Literature Website

‘സ്ത്രീകള്‍ ഇനിയും ഒരുപാട് മലകള്‍ ചവിട്ടാനുണ്ട്’

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ സ്ത്രീകള്‍ മല ചവിട്ടുമ്പോള്‍ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ എഴുത്തുകാരായ ആനന്ദ്, ബി.രാജീവന്‍, സി.എസ്.ചന്ദ്രിക, ഷാജഹാന്‍ മാടമ്പാട്ട് എന്നിവര്‍ സംസാരിച്ചു. കെ.സച്ചിദാനന്ദന്‍ മോഡറേറ്ററായിരുന്നു.

സ്ത്രീകള്‍ ഇനിയും ഒരുപാട് മലകള്‍ ചവിട്ടേണ്ടതുണ്ടെന്ന് എഴുത്തുകാരി സി.എസ്.ചന്ദ്രിക അഭിപ്രായപ്പെട്ടു. കേരള നവോത്ഥാനത്തില്‍ സ്ത്രീകളോട് കാണിച്ചിരുന്ന സമീപനത്തെ എടുത്തുനോക്കുകയാണെങ്കില്‍ കേരളത്തില്‍ നവോത്ഥാനം നടന്നിട്ടില്ല എന്ന് പറയേണ്ടിവരും. പകരം മത-സാമൂഹിക പരിഷ്‌ക്കരണങ്ങളാണ് കൂടുതലും നടന്നിരിക്കുന്നതെന്ന് ഷാജഹാന്‍ മാടമ്പാട്ട് അഭിപ്രായപ്പെട്ടു. മതത്തെ ഇപ്പോള്‍ ‘മദം’ എന്ന് വേണം വായിക്കുവാന്‍. മതങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഫാസിസ്റ്റ് നിലപാടുകളാണ്. ഫാസിസ്റ്റുകള്‍ അക്രമം നടത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടുള്ളതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് ആനന്ദ് വ്യക്തമാക്കി.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ഗാര്‍ഹിക പീഡനത്തെക്കുറിച്ചും, ജാതിയുടെ തുറന്നു പറച്ചിലുകളും അധിക്ഷേപങ്ങളും തുടങ്ങിയവയും ചര്‍ച്ച ചെയ്യപ്പെട്ടു. പ്രേക്ഷകരുമായുള്ള ചര്‍ച്ചക്കൊടുവില്‍ ഇന്ത്യയെ ഫാസിസ്റ്റ് വിരുദ്ധമാക്കാന്‍ ശ്രമിക്കുന്നതിലും നല്ലത് കേരളത്തെ ഇന്ത്യയില്‍നിന്നും രക്ഷിക്കുന്നതാണെന്ന് ഷാജഹാന്‍ മാടമ്പാട്ട് അഭിപ്രായപ്പെട്ടു.

Comments are closed.