DCBOOKS
Malayalam News Literature Website

#KLF 2019 പ്രഗത്ഭരുടെ സാന്നിധ്യത്താല്‍ സമ്പന്നമാകും

ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയ പ്രഗത്ഭരെത്തുന്നു. ലോകരാഷ്ട്രങ്ങളിലെ അറിയപ്പെടുന്ന എഴുത്തുകാരെയും ചിന്തകരെയും കലാകാരന്‍മാരെയും ഉള്‍പ്പെടുത്തി കോഴിക്കോട് കടപ്പുറത്ത് വെച്ച് സംഘടിപ്പിക്കുന്ന സാഹിത്യോത്സവം അക്ഷരാര്‍ത്ഥത്തില്‍ കലയുടെയും സാഹിത്യത്തിന്റെയും മാമാങ്കമാണ് സഹൃദയര്‍ക്കായി ഒരുക്കുക.

സമകാലിക കലാ-രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ സാമൂഹ്യ-രാഷ്ട്രീയ -സാംസ്‌കാരിക മേഖലകളിലെ പ്രഗത്ഭരായ രാമചന്ദ്രഗുഹ, അരുന്ധതി റോയി, ഹര്‍ഷ് മന്ദിര്‍, സ്വാമി അഗ്നിവേശ്, ശശി തരൂര്‍, ജീത് തയ്യില്‍,  മികി ദേശായ്, അനിത നായര്‍, കേകി ദാരുവല്ല, ദേവ്ദത്ത് പട്‌നായിക്, മനു എസ്.പിള്ള, റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍, റസൂല്‍ പൂക്കുട്ടി, ഗൗര്‍ ഗോപാല്‍ദാസ്, അമീഷ് ത്രിപാഠി തുടങ്ങിയവരും കവികള്‍, എഴുത്തുകാര്‍, രാഷ്ട്രീയ ചിന്തകര്‍, കലാകാരന്മാര്‍, കാര്‍ട്ടൂണിസ്റ്റുകള്‍, വിമര്‍ശകര്‍, പരിഭാഷകര്‍, സാമൂഹികപ്രവര്‍ത്തകര്‍, നടന്മാര്‍, നിയമവിദഗ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍, കേരളത്തിലെ മൂന്നുതലമുറയില്‍പ്പെട്ട പത്രപ്രവര്‍ത്തകര്‍ എന്നിവരും ഒത്തുചേരുന്നു. മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.

പുസ്തക പ്രദര്‍ശനം, ഫിലിം ഫെസ്റ്റിവല്‍, ഫോട്ടോ എക്‌സിബിഷന്‍, തുടങ്ങി നിരവധി സാംസ്‌കാരിക പരിപാടികള്‍ കെ.എല്‍.എഫിന്റെ ഭാഗമാണ്. സാഹിത്യോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന ചലച്ചിത്രമേള ക്യുറേറ്റ് ചെയ്യുന്നത് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണും ഫിലിം എഡിറ്ററുമായ ബീനാപോളാണ്.

കലാസാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാമുഖ്യം നല്‍കുന്ന യൂറോപ്പിലെ വെയ്ല്‍സില്‍ നിന്നുള്ള എഴുത്തുകാരും ചിന്തകരുമാണ് കെ.എല്‍.എഫിന്റെ ഇത്തവണത്തെ പ്രധാന അതിഥികള്‍. വെല്‍ഷ് സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരുടെയും കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെയും സജീവസാന്നിദ്ധ്യം കെ.എല്‍.എഫില്‍ ഉടനീളമുണ്ടാകും. കൂടാതെ അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, കാനഡ, സ്‌പെയ്ന്‍, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികളും എത്തുന്നു. ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇത്തവണ മറാത്തി ഭാഷയ്ക്കാണ് കെ.എല്‍.എഫില്‍ പ്രാധാന്യം നല്‍കുന്നത്. നാടകകൃത്തുക്കള്‍, കവികള്‍, നോവലിസ്റ്റുകള്‍, വിമര്‍ശകര്‍, ഗദ്യരചയിതാക്കള്‍, തുടങ്ങി മറാത്തി ഭാഷയിലെ പ്രമുഖരായ 12 എഴുത്തുകാരെയാണ് കെ.എല്‍.എഫ് വേദിയില്‍ പരിചയപ്പെടുത്തുന്നത്. കലയും സംസ്‌കാരവും സാഹിത്യവും ഒന്നിക്കുന്ന സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമൊപ്പം താത്പര്യമുള്ള എല്ലാ സഹൃദയര്‍ക്കും പങ്കുചേരാം.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക്  രജിസ്‌ട്രേഷന്‍  നടത്താവുന്നതാണ്, http://keralaliteraturefestival.com/registration.aspx

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.